ന്യൂഡൽഹി: കൊരട്ടിയില്‍ സിപിഎം പ്രവർത്തകന്‍ രാമകൃഷ്‌ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി പ്രവർത്തകന്‍ വിനോഭായിയെ സുപ്രീം കോടതി വെറുതെവിട്ടു. കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് 13 വര്‍ഷമായി തടവിലായിരുന്നു വിനോഭായ്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്‌റ്റിസ് അഭയ് എസ് ഓകാ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിനോഭായിയെ വെറുതെവിട്ടത്. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രീം കോടതിയുടെ നടപടി. 2010 ൽ നടന്ന കൊലക്കേസിലാണ് പ്രതിയെ വെറുതെവിട്ടത്.
കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച വിനോഭായ് 13 വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട രാമകൃഷ്‌ണൻ നേരത്തെ വിനോഭായിയുടെ ജേഷ്ഠ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു. എന്നാൽ രാമകൃഷ്‌ണനെ പിന്നീട് കൊലക്കേസിൽ കോടതി വെറുതെ വിട്ടിരുന്നു. ഇതിന്‍റെ പകയിലാണ് വിനോഭായ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ കേസിലെ സാക്ഷികളായ രണ്ട് പേരുടെ മൊഴിയിലെ വൈരുദ്ധ്യം വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. ജീവപര്യന്തം ശിക്ഷക്കെതിരെ എട്ട് വർഷം മുമ്പ് നൽകിയ അപ്പിലീലാണ് ജസ്‌റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കിയത്. നേരത്തെ കേസിൽ അപ്പീൽ ഹർജി നൽകി പ്രതി ജാമ്യം തേടിയിരുന്നെങ്കിലും കോടതി നൽകിയിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ച കേരള ഹൈക്കോടതിയുടെ 2016 സെപ്റ്റംബറിലെ വിധി ചോദ്യം ചെയ്‌താണ് വിനോഭായ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കേസിൽ അപ്പീൽക്കാരൻ 12 വർഷത്തിലേറെയായി ജയിൽ ശിക്ഷ അനുഭവിച്ചുവെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ വിനോഭായ്ക്കായി അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ഹാജരായത്. സംസ്ഥാന സർക്കാരിനായി സ്‌റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദും ഹാജരായി.
2010 ഡിസംബർ 31ന് രാവിലെ 11:45നാണ് വിനോഭായ് രാമകൃഷ്‌ണനെ കത്തികൊണ്ട് കുത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ആക്രമണത്തിൽ രാമകൃഷ്‌ണന് ഗുരുതരമായി പരിക്കേൽക്കുകയും അതിന്‍റെ ഫലമായാണ് അയാൾ മരിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വിനോഭായ്‌യും രാമകൃഷ്‌ണനും തമ്മിൽ മുൻ വൈരാഗ്യമുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. രാമകൃഷ്‌ണൻ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അനുയായിയാണെന്നും വിനോഭായ് ഒരു ബിജെപി പ്രവർത്തകനാണെന്നും കോടതി സാക്ഷികളിൽ ഒരാൾ പറഞ്ഞിരുന്നു. തുടർന്നാണ് പ്രതിയെ കൊലപാതകക്കുറ്റത്തിന് വിചാരണ കോടതി നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.