ഷഹ്‌ദോള്‍: ഓജസും തേജസുമുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ കൗമാരക്കാരികള്‍ക്ക് ഉപദേശങ്ങളുമായി മധ്യപ്രദേശിലെ വനിത ഡിഐജി. ഇതിനായി പൗര്‍ണമി ദിവസം ഗര്‍ഭധാരണം നടത്തരുതെന്നുള്‍പ്പെടെയുള്ള ഉപദേശങ്ങളാണ് ഷഹദോള്‍ ഡിഐജി സവിത സൊഹാനെ പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിയത്.
ഒക്‌ടോബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത അന്തരീക്ഷം സൃഷ്‌ടിക്കാനും അവരോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന "മേം ഹൂം അഭിമന്യു" എന്ന പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു സവിതയുടെ ഉപദേശങ്ങള്‍. ഇതിന്‍റെ ദൃശ്യങ്ങള്‍ രണ്ട് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
''നിങ്ങളാണ് പുതുതലമുറയെ ഈ ഭൂമിയിലേക്ക് കൊണ്ടു വരേണ്ടത്. ഇതിനായി നിങ്ങള്‍ എന്ത് തയാറെടുപ്പുകളാണ് നടത്തുന്നത്'?" എന്നാണ് അവിവാഹിതയായ ഡിഐജി കുട്ടികളോട് ചോദിക്കുന്നത്.
''ഇതിനായി നിങ്ങള്‍ ചില തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പൗര്‍ണമി ദിനത്തില്‍ ഗര്‍ഭധാരണം നടത്താതിരിക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. സൂര്യനമസ്‌കാരം നടത്തണം, സൂര്യന് ജലം അര്‍പ്പിച്ച് ഓജസും തേജസുമുള്ള കുഞ്ഞിനെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണം'' സവിത കുട്ടികളോട് പറഞ്ഞു.
താന്‍ ഹിന്ദു പുരാണങ്ങളും മറ്റും വായിക്കാന്‍ ഇഷ്‌ടപ്പെടുന്നുവെന്നും ഹിന്ദു ആത്മീയ നേതാക്കളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്നും താന്‍ പ്രഭാഷണങ്ങള്‍ നടത്താറുണ്ടെന്നുമായിരുന്നു മാധ്യമങ്ങൾ ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ സവിത മറുപടി നല്‍കിയത്. എല്ലാ മാസവും താന്‍ വിദ്യാലയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. 31 വര്‍ഷം മുമ്പ് പൊലീസില്‍ ചേരുന്നതിന് മുമ്പ് സാഗര്‍ ജില്ലയില്‍ ഒരു സര്‍ക്കാര്‍ ഇന്‍റര്‍ കോളജ് വിദ്യാലയത്തില്‍ നാല് വര്‍ഷം താന്‍ ലക്‌ചറര്‍ ആയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആത്മീയ പ്രവര്‍ത്തനങ്ങളിലൂടെ താന്‍ ആര്‍ജ്ജിച്ച അറിവുകള്‍ കുട്ടികള്‍ക്ക് പകരുകയാണ് താന്‍ ചെയ്‌തതെന്നും അവര്‍ വ്യക്തമാക്കി.
ഹിന്ദുമതത്തിലെ പുണ്യസമയമായാണ് പൗര്‍ണമിദിനത്തെ കാണുന്നത്. അത് കൊണ്ടാണ് പൗര്‍ണമിയില്‍ ഗര്‍ഭധാരണം നടത്തരുതെന്ന് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന കാലത്ത് അവരോടുള്ള ആദരവും ബഹുമാനവും വര്‍ദ്ധിപ്പിക്കാനായാണ് താന്‍ ഒന്നരമണിക്കുറിലേറെ നേരം അവരുമായി സംവദിച്ചതെന്നും ഡിഐജി പറഞ്ഞു. തന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏത് സാഹചര്യത്തിലാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നുള്ളത് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ; നിയമം പാസാക്കി തമിഴ്‌നാട്