പാകിസ്ഥാനിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട ഒരു പോസ്‌റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒന്നും രണ്ടും വിവാഹങ്ങള്‍ ഒരേവേദിയില്‍ നടത്തുന്നത് സര്‍വസാധാരണമാണ്, എന്നാല്‍ ആറു പേരുടെ വിവാഹം ഒരുമിച്ച് ഒരേവേദിയില്‍ നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ? ഇത്തരത്തിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ഒരു പോസ്‌റ്റാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പാകിസ്ഥാനിലെ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങള്‍ മറ്റൊരു കുടുംബത്തിലെ ആറ് സഹോദരിമാരെ വിവാഹം കഴിച്ചതാണ് സംഭവം. സ്ത്രീധനം വാങ്ങാതെ വിവാഹം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഒരുമിച്ച് വിവാഹിതരായത്. പരസ്‌പരം അടുത്തറിഞ്ഞതിന് ശേഷമായിരുന്നു 6 ദമ്പതിമാരും വിവാഹം കഴിച്ചത്.
എന്നാല്‍, ഈ വിവാഹത്തിന് പിന്നാലെ നിരവധി വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 'ഒരു പാകിസ്ഥാൻ സ്വദേശി സ്വന്തം പെങ്ങളെ വിവാഹം കഴിച്ചു, മുസ്ലിംകള്‍ക്കിടയില്‍ ഇത് അനുവദിനീയമാണ്' എന്ന തരത്തിലായിരുന്നു പോസ്‌റ്റ് പ്രചരിച്ചത്.
പാകിസ്ഥാനിലെ ARY ന്യൂസ് ചാനൽ ലോഗോയുള്ള നവദമ്പതികളുടെ ഫോട്ടോ വച്ചുള്ള പോസ്‌റ്റാണ് വൈറലായത്. എന്നാല്‍ ഇന്‍റർനാഷണൽ ഫാക്‌ട് ചെക്കിങ് നെറ്റ്‌വർക്കിന്‍റെ ഭാഗമായ തെലുങ്ക് പോസ്‌റ്റ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി. ARY ന്യൂസ് ചാനലും, അതിന്‍റെ ഫേസ്‌ബുക്ക് പേജും ഗൂഗിള്‍ ലെൻസ് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ARY ന്യൂസിന്‍റെ എക്‌സ് അക്കൗണ്ടും പരിശോധിച്ചിരുന്നു.
എന്നാല്‍ ഈ പാകിസ്ഥാൻ ചാനല്‍ ഇത്തരത്തിലുള്ള ഒരു പോസ്‌റ്റ് പങ്കുവച്ചിട്ടില്ലെന്നും പാകിസ്ഥാനിലെ ഒരു മാട്രിമോണിയൽ സൈറ്റായ സവാജില്‍ നിന്നുള്ള ദമ്പതികളുടെ ചിത്രം എടുത്താണ് വ്യാജ പ്രചാരണം നടത്തിയതെന്നും തെലുങ്ക് പോസ്‌റ്റിന്‍റെ വസ്‌തുതാ പരിശോധനയില്‍ കണ്ടെത്തി.
2021 ഏപ്രിൽ ടെക്‌സാസിലെ ഫ്രിസ്കോയിൽ നടന്ന ഒരു പാകിസ്ഥാൻ വിവാഹത്തിന്‍റെ ചിത്രങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലൈല-അലി എന്നീ ദമ്പതികളുടെ വിവാഹ ഫോട്ടോയാണ് ഒരു പാകിസ്ഥാൻ സ്വദേശി സ്വന്തം പെങ്ങളെ വിവാഹം കഴിച്ചതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയത്.
ശ്രദ്ധിക്കുക: ഈ സ്റ്റോറി ആദ്യം പ്രസിദ്ധീകരിച്ചത് തെലുങ്ക് പോസ്റ്റാണ് , പിന്നീട് ഇടിവി ഭാരത് പുനഃപ്രസിദ്ധീകരിച്ചതാണ്