കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ബീന (51), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), രാജന്‍ (66), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സല (60), പത്മാവതി (68), വാസുദേവ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത് (42), മല്ലിക (62), ശാന്ത (58), നാരായണ ശര്‍മ (56), പ്രണവ് (25), അന്‍വി (10), കല്യാണി (77), പത്മനാഭന്‍ (76), അഭിഷ (27), അനുഷ (23) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.
"ആനകൾ ഇടഞ്ഞത് എഴുന്നള്ളത്തിനിടെ"
എഴുന്നള്ളത്തിനിടെയാണ് രണ്ട് ആനകൾ ഇടഞ്ഞതെന്ന് ക്ഷേത്രകാര്യ കമ്മറ്റി മെമ്പർ ഷനിത്ത് പറഞ്ഞു. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകൾ വിരണ്ടോടി. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടായിരുന്നു സ്ത്രീകള്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇടഞ്ഞോടുന്നതിനിടെ ക്ഷേത്രത്തിലെ കെട്ടിടം ആനകള്‍ കുത്തിമറിച്ചിരുന്നു. ഇതോടെ സമീപത്ത് നിന്നവരുടെ ശരീരത്തിലേക്കടക്കം കെട്ടിടം മറിഞ്ഞു വീണു. കെട്ടിടത്തിന് അകത്തും പുറത്തും നിന്നവര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റതെന്നും അതിൽ ഗുരുതരമായി പരിക്കേറ്റാണ് രാജൻ മരിച്ചതെന്നും ഷനിത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
ദൃക്‌സാക്ഷി പറയുന്നതിങ്ങനെ...
വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. പടക്കം പൊട്ടുന്ന ശബ്‌ദം കേട്ടപ്പോള്‍ രണ്ട് ആനകള്‍ വിരണ്ടോടുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ ജയേഷ് പറഞ്ഞു. ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. അനയുടെ സമീപത്ത് നിന്നും പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരണ്ടോടുകയായിരുന്നു. തൊട്ടടുത്ത പ്രദേശത്തേക്ക് ഓടിയ ആനകളെ മണിക്കൂറുകൾ കഴിഞ്ഞാണ് തളച്ചതെന്നും ജയേഷ് പറഞ്ഞു.
അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഉത്തരവിട്ട് കലക്‌ടര്‍
അതേസമയം അപകടത്തില്‍ അടയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്‌ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും (സോഷ്യൽ ഫോറസ്ട്രി) വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിൻ്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ക്ഷേത്രത്തിലെ ഉത്സവം അനുമതിയോടുകൂടിയാണ് നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. റവന്യൂ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ ദരന്തത്തില്‍ മരിച്ചവരോടുളള ആദര സൂചകമായി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ വെളളിയാഴ്‌ച ഹർത്താലാചരിക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. 17, 18 വാര്‍ഡുകളിലും 25 മുതൽ 31 വരെയുള്ള വാര്‍ഡുകളിലുമാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.