ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചൈനാ ആരോപണങ്ങള്‍ തള്ളി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇരുഭാഗവും മുമ്പ് നടത്തിയിരുന്ന പട്രോളിങ് സംബന്ധിച്ചാണ് കരസേന മേധാവി പ്രസ്‌താവന നടത്തിയതെന്നും രാഹുലിന്‍റ വാദങ്ങള്‍ക്ക് കാരണമായ വിധത്തില്‍ യാതൊരു പ്രസ്‌താവനയും ഒരിക്കലും അദ്ദേഹം നടത്തിയിട്ടില്ലെന്നും രാജ്‌നാഥ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ തെറ്റായ ആരോപണങ്ങളാണ് ഉയര്‍ത്തിയതെന്ന് സിങ് എക്‌സില്‍ കുറിച്ചു. പഴയകാലപട്രോളിങിനിടെ ഇരുഭാഗത്തുമുണ്ടായ അസ്വസ്ഥതകളെക്കുറിച്ചാണ് സൈനിക മേധാവി പരാമര്‍ശിച്ചത്. എന്നാലിപ്പോള്‍ ഇവയില്ല. പഴയ പോലെ പട്രോളിങ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നിദാനമായ ഒന്നും സൈനിക മേധാവി പറഞ്ഞിട്ടില്ല. രാഹുല്‍ നിരുത്തരവാദപരമായ രാഷ്‌ട്രീയമാണ് ദേശീയതാത്പര്യമുള്ള വിഷയങ്ങളില്‍ കളിക്കുന്നതെന്നത് തികച്ചും ഖേദകരമാണ്. ചൈനയുടെ പക്കലുള്ള ഏക ഇന്ത്യന്‍ പ്രദേശം അക്‌സായി ചിന്നിലെ 38000 ചതുരശ്ര കിലോമീറ്ററാണ്. 1962ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ അനധികൃതമായി കയ്യേറിയ 5180 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 1963ല്‍ ചൈനയ്ക്ക് വിട്ട് നല്‍കി പ്രദേശമാണിത്. രാഹുല്‍ഗാന്ധി ചരിത്രത്തിലെ ഈ ഘട്ടത്തെ അവമതിക്കുന്നുവെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചൈന നമ്മുടെ രാജ്യത്ത് കയറി ഇരിക്കുന്നുവെന്നായിരുന്നു രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. മെയ്‌ക് ഇന്‍ ഇന്ത്യ പരാജയപ്പെട്ടത് കൊണ്ടാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊര്‍ജ്ജ-സഞ്ചാര മേഖലകളില്‍ ഇന്ത്യയ്ക്ക് അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നന്ദി പ്രമേയ വേളയിലായിരുന്നു രാഹുലിന്‍റെ പരാമര്‍ശങ്ങള്‍. നമ്മുടെ രാജ്യത്ത് ചൈനയുടെ സൈന്യം ഉണ്ടെന്ന കാര്യം പ്രധാനമന്ത്രി നിരസിക്കുന്നു. എന്നാല്‍ നമ്മുടെ സേന ഇക്കാര്യം ചൈനയുമായി ചര്‍ച്ച ചെയ്യുന്നു. കരസേന മേധാവിയും ഇക്കാര്യം സ്ഥിരീകരിച്ചു എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ രാഹുലിന്‍റെ പരാമര്‍ശങ്ങള്‍.
രാഹുലിന്‍റെ പരാമര്‍ശങ്ങളില്‍ തെളിവുകള്‍ നല്‍കാന്‍ നാല് തവണ സ്‌പീക്കര്‍ ഓംബിര്‍ള പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. എന്നാല്‍ യാതൊന്നും നല്‍കാതെ അദ്ദേഹം സഭ വിട്ടു പോകുകയായിരുന്നു.
ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം ഉത്തരവാദിത്തമുള്ള ഒരു തസ്‌തികയാണ്. ആലോചിച്ച് വേണം പ്രസ്‌താവനകള്‍ നടത്താന്‍. ഇപ്പോള്‍ രാഹുലിന്‍റെ പ്രസ്‌താവനകളോട് മൃദു സമീപനം നടത്തിയാല്‍ ഭാവിയില്‍ ഇത് ആവര്‍ത്തിക്കും. ഏത് പ്രതിപക്ഷ നേതാവിനും വന്ന് എന്തും പറയാമെന്ന സ്ഥിതിയാകും. രാഹുല്‍ നടത്തിയ പ്രസ്‌താവനകളില്‍ വ്യക്തത വരുത്തണം. ഇല്ലെങ്കില്‍ അദ്ദേഹത്തിനെതിെര സ്‌പീക്കര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.