കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബ്‌ദുല്‍ റഹീമിന്‍റെ മോചനം ഇനിയും വൈകും. എട്ടാം സിറ്റിംഗിലും സൗദി കോടതി കേസ് മാറ്റിവച്ചു. ഗവർണറേറ്റിൽ നിന്നുള്ള മോചന ഉത്തരവിൽ വ്യക്തത വരാത്തതു കൊണ്ടാണ് കേസ് മാറ്റിയതെന്നാണ് പുറത്ത് വരുന്ന വിവരം. നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേസിലെ അന്തിമ വിധിയും മോചന ഉത്തരവുമാണ് കുടുംബം പ്രതീക്ഷിക്കുന്നത്. 2024 ജൂലായ് രണ്ടിന് അബ്‌ദുൽ റഹീമിന്‍റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പൊതുകുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും റഹീം ജയിൽ മോചിതനാകുക. നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കേസ് പരിഗണിച്ചെങ്കിലും മാറ്റി മാറ്റി പോകുകയായിരുന്നു.
സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിൽ 2006 ഡിസംബർ 26നാണ് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്‍റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.
മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഒടുവിൽ അത് എട്ടാം തവണയും പിന്നിട്ടിരിക്കുകയാണ്.