കോട്ട: ഇന്ത്യയിലെ 20 സർവകലാശാലകളിൽ നിന്നായി 32 കോഴ്‌സുകൾ പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട് മുംബൈ റിസർവ് ബാങ്ക് ആസ്ഥാനത്തെ ജനറൽ മാനേജർ ഡോ. അനിൽ കുമാർ യാദവ്. ജനുവരി 24 ന്, കോട്ടയിലെ വർധമാൻ മഹാവീർ ഓപ്പൺ യൂണിവേഴ്‌സിറ്റി (വിഎംഒയു) യില്‍ നിന്ന് പൊലീസ് അഡ്‌മിനിസ്ട്രേഷന്‍ മാസ്‌റ്റേഴ്‌സില്‍ സ്വർണ്ണ മെഡലോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നിരവധി കോഴ്‌സുകളും ബിരുദങ്ങളും നേടിയ അനില്‍ കുമാര്‍ യാദവ് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിട്ടുണ്ട്. ഇതുകൂടാതെ, ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സും (ജിബിഡബ്ല്യുആർ) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും (ഐബിആർ) ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ (ഇഗ്‌നോ) നിന്ന് വിദൂര വിദ്യാഭ്യാസം, എംഎ ഫിലോസഫി, ആന്ത്രോപോളജി എന്നിങ്ങനെ മൂന്ന് ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. വിഎംഒയുവിൽ നിന്ന് പൊലീസ് അഡ്‌മിനിസ്ട്രേഷനിൽ എംഎ, കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഗുവാഹത്തി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേപ്പാളി ഭാഷ, നോർത്ത് ബംഗാൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജി, ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്‌സ്, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രം, ഇഎഫ്‌എൽയുവിൽ നിന്ന് ഇംഗ്ലീഷ്, ബാംഗ്ലൂരിലെ എൻഎൽഎസ്‌ഐയുവിൽ നിന്ന് ബിസിനസ് ലോ, മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഫിൽ, മഹാരാജ അഗ്രസെൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎം, അണ്ണാമലൈയിൽ നിന്ന് എം.കോം, ഐസിഎഫ്‌എഐ ത്രിപുരയിൽ നിന്ന് ചാർട്ടേഡ് ഫിനാൻഷ്യൽ അനലിറ്റിക്‌സ്, മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിയോളജി ആൻഡ് ഇന്‍റര്‍നാഷണൽ റിലേഷൻസ്, ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൻവയോൺമെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ്, ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ, പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ എക്‌സിക്യൂട്ടീവ്, ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ, ഹിമാചൽ പ്രദേശിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജമ്മു കശ്‌മീർ സ്‌റ്റഡീസ് എന്നിങ്ങനെയാണ് അനില്‍ കുമാര്‍ യാദവിന്‍റെ ബിരുദങ്ങളുടെ പട്ടിക.
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസിൽ (IIBF) നിന്ന് 50-ലധികം കോഴ്‌സുകൾ പൂർത്തിയാക്കിയ യാദവ്, ഏറ്റവും കൂടുതൽ ബിരുദങ്ങൾ നേടിയ ഏക ഏഷ്യക്കാരൻ എന്ന റെക്കോർഡ് സൃഷ്‌ടിച്ചിട്ടുണ്ട്. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്‍റ്, സൈക്കോളജി, വിദ്യാഭ്യാസം, സാമ്പത്തിക ശാസ്‌ത്രം, നരവംശശാസ്‌ത്രം, വനിതാ പഠനം, പൊതുഭരണം, മാനേജ്‌മെന്‍റ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മൂന്ന് ബാച്ചിലർ ബിരുദങ്ങളും 32 മാസ്‌റ്റേഴ്‌സുമായി ആകെ 95-ൽ അധികം കോഴ്‌സുകള്‍ പഠിച്ച അനില്‍ കുമാര്‍ സെഞ്ച്വറി അടിക്കാനാണ് ലക്ഷ്യമിടുന്നത്.
സര്‍വീസില്‍ മൂന്നര വർഷം കൂടെയാണ് അനില്‍ കുമാറിന് ബാക്കിയുള്ളത്. വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ പഠനത്തിനായി ഉപയോഗിക്കും. ഉത്തർപ്രദേശിലെ ബസ്‌തി സ്വദേശിയാണ് അനില്‍ കുമാര്‍ യാദവ്. പിതാവ് ബോർഡർ റോഡ് ഓർഗനൈസേഷനിൽ (BRO) ട്രാൻസ്‌ഫറബിൾ ജോലി ആയതിനാല്‍ രാജസ്ഥാനിലെ പിലാനിയിലും സിക്കിമിലുമായാണ് അനില്‍ കുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത് സിക്കിമിൽ കോളജ് പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഗാങ്‌ടോക്കിലെ ഒരു സ്വകാര്യ സ്‌കൂളിൽ രണ്ട് വർഷം പഠിപ്പിച്ചു.
കസ്‌റ്റംസ് വകുപ്പിലായിരുന്നു ആദ്യ ജോലി. ഗാങ്‌ടോക്ക്, കൊൽക്കത്ത, ഡാർജിലിംഗ്, സിലിഗുരി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ അദ്ദേഹത്തെ നിയമിച്ചു. എട്ട് വർഷം സേവനമനുഷ്‌ഠിച്ച ശേഷമാണ് 2000-ൽ ആർബിഐയില്‍ ജോലി ലഭിക്കുന്നത്. ഗുവാഹത്തിയിലായിരുന്നു ആദ്യ പോസ്‌റ്റിങ്.
'എന്‍റെ അച്‌ഛൻ പഠനത്തിന് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് പഠനത്തോട് സ്വാഭാവികമായ ഒരു സ്നേഹം വളർത്തിയെടുക്കാൻ സാധിച്ചു. പിതാവിന് പതിവായി സ്ഥലം മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും ഞങ്ങളെ സിക്കിമിൽ ആക്കിയതിനാല്‍ എന്‍റെ പഠനം തടസപ്പെട്ടില്ല, അങ്ങനെ എനിക്ക് പഠനം തടസ്സമില്ലാതെ തുടരാൻ കഴിഞ്ഞു.
നിരവധി ബിരുദങ്ങൾ നേടിയ ഒരാളെക്കുറിച്ചുള്ള ഒരു മാസികയിലെ വാർത്ത കണ്ടതില്‍ പിന്നെയാണ് അത്തരമൊരു റെക്കോർഡ് സ്ഥാപിക്കണമെന്ന് തോന്നിയത്. അതിനു ശേഷം ഞാൻ ഒന്നിനുപുറകെ ഒന്നായി കോഴ്‌സുകൾ ചെയ്യാന്‍ തുടങ്ങി. ഇഗ്നോയിൽ നിന്ന് ഒരു വേദ കോഴ്‌സ് ചെയ്യുക എന്നതാണ് എന്‍റെ അടുത്ത ആഗ്രഹം. വിദ്യാഭ്യാസം ഒരിക്കലും പാഴാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.' - അനില്‍ കുമാര്‍ യാദവ് പറഞ്ഞു.
സോഷ്യൽ മീഡിയ കുട്ടികളുടെ ശ്രദ്ധ എളുപ്പത്തിൽ തിരിക്കുകയും സമയം പാഴാക്കുകയും ചെയ്യുമെന്ന് യാദവ് അഭിപ്രായപ്പെട്ടു. തന്‍റെ കുട്ടിക്കാലത്ത് ഇതില്ലാതിരുന്നതിനാല്‍ പഠനശീലം വളർത്തിയെടുക്കാൻ സഹായകമായി എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഓഫീസിൽ ധാരാളം ജോലിയും ഉത്തരവാദിത്തങ്ങളുമുണ്ട്. എന്നിരുന്നാലും താൻ പഠനത്തിനായി കുറച്ച് സമയം ചെലവഴിക്കും. രാവിലെയും അവധി ദിവസങ്ങളിലും പഠിനത്തിനായാണ് മാറ്റിവെക്കാറ് എന്നും അനില്‍ കുമാര്‍ യാദവ് പറഞ്ഞു. ഇതിനിടയില്‍ തന്‍റെ വിനോദങ്ങള്‍ക്കും സമയം കണ്ടെത്താറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.