ന്യൂഡൽഹി: ഇക്കഴിഞ്ഞ ന്യൂഡൽഹി തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പൊലീസ് കോൺസ്‌റ്റബിളിനെ സസ്‌പെൻഡ് ചെയ്‌തു . ന്യൂദൽഹി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച പങ്കജ് ശർമയ്ക്കാണ് സസ്‌പെന്‍ഷന്‍. സർവീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
ആം ആദ്‌മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാളും ബിജെപിയുടെ പർവേഷ് ശർമയും അടക്കമുള്ളവരായിരുന്നു പങ്കജിന്‍റെ എതിർ സ്ഥാനാർഥികൾ. എന്നാൽ ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പങ്കജ് ശർമ കേവലം 9 വോട്ടുകൾ മാത്രമാണ് നേടിയത്. ബിജെപിയുടെ പർവേഷ് ശർമയാണ് ഇവിടെനിന്ന് വിജയിച്ചത്.
പ്രഥമദൃഷ്‌ട്യാ അച്ചടക്ക ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ വി ഹരേശ്വർ സ്വാമിയാണ് പങ്കജിനെ സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഷൻ കൂടാതെ അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹി പൊലീസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഡ്യൂട്ടിയിലുള്ള ഒരു പൊലീസുകാരൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് പങ്കജി വകുപ്പിനെ അറിയിച്ചിരുന്നില്ല. സർവീസ് ചട്ടങ്ങൾ പ്രകാരം ഇത് നിഷിദ്ധമാണ്.
അതേസമയം, ദേശീയ തലസ്ഥാനത്തെ വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന സ്ഥിതി മെച്ചപ്പെടുത്തുന്നതിനായാണ് താന്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് പങ്കജ് പറഞ്ഞു. റിപ്പബ്ലിക് ദിന ഡ്യൂട്ടിക്കുശേഷം, ഇക്കാര്യം വകുപ്പിനെ രേഖാമൂലം അറിയിച്ചതായും അതിൽ ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സസ്‌പെന്‍ഷന്‍ ലഭിച്ചതിനുപിന്നാലെ വകുപ്പിന്‍റെ അടുത്ത നീക്കം എന്താകുമെന്ന് അറിയില്ലെന്നായിരുന്നു പങ്കജിന്‍റെ പ്രതികരണം. താന്‍ പൊതുസേവനവുമായി മാത്രം ബന്ധപ്പെട്ടിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പങ്കജ് പറഞ്ഞു.
2003 ൽ ശർമ്മ ഡൽഹി പൊലീസിൽ ചേർന്നത്. എട്ട് വർഷം സ്‌പെഷ്യൽ സെല്ലിൽ ജോലി ചെയ്‌തു. ഡൽഹിയിലെ ലക്ഷ്‌മി നഗർ പ്രദേശത്ത് ഭാര്യ, മകൻ, മകൾ എന്നിവരോടൊപ്പമാണ് പങ്കജ് താമസിക്കുന്നത്.