കാലത്തിനൊത്ത് മലയാളിയുടെ അടുക്കള മാറിയ മാറ്റത്തില്‍ പടിക്ക് പുറത്തായവയുടെ കൂട്ടത്തിലൊന്നായിരുന്നു മണ്‍ചട്ടികള്‍.തിരക്ക് പിടിച്ച ജീവിതത്തില്‍ ഭക്ഷണം പാകം ചെയ്യുന്നത് വേഗത്തിലാകണമെന്ന് കരുതിയ തലമുറയ്ക്ക് മണ്‍ചട്ടി ചൂടു പിടിച്ചു വരുന്നതു വരെ കാത്തു നില്‍ക്കാന്‍ ക്ഷമ ഇല്ലായിരുന്നു.പെട്ടെന്ന് ജോലികൾ എങ്ങനെ തീർക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് ചൂടു പിടിച്ച മണ്‍ചട്ടികളില്‍ ഭക്ഷണം ഒട്ടിപ്പിടിക്കുന്നതും വല്ലാത്ത വെറുപ്പുളവാക്കി.അങ്ങിനെ ഒട്ടാത്ത പാത്രങ്ങള്‍ തേടിയവര്‍ നോണ്‍സ്റ്റിക്കുകളെ അടുക്കളകളിലേക്ക് ആനയിച്ചു.അങ്ങിനെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ വിപണി വാണുതുടങ്ങി.
നോണ്‍ സ്റ്റിക്കിലെ ആരോഗ്യ പ്രശ്‌നങ്ങള്‍
കാര്യം പണി എളുപ്പമാണെങ്കിലും നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ അപകടം കാലം കുറച്ച് കഴിഞ്ഞപ്പോള്‍ പതുക്കെ മലയാളി തിരിച്ചറിഞ്ഞു തുടങ്ങി. ഇന്ന് കൂടുതൽപ്പേരും തെരഞ്ഞെടുക്കുന്ന നോൺസ്‌റ്റിക് പാത്രങ്ങള്‍ക്ക് നിരവധി ദൂഷ്യവശങ്ങളുമുണ്ട്. ഇവ കോട്ട് ചെയ്‌തിരിക്കുന്നത് ടെഫ്ലോൺ എന്നറിയപ്പെടുന്ന പോളിടെട്രാഫ്ലൂറോഎത്തിലീൻ കൊണ്ടാണ്. ഇത് സുരക്ഷിതമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും താപനില 300 ഡിഗ്രി സെൽഷ്യസിന് മുകളിലാവുമ്പോൾ ടെഫ്ലോൺ കോട്ടിങ് തകരാൻ തുടങ്ങും.
ഇത് വായുവിൽ വിഷ രാസവസ്‌തുക്കൾ പുറപ്പെടുവിക്കുന്നതിന് കാരണമാകും. അതിനാൽ തന്നെ ടഫ്ലോൺ കോട്ടിങ് അടർന്ന് വന്ന് കഴിഞ്ഞാൽ അത്തരം പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. 2015 വരെ പെർഫ്ലൂറോ ഒക്‌ടാനോയിക് ആസിഡ് എന്ന രാസവസ്‌തു നോൺസ്‌റ്റിക്ക് ടെഫ്ലോൺ പാനുകൾ ലെയർ ചെയ്യാൻ ഉപയോഗിച്ചിരുന്നു. എന്നാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങള്‍ വന്നതോടെ ഇത് ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു .
മണ്‍ചട്ടിയും കലവും പൊടിതട്ടിയെടുക്കുന്നു
അടുക്കളയുടെ പിന്നാമ്പുറത്തേക്ക് തള്ളിയകറ്റപ്പെട്ട പലതും പതുക്കെ തിരികെയെത്തുന്നതാണ് ഇന്നത്തെ കാഴ്ച.നോൺസ്‌റ്റിക് പാത്രങ്ങൾ വന്നതോടെ ആളുകള്‍ അകറ്റി നിര്‍ത്തിയ മൺചട്ടിയും മൺകലവുമൊക്കെ വീണ്ടും അടുക്കളയുടെ മുഖ്യധാരയിലേക്ക് എത്തിത്തുടങ്ങി.അപ്പോഴും പലര്‍ക്കും സംശയം തീരുന്നില്ല. നോണ്‍ സ്റ്റിക്ക് പോലെ ഒട്ടിപ്പിടിക്കാതെ ചൂടാക്കിയാല്‍ പൊട്ടാതെ മണ്‍ ചട്ടിയില്‍ പാചകം ചെയ്യാനാകുമോ? ഇതിനുള്ള ഉത്തരം വളരെക്കാലം മുമ്പ് തന്നെ നമ്മുടെ മുത്തശ്ശിമാര്‍ നല്‍കിയതാണ്.കലവും ചട്ടിയും 'മയക്കുന്ന' ആ സൂത്രപ്പണി ചെയ്‌താല്‍ ഒട്ടാതെ പൊട്ടാതെ മണ്‍ചട്ടിയിലും രുചികരവും ആരോഗ്യകരവുമായി ഭക്ഷണം പാകം ചെയ്യാനാവും.
മൺചട്ടിയെ 'നോൺസ്‌റ്റിക്' ആക്കാം
- പാത്രങ്ങൾ വാങ്ങി വന്നാൽ ആദ്യം തന്നെ 24 മണിക്കൂർ വെള്ളത്തിൽ മുക്കി വയ്ക്കണം. ശേഷം വെള്ളത്തിൽ നിന്നെടുക്കുന്ന മൺപാത്രത്തിലേക്ക് അൽപം കടലമാവിട്ട് സോഫ്‌റ്റായ സ്‌ക്രബർ ഉപയോഗിച്ചോ തുണി ഉപയോഗിച്ചോ വൃത്തിയാക്കി എടുക്കുക. ഇങ്ങനെ വൃത്തിയാക്കിയ ശേഷം പാത്രത്തിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് വീണ്ടും 24 മണിക്കൂർ നേരത്തേക്ക് റസ്‌റ്റ് ചെയ്യാനായി വയ്‌ക്കാം. ശേഷം പാത്രങ്ങൾ നല്ല രീതിയിൽ തുടച്ച് പുറത്തും അകത്തുമായി എണ്ണ തടവി കൊടുക്കുക. ശേഷം ഈ പാത്രങ്ങൾ ലോ ഫ്ലെയിമിൽ നല്ല രീതിയിൽ ചൂടാക്കിയ ശേഷം അതിലേക്ക് അൽപം കൂടി എണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് കല്ലുപ്പും തേങ്ങയും ഇട്ട് വറുത്ത് മാറ്റുക. ആവശ്യമെങ്കിൽ ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ഫ്രൈ ചെയ്‌ത് മാറ്റാവുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നത് വഴി മൺപാത്രങ്ങൾ എളുപ്പത്തിൽ മയക്കിയെടുക്കാനായി സാധിക്കും. ഇതിലൂടെ നോൺസ്‌റ്റിക് വാങ്ങുമ്പോൾ ഉണ്ടാകുന്ന അതേ മിനുസം മൺചട്ടിയിലും ലഭിക്കും.
- ആദ്യം മണ്‍ചട്ടി നന്നായി ചകിരിയിട്ട് കഴുകിയെടുക്കണം. കഴുകുമ്പോൾ സോപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല. പയറുപൊടി, കടലപൊടി എന്നിവ ഉപയോഗിച്ചും കഴുകാവുന്നതാണ്. ഉണങ്ങിയതിന് ശേഷം മണ്‍ചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി തേച്ചുപിടിപ്പിക്കണം. ഇത് രണ്ടുമണിക്കൂര്‍ നേരത്തേക്ക് മാറ്റിവയ്ക്കുക. എണ്ണ പിടിച്ചതിന് ശേഷം കുറച്ച് ഗോതമ്പ് പൊടിയോ പയറുപൊടിയോ ഇട്ട് ചകിരിയുപയോഗിച്ച് വീണ്ടും മൺചട്ടി കഴുകിയെടുക്കുക. ഇനി ഇത് വീണ്ടും ഉണങ്ങാന്‍ വയ്ക്കണം. ശേഷം ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടെ ഒഴിച്ച് നന്നായി തേച്ചുകൊടുക്കുക. എന്നിട്ട് വീണ്ടും ഉണക്കുക. അതിനുശേഷം ചകിരിയുപയോഗിച്ച് കഴുകി ഉണക്കണം. ഇനി മണ്‍ചട്ടിയില്‍ കുറച്ച് പച്ചരിയിട്ട് ചട്ടി നിറയെ വെള്ളം ഒഴിച്ച് തിളപ്പിക്കണം. നന്നായി തിളച്ച് കഴിയുമ്പോള്‍ തീ അണച്ച് കഞ്ഞി തണുക്കാന്‍ വയ്ക്കുക. ശേഷം ഇത് ഒഴിവാക്കി കഴുകിയെടുത്ത് കുറച്ച് വെളിച്ചെണ്ണ കൂടി തടവി വീണ്ടും ഉണക്കുക. അവസാനമായി കുറച്ച് വെള്ളം കൂടെ ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം ചൂടാറിക്കഴിയുമ്പോള്‍ അത് ഒഴിവാക്കി ചട്ടി ഉണക്കിയെടുത്ത് കഴിഞ്ഞാല്‍ അത് നോണ്‍സ്‌റ്റിക് മണ്‍ചട്ടി പോലെ ആയിക്കിട്ടും.
- ആദ്യമേ തന്നെ മൺചട്ടിയെടുത്ത് അതിൽ നിറയെ വെള്ളം ഒഴിച്ച് മൂന്ന് ടേബിൾ സ്‌പൂൺ ചായപ്പൊടി ഇട്ടുകൊടുക്കുക. ഇത് നന്നായി തിളച്ച് പകുതിയാകുന്നത് വരെ ചെറിയ തീയിൽ വച്ചുകൊടുക്കണം. തീ ഒരുപാട് കൂട്ടി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകുതി വറ്റിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. അതിനുശേഷം ഇത് ചൂടാറാനായി മാറ്റിവയ്ക്കുക. നന്നായി ചൂടാറിയതിന് ശേഷം ഈ വെള്ളം കളഞ്ഞ് കടലപ്പൊടി ഉപയോഗിച്ച് ചട്ടി കഴുകിയെടുക്കാം. ശേഷം ഒരു തുണി വച്ച് തുടച്ച്, കുറച്ചു വെളിച്ചെണ്ണ അകത്തും പുറത്തും തേച്ച് തേച്ചുകൊടുക്കാം. ഈ രീതിയിൽ ചട്ടി പെട്ടെന്ന് തന്നെ മയക്കിയെടുക്കാൻ സാധിക്കും.
- ആദ്യം ചട്ടി നമ്മൾ അടുപ്പത്തുവച്ചതിനു ശേഷം അതിലേക്ക് തേങ്ങാപ്പാൽ ഒഴിക്കുക. ഇത് ഏതാണ്ട് വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം. നന്നായി വറ്റി വന്നു കഴിഞ്ഞാൽ ഇതും കളഞ്ഞതിനു ശേഷം കടലപ്പൊടി വച്ച് ചട്ടി കഴുകി തുടച്ച് എണ്ണ തേച്ചു വയ്ക്കാം. ഇങ്ങനെ നാല് രീതിയിൽ നമുക്ക് ചട്ടി മയക്കി എടുക്കാം. ഇത്തരത്തിൽ ചട്ടി മയക്കി എടുത്താൽ പെട്ടെന്ന് പൊട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
Also Read: കുക്കറിൽ പുട്ടുണ്ടാക്കുമ്പോൾ പൊട്ടിത്തെറിക്കുമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..