എല്ലാ സീസണിലും വളരെ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് വഴുതന. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ തുടങ്ങീ പോഷകങ്ങളൂം ധാതുക്കളും വഴുതനയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുടെ മികച്ച സ്രോതസ് കൂടിയാണിത്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിളർച്ച തടയാനും ശരീരഭാരം കുറയ്ക്കാനും പതിവായി വഴുതിന കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ മൂലമുണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങൾ തടയാനും വഴുതിന സഹായിക്കും. സ്ഥിരമായി വഴുതന കഴിക്കുന്നതിലൂടെ ശരീരത്തിന് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് അറിയാം.
ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ
വഴുതനയിൽ ഉയർന്ന അളവിൽ ശക്തമായ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും കോശങ്ങളെ ഓക്‌സിഡേറ്റിവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്ന് ജേർണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ തടയാനും വഴുതന സഹായിക്കും.
ഹൃദയാരോഗ്യം
വഴുതനയിലെ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും രക്തത്തിലെ ലിപിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കി രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് ഫലം ചെയ്യും. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും വഴുതന സഹായിക്കും.
പ്രമേഹം നിയന്ത്രിക്കും
ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ വഴുതനയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തത്തിൽ ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാനും വഴുതന ഗുണം ചെയ്യും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനുമുള്ള കഴിവ് വഴുതനയ്ക്കുണ്ടെന്ന് ഫുഡ് ആൻഡ് ഫംഗ്‌ഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കാൻസർ വിരുദ്ധ ഗുണങ്ങൾ
വഴുതനയിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റുകൾക്ക് കാൻസർ വിരുദ്ധ ഗുണങ്ങൾ ഉണ്ടെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാൻസർ വികാസത്തിന് കാരണമാകുന്ന ഡിഎൻഎ നാശത്തിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് വഴുതനയ്ക്കുണ്ട്. കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് വഴുതനയെന്ന് ആൻ്റി കാൻസർ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ദഹന ആരോഗ്യം
നാരുകളുടെ നല്ലൊരു സ്രോതസാണ് വഴുതന. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കുടലിന്‍റെ ചലനശേഷി വർധിപ്പിക്കാനും മലബന്ധ സാധ്യത കുറയ്ക്കാനും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും വഴുതന കഴിക്കുന്നത് നല്ലതാണ്. വഴുതനയിൽ അടങ്ങിയിട്ടുള്ള ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ കുടലിലെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ് റിസർച്ച് ഇൻ്റർനാഷണലിൽ നടത്തിയ ഒരു ഗവേഷണം കണ്ടെത്തി.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മുടി കൊഴിയില്ല, ചർമ്മത്തിന് പ്രായമാകില്ല; ഡയറ്റിൽ ഉൾപ്പെടുത്താം ഈ പച്ചക്കറി