കൊല്ലം: പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാമിന്‍റെ കുളത്തൂപ്പുഴ വനമേഖലയോട് ചേർന്നുള്ള എണ്ണപ്പന പ്ലാന്‍റേഷനിലുണ്ടായ തീപിടിത്തതിൽ പത്ത് ഹെക്‌ടറോളം കത്തിനശിച്ചു. ഇന്നലെ (12-02-2025) സന്ധ്യയോടെ പ്ലാന്‍റേഷൻ പ്രദേശത്തെ തീ കെടുത്തിയെങ്കിലും കാട്ടിലേക്ക് തീ പടരുകയാണ്. പുക ശ്വസിച്ച് ശാരീരിക അസ്വാസ്ഥ്യമുണ്ടായ പ്രദേശവാസികളായ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോധപൂർവം തീയിട്ടതാണെന്നും സംശയമുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എണ്ണപ്പന പ്ലാന്‍ഷനില്‍ തീ പടർന്നത്. എണ്ണപ്പനകൾക്ക് ഇടയിൽ കുറ്റിച്ചെടികൾ കാടുപോലെ വളർന്നുകിടക്കുകയായിരുന്നു. വേനൽ കടുത്തതോടെ ഇവയിൽ ഭൂരിഭാഗവും കരിഞ്ഞുണങ്ങി. കാറ്റ് വീശിയതോടെ തീ അടിക്കാടിലേക്ക് ആളിപ്പടരുകയായിരുന്നു.
കടയ്ക്കൽ, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സെത്തി വൈകിട്ട് ആറ് മണിയോടെയാണ് തീ ഒരുപരിധി വരെ കെടുത്തിയത്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടാങ്കർ ലോറിയിൽ നിരവധി തവണ ഫയർഫോഴ്‌സിന് വെള്ളം എത്തിച്ചു നൽകി. എന്നാൽ വനമേഖലയിലേക്ക് പടർന്ന തീ നിയന്ത്രിക്കാനായിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ട് വർഷം മുമ്പ് 1500 ഓളം പുതിയ എണ്ണപ്പന തൈകൾ നട്ട പ്രദേശത്താണ് തീപിടിത്തമുണ്ടായത്. അടിക്കാട് വെട്ടിത്തെളിക്കാഞ്ഞതിന് പുറമേ ഇവിടെ നിന്ന് പഴയ എണ്ണപ്പനകൾ മുറിച്ചു നീക്കിയിരുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഓയിൽ പാം അധികൃതർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. കൃത്യമായ നഷ്‌ടം കണക്കാക്കി വരുന്നതേയുള്ളൂ എന്ന് ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ രാജേന്ദ്രൻ വ്യക്തമാക്കി.