ന്യൂഡൽഹി:മദ്രസയിൽ അഞ്ച് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കഴുത്തിലും അടിവയറ്റിലും ഞരമ്പിലും ധാരാളം മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഡൽഹിയിലെ ബ്രിജ് പുരിയിലാണ് സംഭവം. വെള്ളിയാഴ്‌ച (ഓഗസ്‌റ്റ് 23) രാത്രി 9.52 ഓടെയാണ് മരണ വിവരം അറിയുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം 6:30 ന്, മകന് അസുഖമുണ്ടെന്ന് മദ്രസയിൽ നിന്ന് അറിയിച്ചിരുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞു. മാത്രമല്ല അവിടെ നിന്നും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായും അവർ അറിയിച്ചു. അതേസമയം അഞ്ച് മാസം മുമ്പാണ് കുട്ടി മദ്രസയിലേക്ക് പോയി തുടങ്ങിയതെന്ന് അവർ കൂട്ടിച്ചേർത്തു.
എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം മദ്രസയിലേക്ക് തിരികെ കൊണ്ടുവരുകയും പിന്നീട് ജിടിബി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം മരണകാരണം വ്യക്തമല്ലെന്നും പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ അത് കണ്ടെത്താനാകൂവെന്നും നോർത്ത് ഈസ്‌റ്റ് ഡൽഹി ഡിസിപി ജോയ് ടിർക്കി മാധ്യമങ്ങളോട് പറഞ്ഞു.
"ശരീരത്തിലെ പ്രാഥമിക പരിശോധനയിൽ കഴുത്തിലും വയറിലും ഞരമ്പിലും ധാരാളം പൊട്ടലുകളും കുമിളകളും കാണപ്പെട്ടു. പോസ്‌റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷമേ മരണം സ്വഭാവികമാണോ കൊലപാതകമാണോ എന്ന് കണ്ടെത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Also Read:ബിബിഎ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി