1950 ജനുവരി 26ന് ആണ് ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നത്. 1949 നവംബർ 26ന് തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ അസംബ്ലി അംഗീകരിച്ചതിലൂടെ ഭരണഘടന പ്രാബല്യത്തിൽ വരുകയായിരുന്നു. അന്നത്തെ അസംബ്ലിയിലെ അംഗസംഖ്യ 389 ആയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്‌കറെയും ഭരണഘടനാ നിർമാണത്തിന് സഹായിച്ച മറ്റ് പുരുഷ അംഗങ്ങളെയും നാം ഓർക്കുന്നുണ്ടെങ്കിലും ഭരണഘടനാ അസംബ്ലിയിലെ പതിനഞ്ച് വനിതാ അംഗങ്ങളുടെ സംഭാവന മറക്കാൻ കഴിയില്ല. ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മുടെ ഭരണഘടന തയ്യാറാക്കാൻ സഹായിച്ച ശക്തരായ സ്‌ത്രീകളെ നമുക്ക് നോക്കാം.
അമ്മു സ്വാമിനാഥൻ
- കേരളത്തിലെ പാലക്കാട് ജില്ലയിലെ അണക്കരയിലാണ് അമ്മു സ്വാമിനാഥൻ ജനിച്ചത്.
- 1917ൽ ആനി ബസൻ്റ്, മാർഗരറ്റ് കസിൻസ്, മാലതി പട്‌വർദ്ധൻ, ശ്രീമതി ദാദാഭായ്, ശ്രീമതി അംബുജമ്മാൾ എന്നിവരോടൊപ്പം മദ്രാസിൽ വെച്ച് വുമൺ ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു.
- 1946ൽ മദ്രാസ് നിയോജകമണ്ഡലത്തിൽ നിന്ന് ഭരണഘടനാ അസംബ്ലിയുടെ ഭാഗമായി.
- 1949 നവംബർ 24ന് ഡോ. ബിആർ അംബേദ്‌കർ ഭരണഘടനയുടെ കരട് പാസാക്കാനുള്ള പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ അമ്മു പ്രതികരിച്ചിരുന്നു.
- 1952ൽ ലോക്‌സഭയിലേക്കും 1954ൽ രാജ്യസഭയിലേക്കും അമ്മു തെരഞ്ഞെടുക്കപ്പെട്ടു. 1959ൽ സത്യജിത് റേ പ്രസിഡൻ്റായ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുടെ വൈസ് പ്രസിഡൻ്റായി.
- ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് (1960-65), സെൻസർ ബോർഡ് എന്നിവയുടെ അധ്യക്ഷയായും തെരഞ്ഞെടുക്കപ്പെട്ടു.
ദാക്ഷായണി വേലായുധൻ
- 1912 ജൂലൈ 4ന് എറണാകുളത്ത് ബോൾഗാട്ടിയിലാണ് ജനനം. അധഃസ്ഥിത വിഭാഗത്തിൽപ്പെട്ടവരുടെ നേതാവായിരുന്നു അവർ.
- അന്നത്തെക്കാലത്ത് കടുത്ത വിവേചനം നേരിട്ടിരുന്ന പുലയ സമുദായത്തിൽപ്പെട്ടവരായിരുന്ന ദാക്ഷായണി, പുലയ സമൂഹത്തിൽ നിന്ന് വിദ്യാഭ്യാസം നേടിയ ആദ്യ തലമുറയിൽപ്പെട്ടവളുമായിരുന്നു.
- 1945 ൽ സംസ്ഥാന സർക്കാർ ദാക്ഷായണിയെ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്‌തു.
- 1946ൽ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദളിത് വനിതയായിരുന്നു അവർ.
- ഭരണഘടനാ അസംബ്ലി ചർച്ചകളിൽ പട്ടികജാതി സംബന്ധിയായ നിരവധി വിഷയങ്ങളിൽ ദാക്ഷായണി ബി ആർ അംബേദ്‌കറിനൊപ്പം നിലകൊണ്ടു.
ആനി മസ്ക്രീൻ
- തിരുവനന്തപുരത്ത് ഒരു ലാറ്റിൻ കത്തോലിക്കാ കുടുംബത്തിലാണ് ആനി മസ്‌ക്രീൻ ജനിച്ചത്.
- തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിൽ ചേർന്ന ആദ്യ വനിതകളിൽ ഒരാളായിരുന്നു ആനി. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ അംഗമായ ആദ്യ വനിതയായി.
- തിരുവിതാംകൂർ സംസ്ഥാനത്തെ ഇന്ത്യൻ രാഷ്‌ട്രവുമായുള്ള സ്വാതന്ത്ര്യത്തിനും സംയോജനത്തിനുമുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളിൽ ഒരാളായിരുന്നു അവർ.
- രാഷ്‌ട്രീയ പ്രവർത്തനത്തിന് 1939 മുതൽ 47 വരെ വിവിധ കാലഘട്ടങ്ങളിൽ അവർ ജയിലിലടയ്ക്കപ്പെട്ടു.
- 1951 ലെ പൊതുതെരഞ്ഞെടുപ്പിൽ ഒന്നാം ലോക്‌സഭയിലേക്ക് മസ്‌ക്രീൻ തെരഞ്ഞെടുക്കപ്പെട്ടു.
- കേരളത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ എംപിയും ആ തെരഞ്ഞെടുപ്പിൽ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഒരാളുമായിരുന്നു അവർ.
- പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് 1949-1950 കാലഘട്ടത്തിൽ ആരോഗ്യ-വൈദ്യുതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി കുറച്ചുകാലം സേവനമനുഷ്‌ഠിച്ചു.
ബീഗം ഐസാസ് റസൂൽ
- മലേർകോട്‌ലയിലെ രാജകുടുംബത്തിൽ ജനിച്ച ബീഗം ഐസാസ് റസൂൽ ഭൂവുടമയായ നവാബ് ഐസാസ് റസൂലിനെ വിവാഹം കഴിച്ചു.
- ഭരണഘടനാ അസംബ്ലിയിലെ ഏക മുസ്‌ലിം വനിതാ അംഗമായിരുന്നു ബീഗം. 1935ലെ ഇന്ത്യാ ഗവൺമെൻ്റ് ആക്‌ട് നടപ്പിലാക്കിയതോടെ ബീഗവും ഭർത്താവും മുസ്‌ലിം ലീഗിൽ ചേരുകയും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്‌തു.
- 1937ലെ തെരഞ്ഞെടുപ്പിൽ യുപി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
- 1950ൽ മുസ്‌ലിം ലീഗിനെ പിരിച്ചുവിടുകയും ബീഗം ഐസാസ് റസൂൽ കോൺഗ്രസിൽ ചേരുകയും ചെയ്‌തു.
- 1952ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1969 മുതൽ 1990 വരെ ഉത്തർപ്രദേശ് നിയമസഭയിൽ അംഗവുമായിരുന്നു. 1969നും 1971നും ഇടയിൽ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
- 2000 ത്തിൽ സാമൂഹിക സേവനത്തിന് പദ്‌മ ഭൂഷൺ നൽകി രാജ്യം ആദരിച്ചു.
ദുർഗാഭായ് ദേശ്‌മുഖ്
- 1909 ജൂലൈ 15ന് രാജമുണ്ട്രിയിൽ ജനനം.
- പന്ത്രണ്ട് വയസുള്ളപ്പോൾ നിസഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. ആന്ധ്ര കേസരി ടി പ്രകാശത്തോടൊപ്പം 1930 മദ്രാസിൽ വെച്ച് നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തു.
- 1936ൽ ആന്ധ്ര മഹിളാ സഭ സ്ഥാപിച്ചു
- സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ്, നാഷണൽ കൗൺസിൽ ഫോർ വിമൻസ് എജ്യൂക്കേഷൻ, നാഷണൽ കമ്മിറ്റി ഓൺ ഗേൾസ് ആൻഡ് വിമൻസ് എഡ്യൂക്കേഷൻ തുടങ്ങിയ നിരവധി കേന്ദ്ര സംഘടനകളുടെ ചെയർപേഴ്‌സണായി പ്രവർത്തിക്കുകയും ചെയ്‌തു.
- പാർലമെൻ്റ്, ആസൂത്രണ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു.
- ന്യൂഡൽഹിയിലെ ആന്ധ്രാ എജ്യൂക്കേഷണൽ സൊസൈറ്റി എന്നിവയുമായും ബന്ധപ്പെട്ടിരുന്നു.
- ഇന്ത്യയിലെ സാക്ഷരതയ്‌ക്ക് സംഭാവന നൽകിയതിന് 1971ൽ ദുർഗാഭായിക്ക് നാലാമത്തെ നെഹ്‌റു സാഹിത്യ അവാർഡ് ലഭിച്ചു.
- 1975ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.
ഹൻസ ജിവ്‌രാജ് മേത്ത
- 1897 ജൂലൈ 3ന് ബറോഡയിലെ ദിവാൻ മനുഭായ് നന്ദശങ്കർ മേത്തയുടെ മകളായി ജനനം. ഇംഗ്ലണ്ടിൽ നിന്ന് പത്രപ്രവർത്തനവും സാമൂഹ്യശാസ്‌ത്രവും പഠിച്ചു.
- ഒരു പരിഷ്‌കർത്താവും സാമൂഹിക പ്രവർത്തകയും എന്നതിനൊപ്പം അവർ ഒരു അധ്യാപികയും എഴുത്തുകാരിയും കൂടിയായിരുന്നു.
- ഗുജറാത്തി ഭാഷയിൽ കുട്ടികൾക്കായി നിരവധി പുസ്‌തകങ്ങൾ അവർ എഴുതി. 'ഗളിവേഴ്‌സ് ട്രാവൽസ്' ഉൾപ്പെടെയുള്ള നിരവധി ഇംഗ്ലീഷ് കഥകൾ വിവർത്തനം ചെയ്‌തു.
- 1926ൽ ബോംബെ സ്‌കൂൾസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1945 – 46ൽ അഖിലേന്ത്യാ വനിതാ സമ്മേളനത്തിൻ്റെ പ്രസിഡൻ്റാകുകയും ചെയ്‌തു.
- ഹൈദരാബാദിൽ നടന്ന അഖിലേന്ത്യാ വനിതാ സമ്മേളന കൺവെൻഷനിൽ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ അവർ സ്‌ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു ചാർട്ടറിന് നിർദേശം നൽകി.
- 1945 മുതൽ 1960 വരെ വിവിധ പദവികൾ വഹിച്ചു. എസ്‌എൻഡിറ്റി വനിതാ സർവകലാശാലയുടെ വൈസ് ചാൻസലറായും ഓൾ ഇന്ത്യ സെക്കൻഡറി ബോർഡ് ഓഫ് എജ്യൂക്കേഷൻ അംഗം, ഇൻ്റർ - യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ്, മഹാരാജ സയാജിറാവു ബറോഡ സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയും അവർ വഹിച്ചു.
കമല ചൗധരി
- ലഖ്‌നൗവിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനനം. എന്നാൽ പഠനം തുടരുകയെന്നത് അവർക്ക് ഒരു പോരാട്ടം തന്നെയായിരുന്നു. 1930ൽ ഗാന്ധിജി ആരംഭിച്ച സിവിൽ ഡിസോബീഡിയൻസ് പ്രസ്ഥാനത്തിൽ സജീവ പങ്കാളിയായിരുന്നു.
- അമ്പത്തിനാലാം സെഷനിൽ അവർ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായിരുന്നു. എഴുപതുകളുടെ അവസാനത്തിൽ ലോക്‌സഭംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
- ചൗധരി ഒരു പ്രശസ്‌ത ഫിക്ഷൻ എഴുത്തുകാരി കൂടിയായിരുന്നു. കമലയുടെ കഥകൾ കൂടുതലിം സ്‌ത്രീകളെക്കുറിച്ചായിരുന്നു.
ലീല റോയ്
- 1900 ത്തിൽ അസം ഗോൾപാറയിൽ ജനനം. അവരുടെ പിതാവ് ഒരു ഡെപ്യൂട്ടി മജിസ്ട്രേറ്റും ദേശീയ പ്രസ്ഥാനത്തോട് അനുഭാവവുമുള്ളയാളായിരുന്നു.
- 1921ൽ അവർ ബെഥൂൺ കോളേജിൽ നിന്ന് ബിരുദം നേടി. ഓൾ ബംഗാൾ വുമൺസ് സർഫ്രേജ് കമ്മിറ്റിയുടെ അസിസ്‌റ്റൻ്റ് സെക്രട്ടറിയായി. അതിലൂടെ സ്‌ത്രീകളുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നതിന് വേണ്ടി യോഗങ്ങൾ സംഘടിപ്പിച്ചു.
- 1923 ൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ദീപാലി സംഘ് രൂപീകരിക്കുകയും സ്‌കൂളുകൾ സ്ഥാപിക്കുകയും ചെയ്‌തു. അവ രാഷ്‌ട്രീയ ചർച്ചാ കേന്ദ്രങ്ങളായി മാറുകയും പ്രശസ്‌ത നേതാക്കൾ പങ്കെടുക്കുകയും ചെയ്‌തു.
- പിന്നീട് 1926ൽ, ദാക്കയിലെയും കൊൽക്കത്തയിലെയും വനിതാ വിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് ഛത്രി സംഘം സ്ഥാപിതമായി.
- ഉപ്പ് നികുതി വിരുദ്ധ പ്രസ്ഥാനത്തിൽ സജീവ പങ്കുവഹിച്ച ദാക്ക മഹിള സത്യാഗ്രഹ സംഘം രൂപീകരിക്കുന്നതിൽ ലീല നിർണായക പങ്കുവഹിച്ചു.
- 'ജയശ്രീ' എന്ന ജേണലിൻ്റെ എഡിറ്ററായി.
- 1937ൽ കോൺഗ്രസിൽ ചേരുകയും അതിൻ്റെ അടുത്ത വർഷം ബംഗാൾ പ്രൊവിൻഷ്യൽ കോൺഗ്രസ് വുമൺ എന്ന സംഘടന രൂപീകരിക്കുകയും ചെയ്‌തു.
- സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച വനിതാ ഉപസമിതിയിൽ അംഗമായി. 1940ൽ ബോസ് ജയിലിലായപ്പോൾ, ഫോർവേഡ് ബ്ലോക്ക് വീക്കിലിയുടെ എഡിറ്ററായി അവർ നാമനിർദേശം ചെയ്യപ്പെട്ടു.
- 1947ൽ പശ്ചിമ ബംഗാളിലെ ഒരു വനിതാ സംഘടനയായ ജാതീയ മഹിളാ സംഘതി രൂപീകരിച്ചു.
- 1960ൽ ഫോർവേഡ് ബ്ലോക്കും പ്രജാ സോഷ്യലിസ്‌റ്റ് പാർട്ടിയും തമ്മിൽ ലയിച്ചതോടെ രൂപീകരിച്ച പുതിയ പാർട്ടിയുടെ ചെയർമാനായി.
മാലതി ചൗധരി
- 1904ൽ കിഴക്കൻ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) ഒരു പ്രമുഖ കുടുംബത്തിലാണ് മാലതി ചൗധരിയുടെ ജനനം.
- മാലതി, നബകൃഷ്‌ണ ചൗധരിയെ വിവാഹം കഴിച്ചു. അദ്ദേഹം പിന്നീട് ഒഡീഷയുടെ മുഖ്യമന്ത്രിയായി. 1927ൽ ഒഡീഷയിലേക്ക് അവർ താമസം മാറുകയും ചെയ്‌തു.
- ഉപ്പ് സത്യാഗ്രഹത്തിനിടെ, മാലതി ചൗധരി ഭർത്താവിനൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്‌തു.
- സത്യാഗ്രഹത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനായി അവർ ജനങ്ങളെ പഠിപ്പിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു.
- 1933 ൽ അവർ ഭർത്താവിനൊപ്പം ഉത്കൽ കോൺഗ്രസ് സമാജ്‌വാദി കർമി സംഘം രൂപീകരിച്ചു.
- ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധിച്ചതിനെത്തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു.
പൂർണിമ ബാനർജി
- ഉത്തർപ്രദേശിലെ അലഹബാദിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു പൂർണിമ ബാനർജി.
- 1930 കളുടെ അവസാനത്തിലും 40 കളിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു റാഡിക്കൽ വനിതാ ശൃംഖലയിൽ ഒരാളായിരുന്നു അവർ.
- സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തതിന് പൂർണിമ അറസ്‌റ്റിലായി.
- ഭരണഘടനാ അസംബ്ലിയിൽ പൂർണിമ ബാനർജി നടത്തിയ പ്രസംഗങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് സോഷ്യലിസ്‌റ്റ് പ്രത്യയശാസ്‌ത്രത്തോടുള്ള അവരുടെ ഉറച്ച നിലപാടായിരുന്നു.
രാജ്‌കുമാരി അമൃത് കൗർ
- അമൃത് കൗർ 1889 ഫെബ്രുവരി 2ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജനിച്ചു.
- ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്നു. പത്ത് വർഷം പദവിയിൽ തുടർന്നു.
- ഇംഗ്ലണ്ടിലെ ഡോർസെറ്റിലെ ഷെർബോൺ സ്‌കൂൾ ഫോർ ഗേൾസിൽ വിദ്യാഭ്യാസം നേടി. പക്ഷേ 16 വർഷം മഹാത്മാഗാന്ധിയുടെ സെക്രട്ടറിയാകാൻ അതെല്ലാം ഉപേക്ഷിച്ചു.
- ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (എയിംസ്) സ്ഥാപകയായിരുന്നു.
- സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിലും കായികരംഗത്തെ പങ്കാളിത്തത്തിലും അവരുടെ ആരോഗ്യ സംരക്ഷണത്തിലും അവർ ഉറച്ചു വിശ്വസിച്ചിരുന്നു.
- ട്യൂബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ ലെപ്രസി ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവ സ്ഥാപിച്ചു. ലീഗ് ഓഫ് റെഡ് ക്രോസ് സൊസൈറ്റികളുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിൻ്റെ വൈസ് ചെയർപേഴ്‌സണും സെൻ്റ് ജോൺസ് ആംബുലൻസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സണുമായിരുന്നു.
- 1964ൽ അമൃത് കൗർ മരിച്ചപ്പോൾ ന്യൂയോർക്ക് ടൈംസ് അവരെ " രാഷ്‌ട്രസേവനത്തിലെ ഒരു രാജകുമാരി" എന്ന് വിശേഷിപ്പിച്ചു.
രേണുക റേ
- ഐസിഎസ് ഉദ്യോഗസ്ഥയായ സതീഷ് ചന്ദ്ര മുഖർജിയുടെയും, സാമൂഹിക പ്രവർത്തകയും അഖിലേന്ത്യാ വനിതാ കോൺഫറൻസിലെ (എഐഡബ്ല്യുസി) അംഗവുമായ ചാരുലത മുഖർജിയുടെയും മകളായിരുന്നു രേണുക റേ.
- ചെറുപ്പത്തിൽ രേണുക ലണ്ടനിൽ താമസിക്കുകയും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിഎ പൂർത്തിയാക്കുകയും ചെയ്‌തു.
- 1934ൽ എഐഡബ്ല്യുസിയുടെ നിയമ സെക്രട്ടറി എന്ന നിലയിൽ, 'ലീഗൽ ഡിസബിലിറ്റീസ് ഓഫ് വിമൺ ഇൻ ഇന്ത്യ; എ പ്ളീ ഫോർ എ കമ്മിഷൻ ഓഫ് എൻക്വയറി ' എന്ന തലക്കെട്ടിൽ ഒരു രേഖ സമർപ്പിച്ചു.
- 1943 മുതൽ 1946 വരെ കേന്ദ്ര നിയമസഭയിലും പിന്നീട് ഭരണഘടനാ അസംബ്ലിയിലും പാർലമെൻ്റിലും താത്‌കാലിക അംഗമായി. 1952–57 ൽ പശ്ചിമ ബംഗാൾ നിയമസഭയിൽ ദുരിതാശ്വാസ, പുനരധിവാസ മന്ത്രിയായി അവർ സേവനമനുഷ്‌ഠിച്ചു.
- 1957ലും 1962ലും ലോക്‌സഭയിലെ മാൾഡ അംഗമായിരുന്നു.
- 1952 ൽ അവർ എഐഡബ്ല്യുസിയുടെ പ്രസിഡൻ്റും ആയി.
സരോജിനി നായിഡു
- 1879 ഫെബ്രുവരി 13ന് ഹൈദരാബാദിൽ ജനനം.
- ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റായും ഇന്ത്യൻ സംസ്ഥാന ഗവർണറായി നിയമിതയായതുമായ ആദ്യ ഇന്ത്യൻ വനിതയായിരുന്നു.
- "ഇന്ത്യയുടെ വാനമ്പാടി" എന്ന് വിശേഷിപ്പിക്കുന്നു.
- ലണ്ടനിലെ കിങ്സ് കോളജിലും പിന്നീട് കേംബ്രിഡ്‌ജിലെ ഗിർട്ടൺ കോളജിലും പഠിച്ചു.
- കോൺഗ്രസ് പ്രസ്ഥാനത്തിലേക്കും മഹാത്മാഗാന്ധിയുടെ നിസഹകരണ പ്രസ്ഥാനത്തിലേക്കും ആകർഷിക്കപ്പെട്ടു.
- 1924ൽ ആഫ്രിക്കയിലെ ഇന്ത്യക്കാരുടെ താൽപ്പര്യാർഥം ആഫ്രിക്കയിലേക്ക് പോയി.
- 1928–29 കാലഘട്ടത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ വടക്കേ അമേരിക്കയിൽ പര്യടനം നടത്തി. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനം കാരണം അവർക്ക് നിരവധി ജയിൽ ശിക്ഷകൾ നൽകി (1930, 1932,1942–43).
- 1931ൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയോടൊപ്പം അവർ ലണ്ടനിലേക്ക് പോയി.
- സാഹിത്യ വൈദഗ്‌ധ്യത്തിനും സരോജിനി നായിഡു അറിയപ്പെട്ടിരുന്നു. 1914ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിൻ്റെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സുചേത കൃപ്‌ലാനി
- സുചേത കൃപ്‌ലാനി 1908ൽ ഹരിയാനയിലെ അംബാല പട്ടണത്തിൽ ജനിച്ചു.
- 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലെ പങ്കിൻ്റെ പേരിലാണ് അവർ പ്രത്യേകം ഓർമ്മിക്കപ്പെടുന്നത്.
- 1940ൽ കോൺഗ്രസ് പാർട്ടിയുടെ വനിതാ വിഭാഗവും കൃപ്‌ലാനി സ്ഥാപിച്ചു.
- സ്വാതന്ത്ര്യാനന്തരം, കൃപ്‌ലാനിയുടെ രാഷ്‌ട്രീയ ജീവിതത്തിൽ ന്യൂഡൽഹിയിൽ നിന്നുള്ള എംപിയായും പിന്നീട് ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിൽ തൊഴിൽ, സാമൂഹിക വികസനം, വ്യവസായ മന്ത്രിയായും സേവനമനുഷ്‌ഠിച്ചു.
- 1967 വരെ യുപി മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചു. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു സുചേത.
വിജയലക്ഷ്‌മി പണ്ഡിറ്റ്
- 1900 ഓഗസ്‌റ്റ് 18ന് അലഹബാദിൽ ജനിച്ച വിജയലക്ഷ്‌മി പണ്ഡിറ്റ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ സഹോദരിയായിരുന്നു.
- 1932-1933, 1940, 1942-1943 എന്നീ വർഷങ്ങളിൽ മൂന്ന് വ്യത്യസ്‌ത സന്ദർഭങ്ങളിൽ ബ്രിട്ടീഷുകാർ അവരെ ജയിലിലടച്ചു.
- അലഹബാദ് മുനിസിപ്പൽ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പോടെയാണ് പണ്ഡിറ്റിൻ്റെ നീണ്ട രാഷ്‌ട്രീയ ജീവിതം ഔദ്യോഗികമായി ആരംഭിച്ചത്.
- 1936 ൽ, അവർ യുണൈറ്റഡ് പ്രവിശ്യകളുടെ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1937ൽ തദ്ദേശ സ്വയംഭരണ, പൊതുജനാരോഗ്യ മന്ത്രി, എന്നീ നിലകളിൽ ക്യാബിനറ്റ് മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വനിതയായി മാറി.
- എല്ലാ കോൺഗ്രസ് പാർട്ടി ഓഫീസർമാരെയും പോലെ, ഇന്ത്യ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കാളിയാണെന്ന ബ്രിട്ടീഷ് സർക്കാരിൻ്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് 1939ൽ അവർ രാജിവെച്ചു.
- 1953 സെപ്റ്റംബറിൽ, ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും ആദ്യത്തെ ഏഷ്യക്കാരിയുമായി അവർ നിയമിതയായി.
Also Read: എന്തുകൊണ്ട് ജനുവരി 26 ? റിപബ്ലിക് ദിനത്തെപ്പറ്റി ചില കൗതുകങ്ങൾ..