പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'എമ്പുരാന്‍റെ' ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നാളിത്രയും കാലം പ്രേക്ഷകര്‍ കാത്തിരുന്ന ടീസര്‍ പുറത്തിറങ്ങിയതോടെ സിനിമയെ കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിച്ചു. പ്രേക്ഷകര്‍ക്ക് ഇഷ്‌ടമാകുംവിധം എല്ലാ ചേരുവകളും കോര്‍ത്തിണക്കിക്കൊണ്ടുള്ള ചിത്രമാകും 'എമ്പുരാന്‍' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
'എമ്പുരാന്‍' ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സാഹചര്യത്തില്‍ സിനിമയുടെ മൂന്നാം ഭാഗമാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. സിനിമയ്‌ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണിപ്പോള്‍ പൃഥ്വിരാജ്. 'എമ്പുരാന്‍' ടീസര്‍ ലോഞ്ചിലാണ് പൃഥ്വിരാജിന്‍റെ പ്രതികരണം.
മൂന്നാം ഭാഗത്തിന്‍റെ സൂചന നല്‍കിക്കൊണ്ടാണ് 'എമ്പുരാന്‍' അവസാനിക്കുന്നതെന്നും, ചിത്രം വിജയിപ്പിച്ചാല്‍ മൂന്നാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. "എമ്പുരാന്‍ വലിയൊരു വിജയം ആകട്ടെ. പാര്‍ട്ട് ത്രീ ഇതുപോലെ അല്ല. കുറച്ച് വലിയ ചിത്രമാണ്. എമ്പുരാന് വലിയൊരു വിജയം പ്രേക്ഷകര്‍ സമ്മാനിച്ചാലാണ് മൂന്നാം ഭാഗം സംഭവിക്കുക. ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ," പൃഥ്വിരാജ് പറഞ്ഞു.
എമ്പുരാന്‍ തീരുമ്പോള്‍ ഭാഗം 3 ഇല്ലെങ്കില്‍ കഥ പൂര്‍ത്തിയാകില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. "കഥ തീരണ്ടേ. ലൂസിഫര്‍ നിര്‍ത്തിയത് വേണമെങ്കില്‍ പാര്‍ട്ട് 2 ഇല്ലാതിരിക്കാം എന്ന രീതിയിലാണ്. പാര്‍ട്ട് 2 തീരുമ്പോള്‍ പാര്‍ട്ട് 3 ഇല്ലെങ്കില്‍ കഥ പൂര്‍ത്തിയാകില്ല എന്ന വ്യക്‌തമായ പോയിന്‍റാണ്. അയ്യോ ഇതിന്‍റെ കഥ ബാക്കി അറിയണമല്ലോ എന്ന പോയിന്‍റിലാണ് അവസാനിക്കുന്നത്. അത് ചെയ്യാന്‍ കഴിയട്ടെ. അതിന് പ്രേക്ഷകര്‍ നമ്മുക്കൊപ്പം നില്‍ക്കട്ടെ," പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും ടീസര്‍ ലോഞ്ച് വേദിയില്‍ സൂചന നല്‍കിയിരുന്നു. ചടങ്ങില്‍ പൃഥ്വിരാജ് എന്ന സംവിധായകനെ പ്രശംസിക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ 'ലൂസിഫര്‍' മൂന്നാം ഭാഗത്തെ കുറിച്ച് സൂചന നല്‍കിയത്.
പൃഥ്വിരാജ് സിനിമയ്‌ക്കായി 100 ശതമാനം നല്‍കിയെന്നും ദൈവത്തിന്‍റെ കുറച്ച് താഴെ നില്‍ക്കുന്ന ആളാണ് എമ്പുരാന്‍ എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. "ഇനി മൂന്നാമത്തെ ഭാഗത്തിന് എന്ത് പേരാണ് ഇടുകയെന്ന് എനിക്ക് അറിയില്ല. ഏതൊരു സിനിമ തുടങ്ങുമ്പോഴും ഇത് വലിയൊരു ഹിറ്റ് ആയിരിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കും. അതേ പ്രതീക്ഷയോടെ മുന്നോട്ടു പോകുകയാണ്," മോഹന്‍ലാല്‍ പറഞ്ഞു.
താന്‍ സിനിമ ചെയ്യാനുണ്ടായ കാരണം മുരളി ഗോപി ആണെന്നും പൃഥ്വിരാജ് വ്യക്‌തമാക്കി. "എന്‍റെ പ്രചോദനങ്ങളെല്ലാം ഇതിഹാസങ്ങളായ ഷാജി ചേട്ടനും സത്യന്‍ ചേട്ടനും ജോഷി സാറിനുമാണ്. നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. ഞാന്‍ സിനിമ ചെയ്യാന്‍ കാരണം മുരളി ഗോപിയാണ്. എന്നെ സഹിച്ച ആന്‍റണി ചേട്ടനോടും നന്ദി പറയുന്നു. അടുത്തതായി നന്ദി പറയേണ്ടത് ലാലേട്ടനോടാണ്. അദ്ദേഹം വളരെ തിരക്കുള്ള സമയത്താണ് ഞാൻ അദ്ദേഹത്തെ ഗുജറാത്തിൽ ഷൂട്ടിന് കൊണ്ടുപോയത്. സംവിധായകൻ എന്ന നിലയിൽ വലിയൊരു ഓർമ്മയും നടൻ എന്ന നിലയിൽ പാഠവുമാണ് അദ്ദേഹം. നന്ദി ലാലേട്ടാ," പൃഥ്വിരാജ് പറഞ്ഞു.