കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ ഡ്യൂട്ടി മാസ്‌റ്ററെ ബന്ദിയാക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഇന്ന് (25-01-2024) വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാല്‍ ഡ്യൂട്ടി മാസ്‌റ്റര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സ്‌റ്റേഷനിലെത്തിയ, മധ്യവയസ്‌കനെന്ന് തോന്നിക്കുന്ന വ്യക്തി പെട്ടെന്ന് ഓഫീസില്‍ കയറി വാതിലടച്ച് വനിതാ ഡ്യൂട്ടി മാസ്‌റ്ററെ ബന്ദിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടി മാസ്‌റ്റര്‍ ബഹളം വെച്ചതോടെ പെട്ടെന്ന് തന്നെ ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും യാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്രമം നടത്തിയയാള്‍ ഒഡീഷ സ്വദേശിയാണ് എന്നാണ് സൂചന. റെയില്‍വേ പൊലീസും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇയാള്‍ അക്രമാസക്തമായാണ് പെരുമാറുന്നത്. ഇയാളെ ചോദ്യം ചെയ്‌താല്‍ മാത്രമേ എന്തിനാണ് അതിക്രമം നടത്തിയതെന്ന് വ്യക്തമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.