വയനാട്: കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ച സംഭവത്തിൽ സർവകക്ഷി യോഗം ചേർന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധത്തെ തുടർന്നായിരുന്നു യോഗം. കടുവയെ കൂട് വച്ച് പിടികൂടാന്‍ അനുവദിക്കില്ല, വെടിവച്ചു തന്നെ കൊല്ലണം, പ്രിയദർശിനി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തണം, വിദ്യാർഥികള്‍ക്ക് വാഹന സൗകര്യം ഏർപ്പെടുത്തണം, തൊഴിലാളികള്‍ക്ക് കൂലിയോട് കൂടിയുള്ള അവധി നൽകണം, മരിച്ചയാളുടെ ആശ്രിതരിൽ ഒരാള്‍ക്ക് സ്ഥിര നിയമനം ഉറപ്പാക്കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിൽ സമരക്കാർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അംഗീകരിച്ചു. കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ 6 വാഹനങ്ങള്‍ ഏർപ്പാടാക്കിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷക്കായി അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസും ആർആർടിയും രാത്രി ഉൾപ്പടെ പരിശോധന നടത്തും. 80 അംഗ ആർആർടി സംഘത്തെ പരിശോധയ്ക്ക് നിയോഗിക്കും. രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി 1 മുതൽ താത്കാലിക ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. ബാക്കി നഷ്‌ടപരിഹാര തുക ഉടന്‍ കൈമാറും. കടുവയെ വെടി വയ്ക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും എന്നും എഡിഎം കെ ദേവകി പറഞ്ഞു.
ഇതുവരെ നടത്തിയ സമരത്തിൽ കേസ് ഇല്ല. അടിക്കാട് വെട്ടാനും ഫെൻസിങ് ടെൻഡർ ഉടൻ പൂർത്തിയാക്കാനും പ്രിയദർശിനി എസ്റ്റേറ്റിലെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കടുവയെ ലൊക്കേറ്റ് ചെയ്‌തിട്ടുണ്ടെന്നും ചർച്ച നല്ല രീതിയിൽ നടന്നുവെന്നും നഗരസഭാ വൈസ് പ്രസിഡന്‍റും (കോണ്‍ഗ്രസ്) ജനകീയ മുന്നണി പ്രതിനിധിയുമായ ജേക്കബ് സെബാസ്‌റ്റ്യന്‍ പറഞ്ഞു. നാളെ വനംമന്ത്രിയുമായി കൂടുതൽ ചർച്ച നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു. ചര്‍ച്ച വിജയമായതിന് പിന്നാലെ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു.
Also Read:കേരളത്തിലെ മലയോരഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവകള്‍: 'നര'നായാട്ടുകളുടെ നാൾവഴി