പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ കസ്‌റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് തുടങ്ങി. കനത്ത പൊലീസ് കാവലിലാണ് തെളിവെടുപ്പ്. കൊലപാതകം നടന്ന സ്ഥലത്തേക്ക് പ്രതിയെ കൊണ്ടുവന്നാൽ ആളുകൾ അക്രമാസക്തരാകുമെന്ന കണക്കുകൂട്ടലിൽ 500ഓളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.
ഇന്ന് (ഫെബ്രുവരി 4) രാവിലെയാണ് ചെന്താമരയെ അന്വേഷണസംഘം മൂന്ന് ദിവസത്തെ കസ്‌റ്റഡിയിൽ വാങ്ങിയത്. പോത്തുണ്ടി ബോയൻ കോളനി സുധാകരനെയും മാതാവ് ലക്ഷ്‌മിയെയും കഴിഞ്ഞ 27 നാണ് സുധാകരൻ കൊലപ്പെടുത്തിയത്.
കൃത്യം നടന്ന സ്ഥലം, പ്രതിയുടെ വീട്, ഒളിവിൽ കഴിഞ്ഞ സ്ഥലം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. കൃത്യം പുനരാവിഷ്‌കരിച്ചും പൊലീസ് തെളിവ് ശേഖരിക്കും. തന്‍റെ ഭാര്യയുമായി വേർപിരിയാൻ കാരണം സുധാകരന്‍റെ ഭാര്യ സജിതയാണെന്ന് വിശ്വസിച്ച പ്രതി 2019ലും കൊല ചെയ്‌തിരുന്നു, ഇതിന്‍റെ ശിക്ഷ അനുഭവിക്കുന്നതിനിടെ ജ്യാമ്യത്തിലിറങ്ങിയപ്പോഴാണ് സുധാകരനെയും അമ്മ ലക്ഷ്‌മിയെയും കൊലപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൊലയ്ക്ക് ശേഷം പോത്തുണ്ടി വനാന്തരത്തിൽ ഒളിവില്‍ കഴിഞ്ഞ പ്രതിയെ 2 ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടിയത്. ആലത്തൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലത്തൂർ ജയിലിലേക്കും സുരക്ഷാ കാരണങ്ങളാൽ പിന്നീട് വിയൂർ ജയിലിലേക്കും മാറ്റിയിരുന്നു.
ഒരു പൊലീസുകാരനും പരിസരവാസിയായ ഒരു സ്ത്രീയും ഉൾപ്പടെ അഞ്ച് പേരെ കൊല്ലാൻ ചെന്താമര ലക്ഷ്യം വച്ചിരുന്നു. പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം പ്രതിയെ പിടികൂടിയതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ പ്രദേശവാസികൾക്കെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധം കനക്കുകയാണ്.