ബീജാപൂർ : നക്‌സല്‍ ആക്രമണത്തില്‍ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ (എസ്‌ടിഎഫ്) രണ്ട് ജവാന്മാർക്ക് ജീവൻ നഷ്‌ടപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. റായ്‌പൂർ സ്വദേശിയായ എസ്‌ടിഎഫ് കോൺസ്റ്റബിള്‍ ഭരത് സാഹു, നാരായൺപൂർ ജില്ലയിൽ നിന്നുള്ള സത്യർ സിങ് കാംഗേ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഛത്തീസ്‌ഗഡിലെ ബീജാപൂർ ജില്ലയിൽ ബുധനാഴ്‌ച രാത്രി നക്‌സലൈറ്റുകൾ ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിച്ചതിനെ തുടർന്നാണ് അപകടം. ബീജാപൂർ-സുക്‌മ-ദന്തേവാഡ ജില്ലകളിലെ വനങ്ങളിൽ നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി, സുരക്ഷാ സേന മടങ്ങുന്നതിനിടെയാണ് ടാറെം മേഖലയിൽ ആക്രമണം ഉണ്ടായത്.
ദർഭ, ബസ്‌തർ ഡിവിഷനുകളിൽ നിന്നുള്ള നക്‌സലൈറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. എസ്‌ടിഎഫ്, ജില്ല റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), എലൈറ്റ് കോബ്രാ യൂണിറ്റ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംയുക്ത സംഘത്തിൽ ഉണ്ടായിരുന്നത്.
സ്‌ഫോടനത്തിൽ നാല് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. അവര്‍ നിലവില്‍ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വൈദ്യസഹായത്തിനായി അവരെ വിമാനത്തിൽ റായ്‌പൂരിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
ALSO READ:ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ 12 നക്‌സലൈറ്റുകൾ കീഴടങ്ങി