കോട്ടയം: കോട്ടയം ഗവണ്‍മെന്‍റ് നഴ്‌സിങ് കോളജില്‍ കൂടുതൽ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എസ്‌പി ഷാഹുല്‍ ഹമീദ്. വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായ സംഭവം ഗൗരവമായാണ് കാണുന്നതെന്ന് എസ് പി വ്യക്തമാക്കി.
'വാർഡൻ്റെയും പ്രിൻസിപ്പാളിൻ്റെയും മൊഴി രേഖപ്പെടുത്തും. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. രാഹുൽ എന്ന പ്രതി നേരത്തെ നഴ്‌സിങ് സംഘടനയുടെ ഭാരവാഹിയായിരുന്നു. റാഗിങ് ദൃശ്യങ്ങളുടെ ഉറവിടവും ഇവ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കുമെന്നും' എസ്‌പി പറഞ്ഞു.
പ്രതികളുടെ ചോദ്യം ചെയ്യൽ നടത്തി, ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്നും എസ് പി ഷാഹുല്‍ ഹമീദ് പറഞ്ഞു. അതിനിടെ കോട്ടയം ഗവൺമെന്‍റ് നഴ്‌സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്നാം വർഷ വിദ്യാർഥികളായ പ്രതികൾ, ജൂനിയർ വിദ്യാർഥിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തുന്നതും ഡംബലുകള്‍ സ്വകാര്യ ഭാഗത്ത് എടുത്ത് വക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയെന്ന് പൊലീസ്
കേസിൽ കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോളജും ഹോസ്റ്റലും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും. പ്രശ്‌നം പഠിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അഞ്ചംഗ സമിതി കോളജിൽ എത്തി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗാന്ധിനഗർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നും ലഭിച്ച 6 പരാതികളിൽ ഒന്നിൽ മാത്രമാണ് നിലവിൽ പൊലീസ് കേസെടുത്തത്. കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ കൂടുതൽ കേസുകൾ രജിസ്റ്റര്‍ ചെയ്യും. അതേസമയം റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്നു എന്ന കോളജ് അധികൃതരുടെ നിലപാടും പൊലീസ് വിശ്വാസത്തിൽ എടുക്കുന്നില്ല. കുട്ടികൾ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോൾ ഹോസ്റ്റൽ വാർഡൻ പൊലും കേട്ടില്ലെന്ന മൊഴിയും അവിശ്വസീയമാണ്. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിക്കും.
പ്രതികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ക്രൂര പീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് ഫോണിൽ പകർത്തിയത്. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാൽ പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ അഞ്ചംഗ സമിതി സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് കൈമാറും.