കണ്ണൂർ : ഓരോ ഋതുക്കളിലും പല വർണങ്ങൾ പെയ്‌തിറങ്ങുന്ന വിശാലമായ പാറ. ഓണക്കാലത്ത് നീല വസന്തം എങ്കിൽ നവംബറിൽ അത് ചുവപ്പാകുന്നു. കടും വേനലിൽ സ്വർണ നിറം പെയ്‌തിറങ്ങുമ്പോൾ മഴക്കാലത്ത് പച്ച പട്ടണിഞ്ഞ് സുന്ദരി ആകുന്നു. മറ്റ് ചെങ്കൽ കുന്നുകളിൽ നിന്നും വിത്യസ്‌തമായി വിനോദ സഞ്ചാരികളെ ഏതു കാലത്തും ആകർഷിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് മാടായിപ്പാറ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കണ്ണൂരിൽ നിന്ന് കേവലം 30 കിലോമീറ്റർ ദൂരത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന ഇടം. 500ലേറെ സസ്യ ഇനങ്ങൾക്കും 300 ഇനം പൂച്ചെടികൾക്കും വൈവിധ്യങ്ങൾ നിറഞ്ഞ വിദേശ ചിത്രശലഭങ്ങൾക്കും പേരുകേട്ടതാണ് ഇവിടം. വിദേശ രാജ്യങ്ങളിലെ ദേശാടന പക്ഷികൾ ആദ്യം ഇറങ്ങുന്നത് മാടായി പാറയിൽ ആണത്രേ.
മനുഷ്യ വാസം കുറഞ്ഞ ഇടമായതാണ് ഇതിനു കാരണമെന്ന് പ്രദേശത്തെ പ്രമുഖ പരിസ്ഥിതി-സസ്യ-പക്ഷി നിരീക്ഷകനായ അഖിൽ മാടായി പറയുന്നു. മാടായിപ്പാറയുടെ ജൈവവൈവിധ്യത്തെ കൃത്യമായ നിലയിൽ പരിപാലിച്ചുപോരുന്ന ഒരു സംഘം പ്രദേശവാസികളാണ് ഇന്നും മാടായിപ്പാറയുടെ നട്ടെല്ലായി ഇവിടെ കയ്യടി അർഹിക്കുന്നത്- അഖിൽ പറയുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് ഏഴിമല രാജാക്കന്മാരുടെ ഭരണകേന്ദ്രമായി മാടായിപ്പാറ ഉപയോഗിച്ചിരുന്നു. ആ കാലഘട്ടത്തിൻ്റെ ശേഷിപ്പുകള്‍ അതിന്‍റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് കാഴ്‌ചക്കാർക്ക് പറഞ്ഞു തരുന്നുണ്ട്. തെക്കിനാക്കില്‍ കോട്ടയും ജൂത കുളവും അതിന് ഉദാഹരണങ്ങൾ ആണ്. കയ്യിൽ പിടിക്കുന്ന കണ്ണാടിയുടെ ആകൃതിയിൽ രൂപംകൊണ്ട ഒരു കുളം പുരാതന യഹൂദ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു.
മാടായിക്കാവും വടുകുന്ദ ശിവക്ഷേത്രവും : പ്രദേശത്തെ വടുകുന്ദ ശിവക്ഷേത്രവും അതിനടുത്തുള്ള ഒരു തടാകവും വളരെ പ്രശസ്‌തമാണ്. ഏത് കടുത്ത വേനലിനെയും അതിജീവിക്കുന്ന തടാകം പ്രാദേശിക ജന്തുജാലങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിന് വറ്റാത്ത ജലസ്രോതസായി അത്‌ഭുതപ്പെടുത്തുന്നുണ്ട് സഞ്ചാരികളെ.
മാടായിക്കാവിലെ ഉത്സവം കൊടിയേറിയതിന് ശേഷം ഇവിടേക്ക് വന്നാൽ ഒരു പുതിയ ലോകത്ത് തന്നെ നിങ്ങൾക്ക് എത്തിച്ചേരാം. ഈ പ്രദേശത്തെ മനോഹരമായ ഭൂപ്രകൃതി ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് നൽകുന്നത്.
Also Read: പാറയില്‍ 24 കാല്‍പാദങ്ങളും മനുഷ്യരൂപവും; നീലേശ്വരത്ത് മഹാശില കാലഘട്ടത്തിലെ ശേഷിപ്പുകള്‍ കണ്ടെത്തി