തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം 4000 കോടി സംസ്ഥാനത്തിന് ലഭിച്ചു. 2736 കോടി നികുതി വിഹിതവും ഐ ജി എസ് ടി വിഹിതവും ചേര്‍ത്താണ് 4000 കോടി ലഭിച്ചത്. 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറുകയും ചെയ്‌തു.
സര്‍ക്കാരിന് താത്കാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു - കേരള ട്രഷറി
ഓവര്‍ഡ്രാഫ്റ്റ് പരിധിയും കടന്ന് ട്രഷറിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് കരുതിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നികുതി വിഹിതം ലഭിച്ചിരിക്കുന്നത്.
Published : Mar 1, 2024, 6:05 PM IST
പണമെത്തിയതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 28 സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,42,122 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന നികുതി വിഹിതം ലഭിച്ചത്. 25,495 കോടിയാണ് ഉത്തര്‍പ്രദേശിന് ലഭിച്ചത്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇതോടെ താത്കാലിക ആശ്വാസമായി. സാമ്പത്തിക വര്‍ഷാവസാനമായ മാർച്ച് മാസത്തിന്‍ സർക്കാരിന് 25000 കോടിയെങ്കിലും ആവശ്യമാണ്. ഓവര്‍ഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞ് ട്രഷറി പ്രവര്‍ത്തനം പ്രതിസന്ധിയിലായേക്കുമെന്ന ഘട്ടത്തിലാണ് സർക്കാരിന് താത്‌കാലിക ആശ്വാസമെന്ന നിലയിൽ ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചിരിക്കുന്നത്.