ന്യൂഡല്‍ഹി: ഇന്ത്യ വികസിക്കണമെങ്കില്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായി കപില്‍ സിബല്‍. വികസിത ഭാരതത്തിന് വേണ്ടി വോട്ട് ചെയ്യൂ എന്ന ആഹ്വാനത്തോട് ഡല്‍ഹിയില്‍ വോട്ട് ചെയ്‌തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ ഇപ്പോള്‍ വിദ്യാഭ്യാസം ചെയ്യുന്നില്ല. ഇപ്പോള്‍ എല്ലാവരും പ്രചാരണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് തന്നെ നമ്മുടെ രാഷ്‌ട്രീയം ശുദ്ധീകരിക്കാത്തിടത്തോളം ഇവ തുടരും. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല.
എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. നിങ്ങള്‍ ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ വോട്ട് ചെയ്യുന്ന വ്യക്തിയോ കക്ഷിയോ സമൂഹത്തെ സേവിക്കണമെന്ന കൃത്യമായ സന്ദേശം നിങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ വോട്ട് ചെയ്‌തില്ലെങ്കില്‍ നിങ്ങള്‍ക്ക് കുറ്റപ്പെടുത്താനുള്ള യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരവരുടെ വോട്ടവകാശം വിനിയോഗിക്കുക എന്നത് ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് മൂന്ന് മണിവരെ ഡല്‍ഹിയില്‍ 46.55 ശതമാനം പോളിങ് ശതമാനം രേഖപ്പെടുത്തി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 52.73ശതമാനം പോളിങ്ങാണ് ഇവിടെ മൂന്ന് മണിവരെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ന്യൂഡല്‍ഹി ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്. മൂന്ന് മണിവരെ 43.10 ശതമാനം വോട്ടിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അതിഷി ജനവിധി തേടുന്ന കല്‍ക്കാജി നിയമസഭ മണ്ഡലത്തില്‍ മൂന്ന് മണിവരെ 41.17ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
മധ്യ ഡല്‍ഹിയില്‍ 43.45, കിഴക്കന്‍ ഡല്‍ഹി 47.09, ന്യൂഡല്‍ഹി 43.10, വടക്കന്‍ ഡല്‍ഹി 46.31, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി 46.81, ഷഹദാര 49.58, ദക്ഷിണ ഡല്‍ഹി 44.89, ദക്ഷിണ പൂര്‍വ ഡല്‍ഹി 43.91, ദക്ഷിണ പശ്ചിമ ഡല്‍ഹി 48.32, പശ്ചിമ ഡല്‍ഹി 45.06 എന്നിങ്ങനെയാണ് പ്രധാനമണ്ഡലങ്ങളിലെ വൈകിട്ട് മൂന്ന് മണി വരെയുള്ള പോളിങ് നിരക്ക്.
മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വൃദ്ധമാതാപിതാക്കളടക്കമുള്ള കുടുംബത്തോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രായമായ തന്‍റെ മാതാപിതാക്കള്‍ രാവിലെ മുതല്‍ തന്നെ വോട്ട് ചെയ്യാന്‍ ആകാംക്ഷയോടെ തയ്യാറായി നില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ സുനിത കെജ്‌രിവാളും മകന്‍ പുല്‍കിത് കെജ്‌രിവാളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ന്യൂഡല്‍ഹി സീറ്റില്‍ നിന്ന് തുടര്‍ച്ചയായ നാലാം വട്ടം ജനവിധി തേടുന്ന അദ്ദേഹത്തെ ബിജെപിയില്‍ നിന്ന് പര്‍വേശ് വര്‍മ്മയും കോണ്‍ഗ്രസില്‍ നിന്ന് സന്ദീപ് ദീക്ഷിതുമാണ് നേരിടുന്നത്.
ഡല്‍ഹി ജനത വളരെ ബുദ്ധിയുള്ളവരാണെന്നും അവര്‍ ശരിയായ തീരുമാനമെടുക്കുമെന്നും സുനിത കെജ്‌രിവാള്‍ പറഞ്ഞു. ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കരും ഭാര്യ സുധേഷ് ധന്‍കറും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. നോര്‍ത്ത് അവന്യൂവിലെ സിപിഡബ്ല്യുഡി സര്‍വീസ് സെന്‍റര്‍ പോളിങ് ബൂത്തിലാണ് അവര്‍ വോട്ട് രേഖപ്പെടുത്തിയത്.
Also Read: തെരഞ്ഞെടുപ്പുകൾ നിരീക്ഷിക്കാന്‍ കോൺഗ്രസിന്‍റെ 'ഈഗിൾ' ഗ്രൂപ്പ്; പോർമുഖത്ത് മുതിർന്ന നേതാക്കൾ