പുതിയ ആദായനികുതി ബിൽ അടുത്തയാഴ്‌ച പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം പാർലമെന്‍ററി കമ്മിറ്റി അത് അവലോകനം ചെയ്യുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയത്.
ഇത് തങ്ങളുടെ ജനപ്രിയ പ്രഖ്യാപനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഉയര്‍ന്നുവന്ന ഒരുപ്രധാന ചോദ്യമാണ് എന്തായിരിക്കും പുതിയ ആദായ നികുതി ബില്‍ എന്നത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള ആദായ നികുതി നിയമത്തിന് പകരമായാണ് പുതിയ ആദായ നികുതി ബിൽ കൊണ്ടുവരുന്നതെന്നും അടുത്തയാഴ്‌ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
എന്താണ് പുതിയ ആദായ നികുതി ബില്‍?
1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിന് പകരമായി അവതരിപ്പിക്കുന്ന പുതിയ ആദായനികുതി ബില്ലിന് വെള്ളിയാഴ്‌ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ജൂലൈയിൽ 2024 ലെ കേന്ദ്ര ബജറ്റിന് ശേഷമാണ് ആദായ നികുതി നിയമം പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം വന്നത്. നിലവിലെ ആദായ നികുതി ബില്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മനസിലാക്കിയെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതു പരിഹരിക്കാനാണ് പ്രധാനമായും പുതിയ ബില്‍ അവതരിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദായനികുതി നിയമങ്ങൾ ലളിതമാക്കുക, അവയെ കൂടുതൽ സംക്ഷിപ്‌തവും മനസിലാക്കാൻ എളുപ്പവുമാക്കുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നികുതിദായകർക്ക് വ്യവസ്ഥകൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കും ഇത്. നികുതിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും വ്യവസ്ഥകള്‍ ലളിതാമാക്കുന്നതിലൂടെ പരിഹരിക്കപ്പെടും.
ആദായനികുതി ഇ-ഫയലിങ് പോർട്ടൽ വഴി സാധാരണക്കാര്‍ക്കും പുതിയ ബില്ലുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ നല്‍കാൻ സാധിക്കും. ആദായ നികുതി ബില്‍ ലളിതമാക്കുന്നതിലൂടെ പിശകുകൾ കുറയ്ക്കുന്നതിനും നികുതിദായകർക്കിടയിൽ നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആദായനികുതി ബില്ലിന്‍റെ സവിശേഷതകൾ അറിയാം
- പുതിയ നികുതികളില്ല: പുതിയ ആദായനികുതി ബിൽ പുതിയ നികുതികളൊന്നും അവതരിപ്പിക്കില്ല, നിലവിലുള്ള നികുതി നിയമങ്ങൾ ലളിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
- ലളിതമായ നിയമനിർമ്മാണം: അനാവശ്യമായ വ്യവസ്ഥകൾ ഒഴിവാക്കുന്നതിലൂടെയും അവ്യക്തത കുറയ്ക്കുന്നതിലൂടെയും പുതിയ നിയമം ലളിതമായിരിക്കും.
- ഏതൊരു സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന ഭാഷ: നിയമ ഭാഷ കൂടുതൽ പ്രാപ്യമാക്കും, നികുതിദായകർക്ക് വ്യവസ്ഥകൾ സങ്കീർണതയില്ലാതെ മനസിലാക്കാൻ കഴിയുമെന്ന് ഉറപ്പാക്കും.
- വ്യവഹാരങ്ങൾ കുറയ്ക്കൽ: കാലഹരണപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കുന്നതിലൂടെ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയും, നികുതിയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളും കുറയും
- കുറഞ്ഞ പിഴകൾ: നികുതിയുമായി ബന്ധപ്പെട്ട് ഇനി കുറഞ്ഞ പിഴകൾ മാത്രം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടായേക്കാം, ഇത് നികുതി സമ്പ്രദായത്തെ നികുതിദായകർക്ക് അനുകൂലമാക്കുന്നു.
ഇത് നിങ്ങളെ എങ്ങനെ ബാധിക്കും?
- ശമ്പളക്കാരായ വ്യക്തികൾ: ഇനി നികുതി ഫയലിങ് എളുപ്പമാക്കും, മധ്യവർഗത്തിന് കുറഞ്ഞ നികുതി ഉണ്ടാകുകയുള്ളൂ
- ബിസിനസുകൾ: നിയമപരമായ തടസങ്ങള്‍ കുറയും, നികുതി ഫയലിങ് കൂടുതല്‍ കാര്യക്ഷമമാക്കും