എറണാകുളം: കൊച്ചിയിൽ നടുറോഡിൽ കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവതിയും സുഹൃത്തും. പാലാരിവട്ടം സംസ്‌കാര ജങ്‌ഷനില്‍ ഇന്ന് പുലർച്ചെ 12.15 ഓടെയായിരുന്നു സംഭവം. പാലാരിവട്ടം സ്വദേശി പ്രവീണും സുഹൃത്തായ കോഴിക്കോട് സ്വദേശി റെസ്‌ലിയും ചേർന്നായിരുന്നു പരാക്രമം നടത്തിയത്.
ഇരുവരും ചേർന്ന് വഴി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നെത്തിയ പൊലീസ് സംഘം പ്രവീണിനെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി. ഇതോടെ ഇരുവരും പൊലീസിനെതിരെ തിരിഞ്ഞു.
തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവീൺ ബഹളം വച്ചതോടെ സുഹൃത്ത് റെസ്‌ലിയും പൊലീസിനെ ആക്രമിച്ചു. ഇരുവരും ചേര്‍ന്ന് പൊലീസ് വാഹനത്തിന്‍റെ ചില്ല് അടിച്ചു തകർത്തു. ഇതേ തുടർന്ന് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റെസ്‌ലിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
ഇരുവരും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യ പരിശോധന ഉൾപ്പടെ നടത്തിയ പ്രതികളെ ഇന്ന് (ഫെബ്രുവരി 13) കോടതിയില്‍ ഹാജരാക്കും. കത്തിയുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനും പൊലീസിനെ ആക്രമിച്ചതിനും വാഹനം അടിച്ച് തകര്‍ത്തതിനുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.
Also Read: വയനാട്ടിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികളെ തിരിച്ചറിഞ്ഞു