'കാക്കേ കാക്കേ കൂടെവിടെ' എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഔസേപ്പച്ചൻ ഒരുക്കിയ 'കണ്ണാന്തുമ്പി പോരാമോ എന്നോട് ഇഷ്‌ടം കൂടാമോ' എന്ന ജനപ്രിയ ഗാനം കേൾക്കാത്ത മലയാളികൾ ഇല്ല. ചിത്ര പാടിയ ഈ ഗാനത്തിന്‍റെ അനുപല്ലവി ഇപ്രകാരമാണ് "മുത്തം വയ്ക്കാൻ എത്തുന്നുണ്ടെ കന്നത്തിൽ". എന്നാല്‍ ഗാനം കേട്ട് ഏറ്റുപാടിയവരെല്ലാം തന്നെ കന്നത്തിൽ എന്ന വാക്കിനു പകരം പല്ലക്കിൽ എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.
പിൽക്കാലത്ത് ഇറങ്ങിയ ഗാനത്തിന്‍റെ കവർ വേർഷനിലും പല്ലക്കിൽ എന്ന് തന്നെയാണ് പലരും പാടിയിട്ടുള്ളത്. ചിത്ര "മുത്തം വയ്ക്കാൻ എത്തുന്നുണ്ടെ കന്നത്തിൽ".. എന്ന് തന്നെയാണ് പാടിയിരിക്കുന്നത്. എന്നാല്‍ പാട്ടുകേള്‍ക്കുമ്പോള്‍ പലരും കേള്‍ക്കുന്നത് മറ്റൊരു വാക്കാണ്. ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശരിയായ വാക്ക് കണ്ടുപിടിച്ച് അതിന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ മലയാളിക്ക് ബോധ്യപ്പെടുത്തുകയാണ് ദിവ കൃഷ്‌ണ.
പാട്ടു വർത്തമാനം എന്ന തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ദിവ പാട്ടു വിശേഷങ്ങൾ പങ്കുവച്ച് ട്രെൻഡ് ആയി മാറിയത്. സാധാരണ പ്രേക്ഷകർക്കൊപ്പം താരങ്ങളും പാട്ടുവിശേഷങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെ പ്രമുഖരായ വിദ്യാസാഗറും ജയറാമും ഉള്‍പ്പെടെയുള്ളവര്‍ ദിവയെ തേടിയെത്തി. മലയാളത്തിലെ പ്രശസ്‌ത ചാനലിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ അവതാരകൻ കൂടിയാണ് ദിവ ഇപ്പോൾ.
സിനിമ മോഹം
തിരുവനന്തപുരം പാറശാല സ്വദേശിയാണ് ദിവ. ജീവിക്കാന്‍ വേണ്ടി ദിവ കൃഷ്‌ണ ഒട്ടേറെ ജോലികള്‍ ചെയ്‌തിട്ടുണ്ട്. മുന്‍പ് മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്‌തു. പിന്നീട് ഒരു ഫൈനാൻഷ്യൽ കമ്പനിയിൽ ജോലിക്ക് കയറി.
എന്നാല്‍ അതിലൊന്നും നിന്നില്ല. പിന്നീട് നൈറ്റ് വാച്ച് മാന്‍ വരെയുള്ള ജോലികള്‍ മാറി മാറി ചെയ്‌തു. ഇതെല്ലാമുണ്ടെങ്കിലും സിനിമയാണ് മോഹം. സിനിമയില്‍ എത്തിപ്പെടാന്‍ രണ്ട് ഹ്രസ്വ ചിത്രങ്ങള്‍ ചെയ്‌തു. നീ എൻ സർഗ്ഗ സൗന്ദര്യമേ, മീശ മീനാക്ഷി തുടങ്ങിയ സംവിധാന സംരംഭങ്ങൾ ദിവ കൃഷ്‌ണയ്ക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. കൊവിഡ് കാലം സകല സിനിമ മോഹങ്ങൾക്കും വിലങ്ങുതടിയായപ്പോൾ നേരമ്പോക്കിന് തുടങ്ങിയ സോഷ്യൽ മീഡിയ പേജ് ആണ് പാട്ട് വർത്തമാനം.
പാട്ടിനോടുള്ള ഇഷ്‌ടം
കുട്ടിക്കാലം മുതൽ തന്നെ ഗാനങ്ങളോട് അഭിനിവേശം ഉണ്ടായിരുന്നു. 90 കാലഘട്ടത്തിലെ ഗാനങ്ങൾ വൈകാരികമായി ചേർന്നുനിന്നതോടെ ഗാനങ്ങൾക്കുള്ളിലെ രസകരമായ ചില വസ്‌തുതകളും പാട്ടു ജനിച്ച വഴിയും ഒക്കെ പാട്ടു വർത്തമാനം എന്ന സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചു. സ്വതസിദ്ധമായ ശൈലിയിൽ ദിവയുടെ അവതരണം കാഴ്‌ചക്കാർക്ക് ബോധിച്ചതോടെ സംഗതി സൂപ്പർ ഹിറ്റ്.
'കൊച്ചുകൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിലെ 'കോടമഞ്ഞിൻ താഴ്വരയിൽ' എന്നു തുടങ്ങുന്ന ഗാനത്തിലെ ചില വരികളുടെ അർഥങ്ങൾ പാട്ട് വർത്തമാനത്തിലൂടെ പങ്കുവച്ചത് വലിയ വഴിത്തിരിവായി മാറി. ആദ്യം ശ്രദ്ധിക്കപ്പെടുന്ന പാട്ട് വിശേഷം കോടമഞ്ഞിൻ താഴ്വരയിൽ ആയിരുന്നു.
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന ചിത്രത്തിലെ 'ബമ്പാട്ട് ഹുടഗി' എന്ന വാക്കിന്‍റെ അർഥം കണ്ടെത്താനായി നടത്തിയ ശ്രമങ്ങൾ ചില്ലറയല്ല. ആ വാക്കിന്‍റെ അർഥം അറിയാനായി ഗാനരചയിതാവ് എസ് രമേശൻ നായരുടെ മകനെ പലരീതിയിലും കോൺടാക്‌ട് ചെയ്യാൻ ശ്രമിച്ചു. സംവിധായകൻ രതീഷ് അമ്പാട്ട് ആണ് രമേശൻ നായർക്ക് ആ വാക്ക് പറഞ്ഞുകൊടുത്തത് എന്ന് ബോധ്യപ്പെട്ടതോടെ രതീഷ് അമ്പാട്ടിനെ കോൺടാക്‌ട് ചെയ്യാൻ ശ്രമിച്ചു.
ആ ശ്രമവും പിഴച്ചതോടെ സിനിമയുടെ സംവിധായകൻ ലാൽ ജോസിനെ വാട്‌സ് ആപ്പിലൂടെ കോൺടാക്‌ട് ചെയ്‌തു, വിവരം ആരാഞ്ഞു. അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ഗാനം ജനിച്ച വഴികൾ അത്രയും വിശദമായി ലാൽ ജോസ് മറുപടിയായി അയച്ചു. അദ്ദേഹം പാട്ടു വർത്തമാനം വല്ലപ്പോഴും കാണുന്നുണ്ട് എന്ന ബോധ്യവും ദിവയ്ക്ക് ഉണ്ടായിരുന്നു. 'ബമ്പാട്ട് ഹുടഗി' എന്ന കന്നഡ വാക്കിന്‍റെ അർഥം മിടുക്കി പെണ്ണ് എന്നുള്ളതാണ് എന്ന് ലാൽ ജോസാണ് പാട്ടുവർത്തമാനത്തിനുവേണ്ടി വെളിപ്പെടുത്തുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിൻ കിനാക്കൾ എല്ലാം', 'തെങ്കാശി പട്ടണ'ത്തിലെ 'ഒരു സിംഹമലയും കാട്ടിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഇടയിൽ കേൾക്കുന്ന റാപ്പ് സംഗീതം തുടങ്ങിയ ഗാനങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡ് ആയി മാറി. തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ രൂപസാദൃശ്യവുമായി കടിച്ചാൽ പൊട്ടാത്ത ഗാനങ്ങളുടെ വരികളുടെ അർഥം പ്രേക്ഷകർക്ക് പറഞ്ഞു നൽകുന്ന ദിവ കൃഷ്‌ണ പാട്ടു വിശേഷങ്ങളുമായി യാത്ര തുടരുകയാണ്.
Also Read:സ്‌കൂള്‍ കാലം മുതല്‍ സ്വപ്‌നം വിഷ്വല്‍ മീഡിയ, കരിയറിലെ വഴിത്തിരിവ് ബിഗ്‌ബോസ്; പിന്നിട്ട വഴികളെക്കുറിച്ച് കുട്ടി അഖില്‍