ന്യൂഡല്‍ഹി: മഹാ കുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിക്കുകയും 60-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തില്‍ വിവാദ പ്രസ്‌താവനയുമായി ബിജെപി എംപി ഹേമ മാലിനി. ഇത് അത്ര വലിയ സംഭവമല്ലെന്നും ഈ വിഷയം അതിശയോക്തിപരമായി അവതരിപ്പിക്കുകയാണ് എന്നുമാണ് ഹേമ മാലിനിയുടെ പ്രതികരണം. മഹാ കുംഭമേള മികച്ച രീതിയിലാണ് ഉത്തർപ്രദേശ് സർക്കാർ നടത്തുന്നതെന്നും ബിജെപി എംപി മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"ഞങ്ങൾ കുംഭമേളയ്ക്ക് പോയി, നന്നായി സ്‌നാനം ചെയ്യുകയും ചെയ്‌തു. അവിടെ ഒരു സംഭവം നടന്നു എന്നത് ശരിയാണ്, പക്ഷേ അത് അത്ര വലിയ സംഭവമായിരുന്നില്ല. അത് എത്ര വലുതാണെന്നും എനിക്കറിയില്ല. അതിശയോക്തിപരമായാണ് വിഷയം അവതരിപ്പിക്കപ്പെടുന്നത്. അതു വളരെ നന്നായി കൈകാര്യം ചെയ്‌തു, എല്ലാം വളരെ നന്നായി ചെയ്‌തു... എത്രയധികം ആളുകളാണ് അവിടെ വരുന്നത്. അവരെ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യുന്നു"- ഹേമ മാലിനി പറഞ്ഞു.
മൗനി അമാവാസി ദിനത്തിൽ നടന്ന രണ്ടാം ഷാഹി സ്‌നാനത്തിനിടെയാണ് മഹാകുംഭമേളയിൽ അപകടമുണ്ടാവുന്നത്. സംഭവം കൈകാര്യം ചെയ്‌ത സര്‍ക്കാര്‍ രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തി. മഹാകുംഭത്തിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് സുതാര്യത ഉറപ്പാക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് ലോക്‌സഭയില്‍ പറഞ്ഞു.
മരണസംഖ്യ, പരിക്കേറ്റവരുടെ ചികിത്സ, പരിപാടിക്കായി നടത്തിയ ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ അവതരിപ്പിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചർച്ചയ്‌ക്കിടെയാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്. സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിനായി ഒരു സർവകക്ഷി യോഗം വിളിക്കണം. ദുരന്തത്തിന് ഉത്തരവാദികളായവർക്കും വസ്‌തുതകൾ മറച്ചുവച്ചവർക്കും എതിരെ കർശനമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും യാദവ് പറഞ്ഞു.