പത്തനംതിട്ട: എഡിഎംകെ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കേസിലെ പ്രത്യേക അന്വേഷണ സംഘം പ്രതിയെയും കലക്‌ടറെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. നവീൻ ബാബുവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുരേന്ദ്രൻ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ചരിത്രത്തില്‍ ഇതുവരെ കാണാത്ത ചതിയാണ് സിപിഎമ്മും പിണറായി വിജയനും നവീൻ ബാബുവിന്‍റെ കുടുംബത്തോട് ചെയ്‌തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ എല്ലാ തെളിവുകളും നശിപ്പിക്കാൻ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചത്. തങ്ങള്‍ നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പം ആണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ള നാടകമാണ് പിണറായിയും കൂട്ടരും നടത്തിയത്. പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകര്‍ തങ്ങള്‍ നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണ് എന്ന പ്രീതി സൃഷ്‌ടിക്കാൻ ശ്രമിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തുടക്കം മുതല്‍ തന്നെ പിണറായിയും സിപിഎമ്മും കണ്ണൂരിലെ നേതാക്കളും കൊലയാളികള്‍ക്കൊപ്പമായിരുന്നു. കേസില്‍ എല്ലാ വിശ്വാസവും നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് കുടുംബം നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ ഹൈക്കോടതിയെ സമീപിച്ചത്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അവര്‍ക്ക് നീതി ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
സര്‍ക്കാരും സിപിഎമ്മും പിണറായി വിജയനും അവരെ വഞ്ചിക്കുകയായിരുന്നു, ഈ കള്ളക്കളി മനസിലായതോടെയാണ് നവീൻ ബാബുവിന്‍റെ കുടുംബം കോടതിയെ സമീപിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്‍റെ പൊതുമനസാക്ഷി ആ കുടുംബത്തോടൊപ്പം ഉണ്ട്. ചരിത്രത്തില്‍ ഇന്നേവരെ കാണിക്കാത്ത ഏറ്റവും വലിയ ചതിയാണ് പിണറായിയും സിപിഎമ്മും നവീൻ ബാബുവിന്‍റെ കുടുംബത്തോട് ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.
'തെറ്റായി വാര്‍ത്ത കൊടുത്ത ഒരു മാധ്യമ പ്രവര്‍ത്തകനെയും വെറുതെ വിടില്ല'
അതേസമയം, പാലക്കാട് ബിജെപിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് രൂക്ഷമായ ഭാഷയിലാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ബിജെപിക്കെതിരെ വളച്ചൊടിച്ച് വാര്‍ത്തകള്‍ കൊടുത്ത ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യും.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ മറവില്‍ 100 കണക്കിന് ബലിദാനികള്‍ ജീവൻകൊടുത്ത പ്രസ്ഥാനത്തെ കരിവാരിത്തേക്കാൻ മാധ്യമങ്ങളുടെ ശ്രമം ഒരുതരത്തിലും അംഗീകരിക്കില്ല, അത്തരം നെറികേട് കാണിച്ച ഒരുത്തനെയും വെറുതെ വിടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുസമൂഹത്തിന് മുന്നില്‍ ഒരു വലിയ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ച കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്നും, ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Read Also: എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സ്വീകരിച്ചു