മലപ്പുറം: കാരാട്ട് കുറീസ് തട്ടിപ്പിനെതിരെ പ്രതിഷേധവുമായെത്തിയ നിക്ഷേപകന് പൊലീസിന്‍റെ ക്രൂര മര്‍ദനം. തിരൂരങ്ങാടി സ്വദേശിയായ നൗഷാദിനെയാണ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. മര്‍ദനത്തിന് പിന്നാലെ യുവാവിനെ ബലമായി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി വെള്ള പേപ്പറില്‍ ഒപ്പിടിയിപ്പിച്ചതായും ആരോപണം. സംഭവത്തില്‍ നിലമ്പൂരില്‍ വന്‍ പ്രതിഷേധം.
ഇന്ന് (നവംബര്‍ 27) രാവിലെ മുതലാണ് നിലമ്പൂരിലെ കാരാട്ട് കുറീസ് ബ്രാഞ്ചിന് മുന്നില്‍ നിക്ഷേപകരെത്തി പ്രതിഷേധം ആരംഭിച്ചത്. വിവിധ ജില്ലകളിലായുള്ള 14 ബ്രാഞ്ചിലെയും നിക്ഷേപകരാണ് നിലമ്പൂരില്‍ പ്രതിഷേധവുമായെത്തിയത്. ഇതിനിടെ നിക്ഷേപകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നൗഷാദിനെ ക്രൂര മര്‍ദനത്തിനിരയാക്കി പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചത്.
യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെ നിക്ഷേപകര്‍ പ്രതിഷേധം കടുപ്പിച്ചു. യുവാവിനെ സ്റ്റേഷനില്‍ നിന്നും വിട്ടയക്കാതെ പിരിഞ്ഞ് പോകില്ലെന്ന് നിക്ഷേപകര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇക്കഴിഞ്ഞ 19നാണ് കോടികള്‍ തട്ടി കാരാട്ട് കുറീസ്, ധനക്ഷേമ നിധി ലിമിറ്റഡ് എന്നീ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഉടമകള്‍ മുങ്ങിയത്. എംഡിയായ സന്തോഷ്, ഡയറക്‌ടറായ മുബഷീര്‍ എന്നിവരാണ് കോടികള്‍ തട്ടി കടന്നുകളഞ്ഞത്. സംഭവത്തിന് പിന്നാലെ വിവിധ ബ്രാഞ്ചുകളിലെ നിക്ഷേപകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കി. കോടികളുടെ തട്ടിപ്പ് നടന്നതായാണ് പരാതി.