ഇടുക്കി: വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ പത്ത് കർമ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വനംവകുപ്പ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാട്ടാന ആക്രമണത്തിൽ തുടർച്ചയായി ജീവാപായമുണ്ടായ സാഹചര്യത്തിലാണ് നടപടി. വന്യജീവി ആക്രമണം രൂക്ഷമായ ഇടുക്കിക്കും സംസ്ഥാനത്തിനും പുതിയ തീരുമാനങ്ങൾ ആശ്വാസമാകുമെന്ന് അധികൃതർ പറഞ്ഞു.
വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ തുടർച്ചയായി നിരീക്ഷിക്കൽ, സന്നദ്ധ പ്രതികരണ സേന രൂപീകരിക്കൽ, പരമ്പരാഗത അറിവുകൾ ഉപയോഗപ്പെടുത്തൽ, ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളിൽ തന്നെ ഉറപ്പുവരുത്തൽ, നാടൻ കുരങ്ങുകളുടെ ശല്യം തടയൽ, കാട്ടുപന്നിയുടെ ശല്യം തടയൽ, പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കാൻ, മനുഷ്യ-വന്യമൃഗ സംഘർഷം തടയുന്നതിനുള്ള ഗവേഷണം, പഠനം, സൗരോർജ്ജ വേലികൾ സ്ഥാപിക്കൽ, ജനങ്ങൾക്ക് അവബോധം നൽകൽ എന്നിവയാണ് പത്തിനം പദ്ധതികൾ.
വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാടുപിടിച്ച് കിടക്കുന്ന എസ്‌റ്റേറ്റുകളുടെ ഉടമകൾക്ക് അടിയന്തരമായി കാട് നീക്കം ചെയ്യാൻ നോട്ടീസ് നൽകാൻ തീരുമാനിച്ചു. വനത്തിലൂടെ കടന്നുപോകുന്ന റോഡുകൾക്കിരുവശവും അടിക്കാടുകൾ വെട്ടിത്തെളിക്കാനും നിർദേശം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വേനൽക്കാലത്ത് വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്ത് താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തുന്നതിന് യോഗത്തിൽ തീരുമാനിച്ചു. ജനവാസ മേഖലകൾക്ക് അരികിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയൽ ടൈം മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തും.
സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന 28 റാപിഡ് റെസ്പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ച പ്രൊപ്പോസലിന്മേൽ അടിയന്തരമായി തുടർ നടപടികളെടുക്കും.
വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളിൽ രാത്രിയാത്ര നടത്തുന്നവർക്ക് ജാഗ്രതാ നിർദേശം നൽകും. സ്ഥിരം സഞ്ചാരപാതകൾ തുടർച്ചയായി നിരീക്ഷിക്കും. സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുകയും വന്യമൃഗങ്ങളുടെ നീക്കം മുൻകൂട്ടിയറിഞ്ഞ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.