ഖുന്തി: ജാര്‍ഖണ്ഡിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള റസിഡന്‍ഷ്യന്‍ വിദ്യാലയമായ കസ്‌തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ പതിനെട്ട് പെണ്‍കുട്ടികള്‍ക്ക് ജെഇഇ മെയിന്‍ പരീക്ഷയില്‍ മിന്നും വിജയം. കൃത്യമായ പരിശീലനവും കഠിനാദ്ധ്വാനവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും തങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാകുമെന്നതിന്‍റെ തെളിവാണ് തലസ്ഥാന നഗരമായ റാഞ്ചിക്ക് സമീപമുള്ള വിദ്യാലയത്തിലെ ഈ പെണ്‍കുട്ടികളുടെ വിജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തില്‍ നിന്ന് ഇത്രയും പെണ്‍കുട്ടികള്‍ ഈ വിജയം നേടുന്നത്. ജില്ലാ ഭരണകൂടം അടക്കം ഇവരെ അഭിനന്ദിച്ച് രംഗത്ത് എത്തി. പരിമിതമായ സൗകര്യങ്ങളുപയോഗിച്ചായിരുന്നു ഇവരുടെ പരിശീലനങ്ങളെന്ന് ജില്ലാ കളക്‌ടര്‍ ലോകേഷ് മിശ്ര പറഞ്ഞു.
'സമ്പൂര്‍ണ ശിക്ഷാ കവച്' എന്ന പരിപാടിയിലൂടെയാണ് ഈ കുട്ടികള്‍ക്ക് വേണ്ട പിന്തുണയും വിദ്യാഭ്യാസവും പരിശീലനവും നല്‍കിയതെന്നും കളക്‌ടര്‍ വ്യക്തമാക്കി. ഇതിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പരിശീലനം അടക്കം ലഭ്യമാക്കി.
ഗ്രാമീണ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ചിരിക്കുന് ഫലമാണിത്. ഇത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രചോദനമാകുമെന്നും മിശ്ര ചൂണ്ടിക്കാട്ടി. ഭാവിയിലും കുട്ടികള്‍ക്ക് ഇത്തരം പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മഹിമ കുമാരി, ദിവ്യകുമാരി, ഗുഞ്ജകുമാരി, ജാമ്പി തൂത്തി, പ്രമീള തൂത്തി, ആര്‍തി കുമാരി, ഇഷ കുമാരി, അകാന്‍ഷ കുമാരി, ലീലാ കുമാരി, ജയന്തി കുമാരി, പ്രിയാന്‍ഷി കുമാരി, പ്രിയങ്ക കുമാരി, ആര്‍ചി സംഗ, ലളിത പൂര്‍ത്തി, അമിക കുമാരി, അന്തകുമാരി, അര്‍ച്ചന കുമാരി എന്നിവരാണ് ജെഇഇ മെയിന്‍ പരീക്ഷ പാസായത്.
2023ല്‍ ഇതേ വിദ്യാലയത്തില്‍ നിന്ന് പത്ത് പെണ്‍കുട്ടികള്‍ക്ക് ജെഇഇ മെയിന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയിരുന്നു. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തിന് വിദ്യാലയം നല്‍കുന്ന പ്രാധാന്യമാണ് ഈ വിജയങ്ങള്‍ എടുത്ത് കാട്ടുന്നതെന്ന് ഒരു അധ്യാപിക ചൂണ്ടിക്കാട്ടി.
എന്‍ഐടികള്‍, ഐഐടികള്‍, മറ്റ് പ്രധാന എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി നടത്തുന്ന പരീക്ഷയാണ് ജെഇഇ. ജനുവരി 22, 23, 24, 28, 29 തീയതികളിലായാണ് പരീക്ഷ നടത്തിയത്. പതിനാല് കുട്ടികള്‍ നൂറ് ശതമാനം മാര്‍ക്ക് നേടി.
13,11,544 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌തിരുന്നെങ്കിലും 12,58,136 പേരാണ് പരീക്ഷയ്ക്ക് ഹാജരായത്. ജെഇഇ മെയിന്‍റെ രണ്ടാം ഘട്ട പരീക്ഷ ഏപ്രില്‍ ഒന്നുമുതല്‍ എട്ട് വരെ നടക്കും. ആദ്യഘട്ടത്തിലെ മാര്‍ക്കില്‍ തൃപ്‌തരല്ലാത്തവര്‍ക്ക് രണ്ടാംഘട്ട പരീക്ഷ എഴുതാം. രണ്ടില്‍ ഏറ്റവും മികച്ച സ്‌കോറാകും അന്തിമ റാങ്ക് പട്ടികയ്ക്ക് വേണ്ടി പരിഗണിക്കുക. 2.5 ലക്ഷം കുട്ടികളാണ് യോഗ്യത നേടിയിട്ടുള്ളത്.