പാലക്കാട്: ശശി തരൂരിനെ വിടാതെ വേട്ടയാടിയിരുന്നവർ ഇപ്പോൾ അദ്ദേഹത്തിൻ്റെ മികവ് തിരിച്ചറിയുന്നത് നല്ല കാര്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫാസിസത്തിനെതിരായി മികച്ച പോരാട്ടം കാഴ്‌ചവച്ച തരൂരിന് കോൺഗ്രസ് അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ശശി തരൂരിനെ സിപിഎം നേതാക്കള്‍ പിന്തുണച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
ശശി തരൂരിൻ്റെ ഇൻ്റർവ്യൂ മുഴുവൻ കണ്ട ആളാണ് താൻ. കോൺഗ്രസ് അടുത്ത തവണ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലെത്തുന്നതിനെക്കുറിച്ചാണ് അതിലുടനീളം തരൂർ പറയുന്നത്. ശക്തമായ നിലപാടുകളുള്ള തരൂരിനെപ്പോലെ ഒരാൾക്ക് കോൺഗ്രസ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല. തരൂരിൻ്റെ മികവ് നേരത്തേ തിരിച്ചറിഞ്ഞതാണ് കോൺഗ്രസ്. അതു കൊണ്ടാണ് അദ്ദേഹത്തെ അംഗീകരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും മറ്റും തരൂരിനെ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹത്തെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് രാഹുല്‍ രംഗത്തെത്തി.
വിശ്രമമില്ലാത്ത ജോലിയാണ് കേരളത്തെ ആരോഗ്യരംഗത്ത് നമ്പർ വൺ ആക്കി നിർത്തുന്നത് എന്നത് സർക്കാർ മറക്കരുത്. ആശാ വർക്കർമാരുടെ സമരത്തെ മോശമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പി. എസ്.സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പള വർധന നൽകുന്ന സർക്കാരിന് ആശാവർക്കർമാരുടെ ന്യായമായ ആവശ്യം കാണാനാവുന്നില്ല. സമരത്തിന് പിന്തുണ നൽകുന്നത് തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.