ന്യൂഡൽഹി: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും (സിഎപിഎഫ്) അസം റൈഫിൾസിലും (എആർ) ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തിലധികം തസ്‌തികകൾ. രാജ്യസഭയിലാണ് ഇതു സംബന്ധിച്ച കണക്ക് വന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് കണക്ക് പുറത്തുവിട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 30 വരെ സിഎപിഎഫിലും അസം റൈഫിൾസിലുമായി മൊത്തം 9,48,204 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ രണ്ട് വിഭാഗത്തിലായി 71,231 പുതിയ തസ്‌തികകള്‍ ഒഴിവുള്ളതായി മന്ത്രാലയത്തിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒഴിവുകൾ വേഗത്തിൽ നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നിത്യാനന്ദ് റായ് രാജ്യസഭയിൽ പറഞ്ഞു.
വിരമിക്കൽ, രാജി, സ്ഥാനക്കയറ്റം, മരണം, പുതിയ തസ്‌തികകൾ തുടങ്ങിയ കാരണങ്ങളാലാണ് പുതിയ ഒഴിവുകള്‍ ഉണ്ടായിട്ടുള്ളത്. ഒക്‌ടോബർ 30 വരെയുള്ള കണക്കുകൾ പ്രകാരം സിആർപിഎഫിൽ 33,730, സിഐഎസ്എഫിൽ 31,782, ബിഎസ്എഫിൽ 12,808, ഐടിബിപി 9,861, എസ്എസ്ബിയിൽ 8,646, എആറിൽ 3,377 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യുപിഎസ്‌സി, എസ്‌എസ്‌സി പരീക്ഷകളിലൂടെ ഒഴിവുകൾ വേഗത്തിൽ നികത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റിക്രൂട്ട്മെൻ്റ് വേഗത്തിലാക്കാൻ മെഡിക്കൽ പരിശോധനക്ക് എടുക്കുന്ന സമയം കുറക്കുക, കോൺസ്‌റ്റബിൾ-ജി.ഡി തസ്‌തികയിലേക്ക് ഷോർട്ട് ലിസ്‌റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് കട്ട് ഓഫ് മാർക്ക് കുറയ്ക്കുക തുടങ്ങിയ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.