ദേർ അൽ-ബലാഹ്: ഹമാസുമായുള്ള 15 മാസത്തെ യുദ്ധത്തിന് ശേഷം വെടിനിർത്തലുണ്ടായതോടെ പലസ്‌തീനികളെ ഗാസയിലേക്ക് മടങ്ങാൻ അനുവദിച്ച് ഇസ്രയേൽ. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ആയിരക്കണക്കിന് പലസ്‌തീനികളാണ് ഗാസയിലേക്ക് മടങ്ങിയത്.
നൂറുകണക്കിന് പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിനായി തീവ്രവാദി സംഘം ബന്ദികളെ വിട്ടയച്ച ക്രമത്തിൽ മാറ്റം വരുത്തിയതായി ആരോപണമുയർന്നിരുന്നു. തുടർന്ന് ഹമാസും ഇസ്രയേലും തമ്മിൽ തർക്കം തുടരുകയും ബന്ദികളെ മോചിപ്പിക്കുന്നത് രണ്ട് ദിവസത്തേക്ക് വൈകിപ്പിക്കുകയും ചെയ്‌തു. തുടർന്ന മധ്യസ്ഥരുടെ ഇടപെടൽ മൂലമാണ് തർക്കം പരിഹരിച്ചത്.
2023 ഒക്ടോബർ 7ന് ഹമാസിന്‍റെ ആക്രമണത്തിൽ പിടിക്കപ്പെട്ട ഡസൻ കണക്കിന് ബന്ദികളുടെ മോചനത്തിനുവേണ്ടിയാണ് ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ഇസ്രയേൽ വടക്കൻ പ്രദേശത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. 2023 ഒക്ടോബറിൽ ഏകദേശം ഒരു ദശലക്ഷം ആളുകൾ തെക്കോട്ട് പലായനം ചെയ്‌തു. യുദ്ധത്തിലെ ഏറ്റവും വലിയ പോരാട്ടവും ഏറ്റവും വലിയ നാശവും വടക്കൻ പ്രദേശത്താണ് സംഭവിച്ചിരിക്കുന്നത്.
ചെക്ക്‌പോസ്‌റ്റ് തുറക്കുന്നത് വൈകിപ്പിച്ചു: വാരാന്ത്യത്തിൽ നടക്കേണ്ടിയിരുന്ന ചെക്ക്‌പോസ്‌റ്റ് തുറക്കുന്നത് ഇസ്രയേൽ വൈകിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അർബൽ യെഹൂദ് എന്ന വനിതാ ബന്ദിയെ മോചിപ്പിക്കുന്നതുവരെ പലസ്‌തീനികളെ ഗാസയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ച ബാക്കിയുള്ള ബന്ദികൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ ഹമാസ് പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു.
അതേസമയം ചെക്ക്‌പോസ്‌റ്റ് തുറക്കാത്തതിലൂടെ ഇസ്രയേൽ കരാർ ലംഘിച്ചെന്ന് ഹമാസ് ആരോപിച്ചു. മധ്യസ്ഥത വഹിക്കുന്ന ഗൾഫ് രാഷ്ട്രമായ ഖത്തർ, വെള്ളിയാഴ്‌ചയ്ക്ക് മുമ്പ് യെഹൂദിനെയും മറ്റ് രണ്ട് ബന്ദികളെയുമെല്ലാം മോചിപ്പിക്കാൻ ധാരണയിലെത്തിയതായി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വനിതാ സൈനികയായ ബെർഗർ ഉൾപ്പെടെയുള്ള ബന്ദികളുടെ മോചനം വ്യാഴാഴ്‌ച നടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്‌താവനയിൽ പറഞ്ഞു. അടുത്ത ശനിയാഴ്‌ച മൂന്ന് ബന്ദികളെ മോചിപ്പിക്കാൻ നിശ്ചയിച്ചിരുന്നതിന് പുറമേയാണിതെന്നും അദ്ദേഹം പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ആറ് ആഴ്‌ച നീണ്ടുനിൽക്കുന്ന വെടിനിർത്തലിന്‍റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട ബന്ദികളെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങളുടെ പട്ടികയും ഹമാസ് കൈമാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹമാസ് 33 ബന്ദികളെ മോചിപ്പിക്കും: മാർച്ച് ആദ്യം വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തലിന്‍റെ ആദ്യ ഘട്ടത്തിൽ, ഇസ്രയേൽ തടവിലാക്കിയ ഏകദേശം 2,000 പലസ്‌തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് 33 ബന്ദികളെ മോചിപ്പിക്കും. നിലവിലെ വെടിനിർത്തൽ പ്രകാരം ഹമാസ് നാല് വനിത സൈനികർ ഉൾപ്പെടെ ഏഴ് ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. ഇസ്രായേലികൾക്കെതിരായ മാരകമായ ആക്രമണങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്നവരുൾപ്പെടെ 300 ലധികം തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുന്നതുവരെ ശേഷിക്കുന്ന 60 ഓളം ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് പറഞ്ഞിരുന്നു. അതേസമയം തീവ്രവാദ ഗ്രൂപ്പിനെ നശിപ്പിക്കാനും ഗാസയിലെ ഏകദേശം 18 വർഷത്തെ ഭരണം അവസാനിപ്പിക്കാനും താൻ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് നെതന്യാഹു പറയുന്നു.
2023 ഒക്ടോബർ 7ന് ആയിരക്കണക്കിന് ഹമാസ് പോരാളികൾ തെക്കൻ ഇസ്രായേലിലേക്ക് ഇരച്ചുകയറി 1,200 ഓളം പേരെ കൊന്നൊടുക്കുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തു. ഈ സംഭവത്തിനുപിന്നാലെയാണ് ഇസ്രയേൽ ഹമാസ് യുദ്ധം ആരംഭിച്ചത്. ഗാസയിൽ ഏകദേശം 90 ബന്ദികൾ ഇപ്പോഴുമുണ്ടെന്നും അതിൽ മൂന്നിലൊന്ന് പേർ മരിച്ചിട്ടുണ്ടാകുമെന്നുമാണ് ഇസ്രയേൽ വിശ്വസിക്കുന്നത്.
ഇസ്രയേലിന്‍റെ വ്യോമ, കര യുദ്ധത്തിൽ 47,000 ത്തിലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടിരുന്നു. അവരിൽ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. മരിച്ചവരിൽ എത്ര പേർ ഹമാസുകാരാണെന്ന് മന്ത്രാലയം പറയുന്നില്ല. അതേസമയം 17,000ത്തി ലധികം തീവ്രവാദികളെ തങ്ങൾ കൊന്നൊടുക്കിയതായി ഇസ്രയേലും വ്യക്തമാക്കി.
Also Read: 4 ഇസ്രയേല്‍ വനിതാ സൈനികരെ മോചിപ്പിച്ച് ഹമാസ്; 200 പലസ്‌തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രയേല്‍