കേരളം

kerala

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തെ വീണ്ടും അനുകൂലിച്ച് ഡൊണാള്‍ഡ് ട്രംപ്

By

Published : Jul 29, 2020, 1:32 PM IST

കൊവിഡ് രോഗ ബാധയുടെ ആദ്യഘട്ടത്തില്‍ മരുന്ന് ഫലപ്രദമാണെന്ന് പല മുന്‍നിര ആരോഗ്യപ്രവര്‍ത്തകരും അദ്ദേഹത്തോട് യോജിക്കുന്നുവെന്ന് മാധ്യമസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.

Trump defends use of hydroxychloroquine  says it works in early stages of COVID-19 infection  COVID-19  ഹൈഡ്രോക്‌സിക്ലോറോക്വിന്‍  ഡൊണാള്‍ഡ് ട്രംപ്  US President Donald Trump  കൊവിഡ് 19
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തെ വീണ്ടും അനുകൂലിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടണ്‍: കൊവിഡിനെ പ്രതിരോധിക്കാനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തെ വീണ്ടും അനുകൂലിച്ച് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് ബാധയുടെ ആദ്യഘട്ടത്തില്‍ മലേറിയക്കെതിരെയുള്ള മരുന്ന് ഫലപ്രദമാണെന്ന് പല മുന്‍നിര ആരോഗ്യപ്രവര്‍ത്തകരും അദ്ദേഹത്തോട് യോജിക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മരുന്ന് ഫലപ്രദമല്ലെന്ന തെളിവുകള്‍ക്കിടയിലാണ് വീണ്ടും വാദവുമായി ട്രംപ് എത്തുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി വൈറ്റ് ഹൗസ് ഡോക്‌ടറിന്‍റെ നിര്‍ദേശപ്രകാരം ദിവസേന ഹൈഡ്രോക്‌സ്ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്ന് മെയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ഞാന്‍ മരുന്നില്‍ വിശ്വസിക്കുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ 14 ദിവസത്തേക്ക് ഉപയോഗിച്ചുവെന്നും ഇത് കൊവിഡിന്‍റെ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിചാരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പല ആരോഗ്യപ്രവര്‍ത്തകരും ഇത്പോലെ വിശ്വസിക്കുന്നുവെന്നും ഇത് പോലെ വിശ്വസിക്കുന്നുവെന്നും വൈറ്റ് ഹൗസില്‍ വെച്ച് ചൊവ്വാഴ്‌ച നടന്ന മാധ്യമ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. മരുന്ന് സുരക്ഷിതമാണെന്നും മലേറിയ, ല്യൂപ്പസ് മറ്റ് രോഗങ്ങള്‍ എന്നിവയ്‌ക്ക് ഉപയോഗിക്കുന്നുവെന്നും തനിക്ക് ഒരു പ്രശ്‌നവും മരുന്നിന്‍റെ ഉപയോഗത്തിലൂടെ ഉണ്ടായിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മരുന്ന് തന്നില്‍ ദോഷകരമായിരുന്നില്ലെന്നും അതേപോലെ മറ്റുള്ളവരിലും ദോഷകരമാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

അതേസമയം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിന് ഫലപ്രദമാണെന്ന് ഇതുവരെ യാതൊരു തെളിവുകളും ഉണ്ടായിട്ടില്ല. എന്നാല്‍ മരുന്ന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന് പറയപ്പെടുന്നു. കഴിഞ്ഞമാസമാണ് യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗം കൊവിഡ് ചികില്‍സയ്‌ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിനെതിരെ ഫലപ്രദമാണെന്ന് നിലവില്‍ ഒരു തെളിവുമില്ലെന്നാണ് ലോകാരോഗ്യസംഘടനയും പറയുന്നത്.

നിരവധി ഡോക്‌ടര്‍മാര്‍ മരുന്നിനെ അനുകൂലിക്കുകയും ചില ഡോക്‌ടര്‍മാര്‍ പ്രതികൂലിക്കുകയും ചെയ്യുന്നു. ഇത് തികച്ചും രാഷ്‌ട്രീയപരമാണെന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിനിനെ ചൊല്ലിയുള്ള വിവാദങ്ങളെ മുന്‍നിര്‍ത്തി ട്രംപ് പ്രതികരിച്ചത്. നിരവധി വര്‍ഷങ്ങളായുള്ള മരുന്ന് സുരക്ഷിതമാണെന്നും തന്‍റെ വായനയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും യേലില്‍ നിന്നുള്ള ഡോക്‌ടറും മരുന്നിനെ ശക്‌തമായി അനുകൂലിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കൊവിഡിനെതിരെ എഫ്‌ഡിഎ ഇതുവരെ ഒരു മരുന്നും അംഗീകരിച്ചിട്ടില്ല. ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം ലോകമെമ്പാടും 16 മില്ല്യണ്‍ ആളുകളാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. ഇതുവരെ 655,300 പേരുടെ ജീവന്‍ കൊവിഡ് മൂലം നഷ്‌ടപ്പെട്ടു. 150,000 ത്തിലധികം അമേരിക്കക്കാര്‍ കൊവിഡ് മൂലം മരിക്കുകയും 4.4 മില്ല്യണ്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

1946ലാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ആദ്യമായി വികസിപ്പിച്ചെടുത്തത്. മലേറിയക്കെതിരെയാണ് ഈ മരുന്ന് ഉപയോഗിച്ചു വരുന്നത്. റുമറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ്, ല്യൂപ്പസ്, കുട്ടികള്‍ക്കുള്ള ആര്‍ത്രൈറ്റിസ്, മറ്റ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കും മരുന്ന് ഉപയോഗിക്കാമെന്ന്യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യമാസങ്ങളില്‍ ആന്‍റിബയോട്ടിക് അസിത്രോമൈസിനുമായി സംയോജിപ്പിച്ചാല്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. കൊറോണ വൈറസിനെതിരെ മരുന്ന് ഫലപ്രദമാണെന്നും താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ട്രംപ് മരുന്ന് ഉപയോഗത്തെ പ്രോല്‍സാഹിപ്പിച്ചിരുന്നു. എന്നാല്‍ വലിയ വിഭാഗം പഠനങ്ങളും കൊവിഡ് ചികില്‍സയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിനിനെതിരായിരുന്നു. എഫ്‌ഡിഎ മരുന്ന് അംഗീകരിച്ചിട്ടില്ലെങ്കിലും സാധ്യമായ ചികില്‍സയായി കണ്ട് യുഎസ് സര്‍ക്കാര്‍ മരുന്നിനായി ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details