തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത് 2022 ഡിസംബറിലാണ്. അന്ന് മദ്യത്തിൻ്റെ വില്‍പന നികുതി നാല് ശതമാനമായി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചതോടെ 500 മില്ലി, 750 മില്ലി, 1000 മില്ലി അളവിലുള്ള മദ്യങ്ങള്‍ക്ക് പരമാവധി 10 രൂപയുടെ വര്‍ധനയുണ്ടായി. അത്തരത്തിലൊരു തീരുമാനം അന്നെടുക്കാന്‍ പ്രധാനമായും കാരണമായത് മദ്യ നിര്‍മാണത്തിനുപയോഗിക്കുന്ന സ്‌പിരിറ്റിനുണ്ടായ വില വർധനവാണ് ഏകദേശം 40 ശതമാനം വിലവര്‍ധനവുണ്ടായ സാഹചര്യത്തില്‍ നഷ്‌ടം നികത്തുന്നതിന് മദ്യക്കമ്പനികള്‍ വിലവര്‍ധന ആവശ്യപ്പെടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അന്ന് മദ്യത്തിൻ്റെ വില്‍പന നികുതി വര്‍ധിപ്പിച്ചതുകൊണ്ട് മദ്യക്കമ്പനികള്‍ക്ക് വില കൂടുതല്‍ ലഭിച്ചില്ലെങ്കിലും മദ്യക്കമ്പനികള്‍ സര്‍ക്കാരിനടയ്‌ക്കേണ്ട അഞ്ച് ശതമാനം ടേണ്‍ ഓവർ ടാക്‌സ് അവര്‍ക്ക് ഒഴിവാക്കി നല്‍കുകയായിരുന്നു. ഇതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 130 കോടി രൂപയുടെ വരുമാന നഷ്‌ടം ഉണ്ടായി. ഇത് പരിഹരിക്കുന്നതിനാണ് അന്ന് മദ്യത്തിൻ്റെ വിലയില്‍ നാല് ശതമാനം വില്‍പന നികുതി കൂടി ഏര്‍പ്പെടുത്തിയത്. ഇതുവഴി അന്ന് സര്‍ക്കാരിന് 300 കോടി രൂപയുടെ അധികവരുമാനം ലഭിച്ചു. ഇതില്‍ നിന്ന് ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കിയ 130 കോടി കിഴിച്ചാലും സര്‍ക്കാരിന് 170 കോടി രൂപ അധികം ലഭിക്കുന്ന സാഹചര്യമുണ്ടായി.
എന്നാലിപ്പോള്‍ അത്തരത്തിലുള്ള ഒരു നികുതി പരിഷ്‌കരണത്തിന് പകരം മദ്യക്കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷന് സപ്ലൈ ചെയ്യുന്ന മദ്യത്തിന് 10 ശതമാനം വില വര്‍ധിപ്പിച്ച് നല്‍കുകയാണ് ചെയ്‌തിരിക്കുന്നത്. ഇതിലൂടെ ബിവറേജസ് കോര്‍പ്പറേഷൻ്റെ സാമ്പത്തിക ഭാരം വര്‍ധിക്കുക മാത്രമല്ല, വിലവര്‍ധനയിലൂടെ ലഭിക്കുന്ന വിറ്റുവരവിനുകൂടി അഞ്ച് ശതമാനം നികുതി സര്‍ക്കാരിന് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കുകയും വേണം. ഫലത്തില്‍ ബിവറേജസിന് വിലവര്‍ധനയിലൂടെ ഉണ്ടായ അധിക സാമ്പത്തിക ഭാരത്തിന് പുറമേ അധികമായി ലഭിക്കുന്ന തുകയ്ക്ക് കൂടി അഞ്ച് ശതമാനം വിറ്റുവരവ് നികുതി അഥവാ ടേണ്‍ ഓവര്‍ ടാക്‌സ് നല്‍കേണ്ട സ്ഥിതിയിലേക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ മാറും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫലത്തില്‍ 2020 കാലഘട്ടത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്‌ടത്തിലേക്ക് പോയ സാഹചര്യത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പല ഉന്നത ഉദ്യോഗസ്ഥരും ഈ ആശങ്ക പങ്കുവെയ്ക്കുന്നു. 2022 ല്‍ മദ്യ വില കൂട്ടാനുള്ള പ്രധാന കാരണം മദ്യ നിര്‍മാണത്തിനുപയോഗിക്കുന്ന എക്‌സ്‌ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ എന്ന സ്‌പിരിറ്റിന് 40 ശതമാനം വരെ വില വര്‍ധനയുണ്ടായതാണ്. ആ സാഹചര്യത്തില്‍ മദ്യക്കമ്പനികളുടെ നഷ്‌ടം പരിഹരിക്കുന്നതിനായിരുന്നു വില ഉയർത്തിയത്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള സാഹചര്യങ്ങളൊന്നുമില്ലാതെ ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് ബെവ്‌കോയെ വലിച്ചിഴച്ചതെന്ന ന്യായമായ സംശയം ഉയരുകയാണ്.
മദ്യ നിര്‍മാതാക്കളാരും ഇതുവരെ 2022ലെ പോലെ പരസ്യമായി മദ്യ വില വര്‍ധന ആവശ്യപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ പൊടുന്നനെയുള്ള മദ്യ വില വര്‍ധനയ്ക്ക് പിന്നില്‍ ആരാണെന്ന സംശയമാണ് സംസ്ഥാനത്തെ പ്രതിപക്ഷം ഉയര്‍ത്തുന്നത്. നിലവില്‍ സംസ്ഥാനത്തെ മദ്യത്തിൻ്റെ നികുതി 251 ശതമാനമാണ്. ഇതിന്മേലാണ് ഇപ്പോള്‍ 10 ശതമാനം കൂടി നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2022 ല്‍ നികുതി വര്‍ധിപ്പിക്കുന്ന സമയത്ത് മദ്യത്തിൻ്റെ വില്‍പന നികുതി 247 ശതമാനമായിരുന്നു. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനം കേരളമാണ്.
Also Read: സംസ്ഥാനത്ത് മദ്യ വില കൂട്ടി; പുതുക്കിയ നിരക്ക് ഇങ്ങനെ, നാളെ മുതല്‍ പ്രാബല്യത്തില്‍