റൂർക്കി: ഉത്തരാഖണ്ഡില്‍ എംഎല്‍എ ഓഫീസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. ഖാൻപൂർ എംഎൽഎ ഉമേഷ് കുമാർ സിങ്ങിന്‍റെ ഓഫീസിന് നേരെ മുൻ എംഎൽഎ പ്രണവ് സിങ് ചാമ്പ്യനും സംഘവും വെടിയുതിര്‍ത്തു. സംഭവമറിഞ്ഞ് ഓഫീസിലേക്ക് എത്തിയ എംഎല്‍എ ഉമേഷ് കുമാര്‍ തോക്കെടുത്ത് കൊലവിളിയുമായി ഓഫീസിന് പുറത്തുകൂടെ ഓടുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
റൂർക്കി ഗംഗാനഹറിനടുത്തുള്ള ഉമേഷ് സിങ്ങിന്‍റെ ഓഫീസിലാണ് സംഭവം. ഇരുവരും തമ്മിൽ ദീർഘകാലമായി ശത്രുതയിലാണ് എന്നാണ് വിവരം. ഇരുവരും തമ്മില്‍ ഇടക്കിടെ ഉരസലുകളുണ്ടാവാറുണ്ട്. ഇതിനിടെയാണ് ഇന്ന് പ്രണവ് സിങ് തന്‍റെ അനുയായികളോടൊപ്പം റൂർക്കി ഗംഗാനഹറിനടുത്തുള്ള ഉമേഷിന്‍റെ ഓഫീസിൽ എത്തിയത്. ഓഫീസിലെത്തിയ സംഘം പ്രണവിനെ അസഭ്യം പറയുകയും തടയാന്‍ ശ്രമിച്ച ചില പാര്‍ട്ടി ഭാരവാഹികളെ ആക്രമിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് നിരവധി തവണ വെടിയുതിര്‍ത്തത്. ഇതിന് ശേഷം സംഘം കാറില്‍ കയറി പോവുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവമറിഞ്ഞയുടന്‍ ഉമേഷ് കുമാര്‍ സ്ഥലത്തെത്തി. തോക്കുമെടുത്ത് കൊലവിളിയുമായി ഓടുന്ന എംഎല്‍എയെ വൈറലായ ദൃശ്യത്തില്‍ കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും എംഎല്‍എ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പൊലീസും പ്രവര്‍ത്തകരും ചേര്‍ന്നാണ് എംഎല്‍എയെ തടഞ്ഞു നിര്‍ത്തിയത്. പ്രണവ് സിങ്ങിനെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന് ഉമേഷ് കുമാര്‍ പൊലീസിന് മുന്നറിയിപ്പ് നൽകി.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.