ഹൈദരാബാദ്: ട്രെയിൻ യാത്രക്കിടയിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ പലപ്പോഴും നിങ്ങൾ മടിക്കാറില്ലേ? ഭക്ഷണത്തിന്‍റെ രുചിയും ഗുണനിലവാരവും ശുചിത്വവും തന്നെയാണ് ഇതിന് കാരണം. എന്നാൽ ഇനി നിങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യവെ സൊമാറ്റോയിൽ നിന്നും ഇഷ്‌ടഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ സാധിക്കും.
ട്രെയിൻ കോച്ചുകളിലേക്ക് നേരിട്ട് ഭക്ഷണം ഡെലിവറി ചെയ്യുന്നതിന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഐആർടിസിയുമായി കൈകോർക്കുകയാണ്. ഇതോടെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും, റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നവർക്കും ഇഷ്‌ടപ്പെട്ട ഭക്ഷണം വാങ്ങാനാകും. നിലവിൽ ഇന്ത്യയിലെ 88 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് സൊമാറ്റോ ഇപ്പോൾ.
ആദ്യഘട്ടത്തിൽ ന്യൂഡൽഹി, പ്രയാഗ്‌രാജ്, കാൻപൂർ, ലഖ്‌നൗ, വാരണാസി തുടങ്ങിയ നഗരങ്ങളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. നൂറിലധികം റെയിൽവേ സ്റ്റേഷനുകളിലായി പത്ത് ലക്ഷത്തിലധികം ഓർഡറുകൾ സൊമാറ്റോ ഇതിനകം നൽകിയിട്ടുണ്ട്. യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിനാൽ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ.
പ്രാദേശിക ഭക്ഷണങ്ങൾ മുതൽ അന്താരാഷ്ട്ര വിഭവങ്ങൾ വരെ ലഭ്യമാക്കുമെന്നാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പറയുന്നത്.
IRCTC is committed to enhance rail passengers' journeys by providing a wider range of quality food options. Through strategic partnerships, we offer variety of quality food, ensuring a satisfying experience onboard our trains. https://t.co/nD27Z90CJE
— IRCTC (@IRCTCofficial) September 14, 2024
എങ്ങനെ ഓർഡർ ചെയ്യാം?
ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ട്രെയിനിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ഇഷ്‌ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്യാം. യാത്രക്കാർ പറയുന്നതിനനുസരിച്ച് നിയുക്ത കോച്ചിലേക്ക് സൊമാറ്റോ ഭക്ഷണം നേരിട്ട് എത്തിക്കും. തങ്ങൾ സമയബന്ധിതവും വിശ്വസനീയവുമായ ഡെലിവറി ഉറപ്പാക്കുമെന്നാണ് സൊമാറ്റോ പറയുന്നത്.
ഇതിനായി നിങ്ങൾ നിയുക്ത സ്റ്റേഷനിലെത്തുന്നതിന് 48 മണിക്കൂർ മുൻപ് ഭക്ഷണം ഓർഡർ ചെയ്യേണ്ടതുണ്ട്. സൊമാറ്റോ നിങ്ങളുടെ ട്രെയിൻ സ്റ്റാറ്റസ് തത്സമയം ട്രാക്ക് ചെയ്യും. ഇതുവഴി നിങ്ങൾ നിയുക്ത സ്റ്റേഷനിലെത്തുമ്പോൾ സമയബന്ധിതമായി ഭക്ഷണമെത്തിക്കാൻ കഴിയും. ഭക്ഷണം പാചകം ചെയ്യാൻ ആരംഭിക്കുന്നത് വരെ നിങ്ങൾക്ക് ഓർഡർ ക്യാൻസൽ ചെയ്യാവുന്നതാണ്.
ഓർഡർ ചെയ്യുന്ന ഘട്ടങ്ങൾ:
- നിങ്ങളുടെ ഫോണിൽ സൊമാറ്റോ ആപ്പ് തുറക്കുക
- 'ട്രെയിൻ' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- പിഎൻആർ നമ്പർ നൽകുക
- ഇഷ്‌ടമുള്ള റെസ്റ്റോറന്‍റ് തെരഞ്ഞെടുക്കുക
- നിങ്ങൾക്ക് ഡെലിവറി ചെയ്യേണ്ട സ്ഥലം തെരഞ്ഞെടുക്കുക
- തുടർന്ന് ഭക്ഷണം തെരഞ്ഞെടുത്ത് ഓർഡർ നൽകുക
- പണമടക്കുക
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Also Read: മതിയായ ആവശ്യക്കാരില്ല: ലെജൻഡ്‌സ് സേവനങ്ങൾ അവസാനിപ്പിച്ചതായി സൊമാറ്റോ