കൊല്ലം: ചെങ്കൊടിയും ചുവന്ന തോരണങ്ങളുമായി നൂറിലധികം ബോട്ടുകൾ അണിനിരന്ന കടൽ സംരക്ഷണ ശൃംഖല ആവേശ ചെങ്കടലായി. നീണ്ടകര ഹാർബറിൽ നിന്ന് പുറപ്പെട്ട 'ദേവയാനം' ബോട്ടിൽ ഉൾക്കടലിലേക്ക് പോകുമ്പോൾ അത്ഭുതവും ആവേശവുമായിരുന്നു എല്ലാവരുടെയും മുഖത്ത് അലയടിച്ചത്. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 40 ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. തൊട്ടുപിറകെ വരിവരിയായി 10ഓളം ബോട്ടുകൾ അകമ്പടിയായി. നീണ്ടകരയിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ കൊല്ലം ബീച്ചിന് സമീപമെത്തിയാണ് തൊഴിലാളികൾ കടൽ സംരക്ഷണ ശൃംഖല തീർത്തത്.
മത്സ്യബന്ധനയാനത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ഇരിപ്പിടങ്ങളും മാധ്യമപ്രവർത്തകർക്കുള്ള സ്ഥലവും ഒരുക്കിയിരുന്നത്. കുട്ടികളും വിട്ടമ്മമാരും വയോധികരും ഉൾപ്പെടെ നൂറുകണക്കിനുപേരാണ് യോഗം നടക്കുന്ന ബോട്ടിന് സമീപമെത്തി പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ജീവിതത്തെ ബാധിക്കുന്ന പ്രതിസന്ധിക്കെതിരെ സംരക്ഷണ കവചം ഒരുക്കുന്നതിനുള്ള പോരാട്ടത്തിന്‍റെ ഭാഗമായാണ് തങ്ങളും അണിനിരന്നതെന്ന് വീട്ടമ്മമാർ പറഞ്ഞു. ചെഞ്ചോര ചുമപ്പിൽ മറയുന്ന സായാഹ്നസുര്യനെ സാക്ഷിയാക്കി സമരത്തിൽ പങ്കെടുത്തവരെല്ലാം തിരികെ തീരത്തേക്ക് എത്തുമ്പോൾ കീഴടങ്ങാത്ത സമരപോരാട്ടത്തിൻ്റെ പുതുചരിത്രം രചിച്ചാണ് മടങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയന്ത്രണമില്ലാതെ കടൽ വിഭവങ്ങൾ കോർപറേറ്റുകൾക്ക് ചുഷണം ചെയ്യാൻ അവസരമൊരുക്കുന്നതെന്ന് വ്യാപക വിമർശനമുയരുന്ന പദ്ധതിക്കെതിരെ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ, സിഐടിയുവിൻ്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ 500 ഓളം മീൻപിടിത്ത യാനങ്ങളാണ് കൊല്ലം തീരക്കടലിൽ അണിനിരന്നത്. കൊല്ലം കടപ്പുറം, നീണ്ടകര, അഴീക്കൽ, പുത്തൻതുറ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3000 ത്തിൽപ്പരം മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിന്‍റെ ഭാഗമായി.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്‌തത്. കൊല്ലം തീരത്തെയും തീരദേശത്തെയും കടൽക്കൊള്ളക്കാർക്ക് വിറ്റ് തുലച്ച് മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നയമാണ് ഖനന നിയമത്തിലൂടെ മോദി സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിൻ്റേത് കുത്തക മുതലാളിമാർക്ക് അടിയറവ് വച്ച ഭരണമാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
അൺലോക്ക് ബ്ലൂ ഇക്കോണമി പ്രോഗ്രാമിന് 'കീഴിലാണ് സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. 50 വർഷത്തേക്ക് ഖനനം നടത്തുന്നതിന് വേണ്ടി സ്വകാര്യ കമ്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. മത്സ്യ മേഖലയ്ക്കും തീരദേശ പരിസ്ഥിതിക്കും ഗുരുതര ആഘാതം ഉണ്ടാക്കുന്ന ആഴക്കടൽ ഖനനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഇടതുപക്ഷം ഉയർത്തുന്നുണ്ട്. സ്വകാര്യ കമ്പനികൾക്ക് വേണ്ടി മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നിയമം എന്ത് വിലകൊടുത്തും തടയുമെന്നും എംഎ ബേബി വ്യക്തമാക്കി.
മത്സ്യ ഫെഡ് ചെയർമാൻ ടി മനോഹരൻ അധ്യക്ഷനായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് ജെ മേഴ്‌സികുട്ടിഅമ്മ, മത്സ്യ ത്തൊഴിലാളി അഖിലേന്ത്യ നേതാവ് കൂട്ടായി ബഷീർ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ, ചിന്ത ജെറോം, സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, പ്രസിഡന്‍റ് ബി തുളസിധരക്കുറുപ്പ്, അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്‍റ് എം നസീർ, പിബി സത്യദേവൻ, എച്ച് ബേസിൽ ലാൽ, എ അനിരുദ്ധൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Also Read: ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരെ ഭരണപ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കണം; സജി ചെറിയാന്‍