പാരിസ്: ഒരുപാട് സംരക്ഷണ ഉപകരണങ്ങളും ധരിച്ചാണ് എല്ലാ താരങ്ങളും ഷൂട്ടിങ് മത്സരത്തിന് ഇറങ്ങാറുള്ളത്. കാഴ്‌ചയിലെ മങ്ങല്‍ ഒഴിവാക്കാൻ പ്രത്യേക കണ്ണടയും അനാവശ്യ ശബ്‌ദങ്ങളുടെ അലോസരത മാറ്റാനായി ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം തന്നെ മത്സരത്തിന് എത്തുമ്പോള്‍ താരങ്ങള്‍ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍, ഇവയൊന്നുമില്ലാതെ തന്നെ വന്ന് പാരിസ് ഒളിമ്പിക്‌സിലെ ഷൂട്ടിങ് മത്സരത്തില്‍ വെള്ളി മെഡല്‍ വെടിവച്ചിട്ടിരിക്കുകയാണ് ഒരു 51കാരൻ.
തുര്‍ക്കിയുടെ യൂസുഫ് ഡിക്കെച്ചാണ് സ്വന്തം സ്വാഗ് കൊണ്ട് സോഷ്യല്‍ മീഡിയില്‍ ആരാധകരെ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. പാരിസ് ഒളിമ്പിക്‌സിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലായിരുന്നു യൂസുഫ് മത്സരിക്കാനെത്തിയത്. സവ്വാല്‍ ലായ്‌ഡ ടര്‍ഹാനായിരുന്നു മത്സരത്തില്‍ യൂസുഫിന്‍റെ സഹതാരം.
സാധാരണ ഒരു കണ്ണടയും ഇയര്‍ പ്ലഗ്ഗും മാത്രമായിരുന്നു മത്സരത്തിനെത്തിയപ്പോള്‍ യൂസുഫ് ഉപയോഗിച്ചിരുന്നത്. ജാക്കറ്റില്ലാതെ സാധാരണ ഒരു ടീഷര്‍ട്ട് മാത്രം ധരിച്ചായിരുന്നു 51കാരൻ മത്സരത്തിനെത്തിയതും. കരിയറില്‍ താരത്തിന്‍റെ അഞ്ചാമത്തെ ഒളിമ്പിക്‌സ് കൂടിയായിരുന്നു ഇത്.
2008ല്‍ ബീജിങ് ഒളിമ്പിക്‌സില്‍ ആയിരുന്നു യൂസുഫ് ഡിക്കെച്ച് ആദ്യമായി മത്സരിക്കാനിറങ്ങിയത്. എന്നാല്‍, ആദ്യ മെഡലിനായി പാരിസ് ഒളിമ്പിക്‌സ് വരെയാണ് താരത്തിന് കാത്തിരിക്കേണ്ടി വന്നത്.