ലഖ്‌നൗ: പശുക്കളെ സംരക്ഷിക്കുന്നതിനുള്ള മുഖ്യമന്ത്രി സഹ്ഭാഗിതാ യോജന പദ്ധതി പ്രകാരം അലവൻസ് വര്‍ധിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓരോ പശുവിന്‍റെയും ദൈനംദിന പരിപാലന ചെലവിനായുള്ള അലവൻസ് 30 രൂപയിൽ നിന്ന് 50 രൂപയായി ബിജെപി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പശുക്കളുടെ ക്ഷേമത്തിനും കന്നുകാലികളെ പരിപാലിച്ച് ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അലവൻസ് കൂട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പിന്‍റെ യോഗത്തിന് ശേഷം ക്ഷീര വികസന മന്ത്രി ധരംപാൽ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സഹ്ഭാഗിതാ പദ്ധതി പ്രകാരം ആകെ 1,62,625പശുക്കളെ 1,05,139 ഗുണഭോക്താക്കൾക്ക് കൈമാറിയതായും ഓരോ കുടുംബത്തിനും നാല് പശുക്കളെ വരെ ദത്തെടുക്കാൻ അർഹതയുണ്ടെന്നും ഒരു പ്രസ്‌താവനയില്‍ വ്യക്തമാക്കി.
പശു സംരക്ഷണത്തിലും സാമ്പത്തിക സ്വാശ്രയത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും
പശു സംരക്ഷണത്തിലും സാമ്പത്തിക സ്വാശ്രയത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗത്തില്‍ വ്യക്തമാക്കി. പാൽ ഉൽപാദനം വർധിപ്പിക്കുക, ചാണകത്തിന്‍റെയും ഗോമൂത്രത്തിന്‍റെയും വാണിജ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന ഗോസംരക്ഷണത്തിനായുള്ള വിശദമായ പദ്ധതി യോഗം എടുത്തുകാട്ടി. പശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കായി ഒരു പ്രത്യേക പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കൃഷി വകുപ്പുമായി സഹകരിച്ച് മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കും. കമ്പോസ്റ്റിങ്ങിനായി ഈ യൂണിറ്റുകൾ മണ്ണിരകളെ ഉത്പാദിപ്പിക്കും. സംസ്ഥാനത്ത് നിലവിൽ 7,713 ഷെൽട്ടറുകളിലായി 12 ലക്ഷത്തിലധികം പശുക്കളെ പരിപാലിക്കുന്നുണ്ട്. കൂടാതെ, പശു സംരക്ഷണത്തിനായി 543 വലിയ കേന്ദ്രങ്ങളുടെ നിർമാണത്തിനും അംഗീകാരം ലഭിച്ചു.
ഒരു യൂണിറ്റിന് ചെലവ് 120 ലക്ഷം രൂപയിൽ നിന്ന് 160.12 ലക്ഷം രൂപയായി വർധിപ്പിച്ചു. പശു സംരക്ഷണ കേന്ദ്രങ്ങളുടെ സുരക്ഷ വർധിപ്പിക്കും, ഇതിനായി കന്നുകാലികളിൽ റേഡിയം ബെൽറ്റുകൾ ഘടിപ്പിക്കും, പശു സംരക്ഷണ ഫണ്ട് ഉപയോഗിച്ച് പശു സംരക്ഷണ കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
പശു, കന്നുകാലി വളർത്തൽ ഇനി സ്‌കൂൾ പാഠ്യപദ്ധതിയിൽ
പശു, കന്നുകാലി വളർത്തൽ വിഷയങ്ങൾ സ്‌കൂള്‍ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതും യുപി സർക്കാർ പരിഗണിക്കുന്നുണ്ട്. കന്നുകാലികളുടെയും പാലിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
പശുക്കളുടെയും പാൽ ഉൽപന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് യുവ തലമുറക്കിടയില്‍ അവബോധം വളർത്തിയെടുക്കും. പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ചെറുപ്പം മുതലേ കന്നുകാലി പരിപാലനത്തോടുള്ള ആഴമായ വിലമതിപ്പ് കുട്ടികള്‍ക്കിടയില്‍ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
Also Read: കടുവ സംരക്ഷണ നിയമം കാറ്റിൽ പറത്തി വ്യാപക വേട്ട... ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാതെ അധികൃതർ