കേരളത്തില്‍ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യത; ചികിത്സയ്‌ക്ക് വന്നത് ഒന്നര ലക്ഷം പേർ മാത്രമെന്ന് ആരോഗ്യ മന്ത്രി - 9 LAKH PEOPLE AT RISK OF CANCER
ഇന്ത്യയിൽ സ്‌തനാർബുദത്തിന്‍റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
![കേരളത്തില്‍ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യത; ചികിത്സയ്‌ക്ക് വന്നത് ഒന്നര ലക്ഷം പേർ മാത്രമെന്ന് ആരോഗ്യ മന്ത്രി RISK OF CANCER IN KERALA BREAST CANCER HIGH RISK IN KERALA KERALA HEALTH DEPARTMENT CANCER AWARENESS IN KERALA](https://etvbharatimages.akamaized.net/etvbharat/prod-images/29-01-2025/1200-675-23428956-thumbnail-16x9-cancer.jpg?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 29, 2025, 5:29 PM IST
തിരുവനന്തപുരം: രണ്ടു വർഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളിൽ നടത്തിയ സർവേയിൽ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌തനാർബുദ സാധ്യത തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണമെന്ന അവബോധം വളർത്തുന്നതിനായി എഴുത്തുകാരിയും പൊതുപ്രവർത്തകയുമായ നിഷാ ജോസ് കെ.മാണി രാജ്യത്തുടനീളം നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് വഴുതയ്ക്കാട് ഗവ. വിമൻസ് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ സ്‌തനാര്‍ബുദ സാധ്യത കൂടുതല്‍
ഇന്ത്യയിൽ സ്‌തനാർബുദത്തിന്‍റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ജലദോഷം വന്നാൽ പോലും പെട്ടെന്ന് ഡോക്‌ടറെ കാണുന്ന മലയാളികൾ കാൻസറാണെന്ന് സംശയം തോന്നിയാൽ പോലും ഡോക്‌ടറെ കാണാൻ മടിക്കുന്നു. ഭയമാണ് കാരണം. നാൽപ്പത് വയസിന് മുകളിലാണ് സ്‌തനാർബുദ സാധ്യതയുള്ളത്.
ലോകാരോഗ്യ സംഘടന 30 വയസിന് മുകളിലുള്ളവർ സ്‌തനാർബുദ സാധ്യത പരിശോധിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ രണ്ട് സ്‌തനാർബുദ രോഗികൾ ഉണ്ടെങ്കിൽ ഒരാൾ മരിക്കുന്നു. രോഗം തുടക്കത്തിൽ കണ്ടെത്തിയാൽ തീർച്ചയായും രക്ഷപ്പെടും. ഗുണമേന്മയും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കണമെങ്കിൽ രോഗം എത്രയും വേഗം കണ്ടെത്തണം.
നിഷാ ജോസ് കെ. മാണി ഏറ്റെടുത്തിരിക്കുന്ന യാത്ര സഹജീവികൾക്കുള്ളതാണ്. ഓരോരുത്തരിലും ഇത് എത്തിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭർത്യപിതാവ് കെഎം മാണി ഉപയോഗിച്ചിരുന്ന കാറിലാണ് നിഷയുടെ യാത്ര.
2013 ൽ മുടിമുറിച്ച് കാൻസർ രോഗ ബാധിതർക്ക് വിഗ്ഗുണ്ടാക്കാൻ നൽകിയതു മുതലാണ് താൻ കാൻസർ ബാധിതരുമായി അടുത്ത് ഇടപഴുകിയതെന്ന് നിഷാ ജോസ് കെ. മാണി പറഞ്ഞു. ഇതിൽ നിന്നാണ് സ്‌തനാർബുദ പരിശോധന എന്ന ആശയം തനിക്ക് ലഭിച്ചത്.
എല്ലാവരുടെയും പിന്തുണയുടെ ഫലമായി നിസാരമായി തനിക്ക് രോഗത്തെ അതിജീവിക്കാൻ കഴിഞ്ഞു. ഒരു വർഷമെടുത്ത് രാജ്യത്തെ നദികളിലൂടെ നടത്തിയ തുഴച്ചിൽ അവസാനിച്ചപ്പോഴാണ് തനിക്ക് രോഗം പിടിപ്പെട്ടത്. ഇനിയുള്ള ജീവിതം കാൻസറിനെതിരെയുള്ള ബോധവൽക്കരണ തുഴച്ചിലാണെന്ന് തിരിച്ചറിഞ്ഞു.
"ഓപ്പോളിനൊപ്പമാണ് ഈ യാത്ര. ഞാനാകുന്ന നദി സമുദ്രത്തിലെത്തുന്നത് വരെ ബോധവൽക്കരണ യാത്ര തുടരും" എന്നും നിഷ പറഞ്ഞു. ചടങ്ങിൽ വിദ്യാർഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Read Also: വിദ്യാർഥികളേ... വരൂ സംരംഭകരാകാം; ജെൻ - Z നായി കുടുംബശ്രീയുടെ കെ ബിസിനസ്