വാഷിങ്‌ടണ്‍: പലസ്‌തീനിലെ ഗാസ സ്‌ട്രിപ്പിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും പലസ്‌തീനികളെ മറ്റ് രാജ്യങ്ങളില്‍ പുനരധിവസിപ്പിക്കണമെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ്ഹൗസിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍ അമേരിക്കൻ സൈന്യത്തെ ഗാസയില്‍ വിന്യസിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും, ഞങ്ങൾ അത് കൈകാര്യം ചെയ്യും, ഞങ്ങൾ അത് നിയന്ത്രിക്കും, വേണമെങ്കില്‍ അമേരിക്കൻ സൈന്യത്തേയും വിന്യസിക്കും" ട്രംപ് പറഞ്ഞു. നിലവില്‍ ഗാസ വാസയോഗ്യമല്ലെന്നും പലസ്‌തീനികള്‍ അവിടേക്ക് തിരിച്ചുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിലെ ജനങ്ങള്‍ നരകതുല്യമായാണ് അവിടെ ജീവിക്കുന്നതെന്നും പ്രദേശം അമേരിക്ക ഏറ്റെടുത്ത് വികസനം കൊണ്ടുവരുമെന്നും വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു. "ഗാസയിലെ ജീവിതം അവര്‍ക്ക് വളരെ നിർഭാഗ്യകരമായിരുന്നു. അവർ നരകതുല്യമായാണ് അവിടെ ജീവിക്കുന്നത്. ആളുകൾക്ക് ജീവിക്കാൻ വാസയോഗ്യമല്ല ഗാസ, അവർ തിരികെ പോകാൻ ആഗ്രഹിക്കുന്നതിന്‍റെ കാരണം അവർക്ക് മറ്റ് മാർഗമില്ലാത്തതു കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു," യുഎസ് പ്രസിഡന്‍റ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗാസയെ യുഎസ് ഏറ്റെടുത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യും, ഗാസയിലെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കും. അമേരിക്കയിലെ ജനങ്ങളെ ഗാസയില്‍ പുനരധിവസിപ്പിക്കുമെന്നും വികസനം സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഈ പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന കാര്യം വിശദീകരിക്കാൻ ട്രംപ് തയ്യാറായില്ല.
ഇത് ചരിത്ര മാറ്റമെന്ന് നെതന്യാഹു
ട്രംപിന്‍റെ പ്രസ്‌താവനയെ പൂര്‍ണമായും പിന്തുണച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. അമേരിക്ക തങ്ങളുടെ ഉറ്റസുഹൃത്താണെന്ന് പറഞ്ഞ നെതന്യാഹു, ട്രംപിന്‍റെ തീരുമാനം ചരിത്രം മാറ്റിമറിക്കുമെന്നും വ്യക്തമാക്കി. വൈറ്റ്‌ഹൗസിലെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു നെതന്യാഹു. "ഇസ്രയേലിന് ഇതുവരെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും വലിയ സുഹൃത്ത്" എന്ന് ട്രംപിനെ പ്രശംസിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.
ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്‍റെ തീരുമാനം "ചരിത്രം മാറ്റിമറിക്കാൻ" കഴിയുമെന്നും അത് പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ നിലപാടുകള്‍ കൊണ്ട് ഇസ്രയേലിലെ ജനങ്ങൾക്ക് അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നതെന്നും ബഹുമാനിക്കുന്നതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇനി എന്തുസംഭവിക്കും?
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നു. ഇതിനുപിന്നാലെ അധികാരത്തിലെത്തിയ ട്രംപ് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ട്രംപിന്‍റെ പുതിയ പ്രഖ്യാപനം പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടാനാണ് സാധ്യതയെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഗാസയിലെ ജനങ്ങളെ ജോര്‍ദാൻ, ഈജിപ്‌ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നാണ് ട്രംപിന്‍റെ നിര്‍ദേശം. എന്നാല്‍ ഇക്കാര്യം നിരസിച്ചുകൊണ്ട് ഇരുരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്‍റെ നീക്കത്തെ വിമര്‍ശിച്ചും അപലപിച്ചും സൗദി അറേബ്യയും ഹമാസും രംഗത്തെത്തി. ഗാസയില്‍ നിന്നും 2.2 ദശലക്ഷം പലസ്‌തീനികളെ പുറത്താക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, പലസ്‌തീൻ എന്ന സ്വതന്ത്ര രാഷ്‌ട്രം സ്ഥാപിക്കുന്നതു വരെ അമേരിക്കയുമായി യാതൊരു നയതന്ത്ര ബന്ധവും സ്ഥാപിക്കില്ലെന്നും സൗദി അറേബ്യ വ്യക്തമാക്കി.
ട്രംപിന്‍റെ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹമാസും രംഗത്തെത്തി. ഹമാസ് നേതാവ് സാമി അബു സുഹ്‌രിയാണ് അമേരിക്കയുടെ നീക്കത്തെ അപലപിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ പശ്ചിമേഷ്യയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും അഗ്‌നിക്കിരയാക്കുമെന്നും ഹമാസ് നേതാവ് ചൂണ്ടിക്കാട്ടി. അസംബന്ധവും പരിഹാസ്യവുമായ നിലപാടുകളാണ് ട്രംപ് സ്വീകരിക്കുന്നതെന്നും പലസ്‌തീൻ ജനത അവരുടെ ജന്മനാടായ ഗാസയില്‍ തന്നെ തുടരുമെന്നും ഹമാസ് നേതാവ് കൂട്ടിച്ചേര്‍ത്തു.