ഹൈദരാബാദ്: കവര്‍ച്ചയ്ക്ക് 333 കോടിയുടെ ടാര്‍ജറ്റ് പ്ലാന്‍, നൂറോളം സ്‌ത്രീകളുമായി ഡേറ്റിങ്.. പൊലീസുകാരനെ വെടിവച്ചു വീഴ്ത്തിയ കുപ്രസിദ്ധ മോഷ്‌ടാവിന്‍റെ മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ് തെലങ്കാന പൊലീസ്.
ഐടി കൊറിഡോറിൽ പ്രതിമാസം 50,000 രൂപ വാടക വരുന്ന ആഢംബര അപ്പാർട്ട്‌മെന്‍റ് , വീട്ടിൽ സ്വകാര്യ ജിം, യാത്ര ബിഎംഡബ്ല്യു, ഓഡി പോലുള്ള ആഡംബര കാറുകളിൽ, പാചകത്തിനും പരിചരണത്തിനും ശമ്പളക്കാർ, പബ്ബുകളിലും റസ്‌റ്റോറന്‍റുകളിലും ടിപ്പായി നൽകുന്നത് ആയിരത്തിലേറെ രൂപ... അഞ്ച് സംസ്ഥാനങ്ങളിലായി വൻ കവർച്ചകൾ നടത്തിയ ബത്തുല പ്രഭാകറിന്‍റെ (30) ആഢംബര ജീവിതശൈലി ഇങ്ങനെയൊക്കെയാണ്.
ഗച്ചിബൗളിയിലെ പ്രിസം പബ്ബിന് സമീപം സിസിഎസ് പൊലീസിന് നേരെ വെടിയുതിർത്ത സംഭവത്തിലാണ് പ്രഭാകർ ഒടുവിൽ അറസ്‌റ്റിലാവുന്നത്. ചോദ്യം ചെയ്യലിൽ തന്‍റെ ജീവിത ലക്ഷ്യങ്ങൾ എഴുതിയ ഒരു ഡയറി ബത്തുൽ പൊലീസിന് നൽകി. നെഞ്ചിലെ 3,100 എന്ന സംഖ്യയെഴുതിയ ടാറ്റൂ ഇയാളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത വർധിപ്പിക്കുന്നു.
വിശാഖപട്ടണം ജയിലിൽ ആയിരിക്കുമ്പോള്‍ സൗഹൃദത്തിലായ സഹകുറ്റവാളി വഴിയാണ് പിന്നീട് ഇയാള്‍ 10 ലക്ഷം രൂപ ചെലവഴിച്ച് ബിഹാറിൽ നിന്ന് മൂന്ന് നാടൻ തോക്കുകളും 500 വെടിയുണ്ടകളും വാങ്ങുന്നത്. ഔട്ടർ റിങ് റോഡിനടുത്തുള്ള കുന്നിൻ പ്രദേശങ്ങളിൽ വെടിവയ്പ്പ് പരിശീലിച്ചു. പരിശീലനത്തിനിടെ ഒരു നായയെ വെടിവച്ചുകൊന്നതായും റിപ്പോർട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ഒരു മത്സ്യകൃഷിക്കാരനും റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനുമാണെന്നാണ് പ്രഭാകർ തന്‍റെ പരിചയക്കാരോട് പറഞ്ഞിരുന്നത്. ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നത് 'സ്വയം പ്രതിരോധത്തിനാണ്' എന്ന് അയാൾ ന്യായീകരിച്ചു. വിവാഹിതനാണെങ്കിലും, ഗച്ചിബൗളിയിലെ ഒരു ആഡംബര ഫ്ലാറ്റിൽ മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള യുവതിയോടൊപ്പം താമസിക്കുകയായിരുന്നു ബത്തുല പ്രഭാകർ. മോഷ്‌ടിച്ച പണം ആഡംബരജീവിതം നയിക്കാനാണ് ബത്തുല പ്രഭാകർ ഉപയോഗിച്ചത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ വഡ്ഡിപ്പള്ളി സ്വദേശിയാണ് പ്രഭാകർ. ചോദ്യം ചെയ്യലിൽ, മാതാപിതാക്കൾ മരിച്ചുവെന്ന് അവകാശപ്പെട്ട് ഇയാള്‍ ആദ്യം അധികാരികളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അയാളുടെ പിതാവ് കൃഷ്‌ണയ്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
എഞ്ചിനീയറിങ് കോളേജ് മോഷണ പരമ്പരയും അറസ്‌റ്റുകളും: മൊയ്‌നാബാദലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മോഷണ സംഭവങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ഇയാളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. സുരക്ഷ വളരെ കുറവായിരുന്ന കാലത്ത് പ്രഭാകർ 23 എഞ്ചിനീയറിങ് കോളജുകൾ കൊള്ളയടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
വ്യാജ ഐഡന്‍റിറ്റികളുടെയും തട്ടിപ്പുകളുടെയും ശൃംഖല: വ്യത്യസ്‌ത പേരുകളിൽ ഒന്നിലധികം അക്കൗണ്ടുകളിലേക്കാണ് അയാൾ മോഷ്‌ടിച്ച പണം നിക്ഷേപിച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ വ്യത്യസ്‌ത വ്യക്തികളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത അഞ്ച് ആഡംബര കാറുകളും വാങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടെങ്കിലും വാഹനം ഉപേക്ഷിച്ച് അയാൾ ഓടി രക്ഷപ്പെട്ടു. ബത്തുല പ്രഭാകർ അയാളുമായി സൗഹൃദത്തിലുണ്ടായിരുന്ന സ്‌ത്രീകളുടെ പേരിൽ സിം കാർഡ് എടുത്തിരുന്നതായി ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഗോവയിൽ ഒരു ഹോട്ടൽ തുറക്കണമെന്ന് ബത്തുല ആഗ്രഹിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
പ്രിസം പബ് വെടിവയ്പ്പിന് മുമ്പ് കാറിൽ (സ്കോഡ) നിന്ന് പ്രഭാകറിനെ കൊണ്ടുവന്നുവിട്ട രഞ്ജിത്ത് രോഹിത്ത് ഉൾപ്പടെ രണ്ട് കൂട്ടാളികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പൊലീസ് ഇപ്പോൾ ഇയാളുടെ ആഡംബര ഫ്ലാറ്റ്, സാമ്പത്തിക ഇടപാടുകൾ, താമസസ്ഥലങ്ങൾ എന്നിവ പരിശോധിച്ച് വരികയാണ്.
Also Read: നിധി കുഴിച്ചെടുക്കാൻ കിണറിൽ ഇറങ്ങി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം അഞ്ച് പേർ പിടിയിൽ