ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്കെതിെര ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തങ്ങള്‍ മൂന്നംഗ സമിതിയാണെന്നും കൂട്ടുത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിന്‍റെ പശ്ചത്താലത്തില്‍ തങ്ങളെ നിരന്തരം അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും കമ്മീഷന്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ഒരു ഏകാംഗ സമിതിയാണെന്ന് വരുത്തിത്തീര്‍ക്കുന്നു. കമ്മീഷനെ അപകീര്‍ത്തിപ്പടുത്താനുള്ള ഇത്തരം ആരോപണങ്ങള്‍ ഭരണഘടനപരമായി തന്നെ നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.
കമ്മീഷനെ താറടിക്കാനാണ് എഎപിയുടെ ശ്രമം. ഏകാംഗ കമ്മീഷനാണെങ്കില്‍ പോലും തങ്ങള്‍ക്ക് ഭരണഘടനാപരമായി മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ബിജെപിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവഗണിക്കുന്നുവെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആരോപിച്ചിരുന്നു. വിരമിച്ച ശേഷമുള്ള പദവികള്‍ മോഹിച്ചാണ് രാജീവ് കുമാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടികളെടുക്കാത്തത് എന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.
65 വയസാകുന്നതോടെ ഈ മാസം പതിനെട്ടിന് രാജീവ് കുമാറിന്‍റെ കാലാവധി പൂര്‍ത്തിയാകും. ഗ്യാനേഷ് കുമാറും സുഖ്ബിര്‍ സിങ് സന്ധുവുമാണ് മറ്റ് കമ്മീഷണര്‍മാര്‍. അതേസമയം നാളെയാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. എഎപി മൂന്നാം വട്ടവും തിരിച്ച് വരുമെന്നാണ് വിലയിരുത്തല്‍. അതേസമയം അധികാരം പിടിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബിജെപി.