ടെഹ്‌റാന്‍ : ഹമാസ് നേതാവ് ഇസ്‌മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ച് വധിച്ചതിന് തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കി ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി. കുറ്റവാളിഖളും ഭീകരരുമായ സയണിസ്റ്റ് ഭരണകൂടം സ്വയം ശിക്ഷിക്കാന്‍ നിലമൊരുക്കുകയാണ് ഈ കൊലപാതകത്തിലൂടെ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്‍റെ ചോരയ്ക്ക് പകരം ചോദിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍നയിലൂടെ നടത്തിയ പ്രസ്‌താവനയിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ വാക്കുകള്‍.
ഹമാസ് തലവന്‍ ഇസ്‌മയിൽ ഹനിയ ടെഹ്‌റാനിൽ വച്ചാണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ ഹനിയയുടെ വസതിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍റെ അർധ സൈനിക റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇസ്രയേലാണ് ആക്രമിച്ചതെന്നാണ് ഹമാസ് ആരോപണം. അതേസമയം സംഭവത്തില്‍ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിലെത്തിയതായിരുന്നു ഹനിയ. ആക്രമണത്തില്‍ ഹനിയയുടെ അംഗ രക്ഷകനും കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്‍റെ സെപാഹ് വാർത്ത വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തു. ആക്രമണത്തില്‍ വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.
ജൂണിൽ വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹനിയയുടെ കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അതിനുമുമ്പ് ഏപ്രിലിൽ നടന്ന ഇസ്രയേലി വ്യോമാക്രമണത്തിൽ ഹനിയയുടെ മൂന്ന് ആൺമക്കളും കൊല്ലപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഹമാസിനും ഇസ്രയേലിനും ഇടയില്‍ താത്‌കാലിക വെടിനിർത്തലും ബന്ദിമോചന കരാറിനും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ശ്രമിക്കുന്നതിനിടെയാണ് ഹമാസ് തലവന്‍റെ കൊലപാതകം. ഇസ്രയേൽ, ഖത്തർ, ഈജിപ്ഷ്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്താൻ സിഐഎ ഡയറക്‌ടർ ബിൽ ബേൺസ് ഞായറാഴ്‌ച റോമിലെത്തിയിരുന്നു.
ഒക്‌ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ആരംഭിച്ച യുദ്ധത്തിൽ ഇതിനോടകം 39,360ലധികം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 90,900ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും നാട്ടുകാരാണ്.
ആക്രമണങ്ങളെ അപലപിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കാമ്പയിന്‍ നടന്നിരുന്നു. ഇന്‍സ്റ്റയില്‍ കൊടുങ്കാറ്റ് തന്നെ സൃഷ്‌ടിച്ച് 'ഓള്‍ ഐസ് ഓണ്‍ റഫ' എന്ന ചിത്രത്തിലൂടെ ആയിരുന്നു ആ കാമ്പയിന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് 440 ലക്ഷം പേരാണ് ചിത്രം സ്‌റ്റോറിയായി പങ്കുവച്ചത്. ഗാസയിലെ പലസ്‌തീന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ചിത്രം പ്രചരിച്ച് തുടങ്ങിയത്.
വിശാലമായൊരു മരുഭൂമിയാണ് ചിത്രത്തിലുള്ളത്. ഇതില്‍ കുത്തുകള്‍ പോലെ ചെറിയ ചെറിയ കുടിലുകള്‍ കാണാം. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന നൂറ് കണക്കിന് പലസ്‌തീനികളെയാണ് ചിത്രം പ്രതിനിധീകരിക്കുന്നത്. ഇസ്രയേല്‍ ഹമാസിന് നേരെ നടത്തുന്ന സൈനിക നടപടികള്‍ക്കിടെയാണ് ഇവര്‍ ഈ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.
പ്രശസ്‌തരായ പലരും ചിത്രം പങ്കിട്ടിരുന്നു. ചിലിയന്‍-അമേരിക്കന്‍ താരം പെഡ്രോ പാസ്‌കല്‍, സൂപ്പര്‍ മോഡലുകളായ ബെല്ല-ജിഗി ഹദീദ്, ഫ്രഞ്ച് ഫുട്‌ബോള്‍ താരം ഉസ്‌മാന്‍ ഡെമ്പിള്‍ തുടങ്ങിയവര്‍ അവരുടെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ ചിത്രം പങ്കിട്ടിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളും ചിത്രം പങ്കിട്ടു. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കരീന കപൂര്‍, സോനം കപൂര്‍, സാമന്ത റൂത്ത് പ്രഭു, വരുണ്‍ ധവാന്‍, ഹിന ഖാന്‍, കങ്കണ സെന്‍ ശര്‍മ്മ, ആറ്റ്ലി, ദുല്‍ഖര്‍ സല്‍മാന്‍, വിര്‍ദാസ്, ദിയ മിര്‍സ, തൃപ്‌തി ദിമ്രി, ശില്‍പ റാവു, ഭൂമി പെഡ്നെക്കര്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരും ചിത്രം പങ്കിട്ടവരുടെ കൂട്ടത്തിലുണ്ട്.