പത്തനംതിട്ട: വയോധികയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം മാല കവർന്ന സ്‌ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. കൊടുമൺ ചന്ദനപ്പള്ളി സ്വദേശി ഉഷ (37)യാണ് വിദഗ്‌ധമായ ആസൂത്രണത്തിലൂടെ മാല കവർന്നത്.
പുലർച്ചെ ഏഴരയ്‌ക്കാണ് ചന്ദനപ്പള്ളി പെരുമല വീട്ടിൽ മുൻ അധ്യാപിക മറിയാമ്മ സേവ്യറി (84)ൻ്റെ മൂന്നര പവൻ വരുന്ന മാല മോഷ്‌ടിക്കപ്പെട്ടത്. വീടിൻ്റെ അടുക്കള ഭാഗത്ത് എത്തിയശേഷം പരിചിത ഭാവത്തിൽ വയോധികയെ വിളിക്കുകയും, പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ തലയിൽ തുണിയിട്ട് മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ഇതിനിടെ മറിയാമ്മയെ കഴുത്തിന് തള്ളി താഴെയിടുകയും ചെയ്‌തു.
പ്രായാധിക്യം കാരണം കാഴ്‌ചയ്‌ക്ക് തകരാറുള്ള വ്യക്തിയാണ് മറിയാമ്മ. മോഷണം നടക്കുമ്പോള്‍ ഭർത്താവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മോഷണത്തെപ്പറ്റി അദ്ദേഹം അറിഞ്ഞതുമില്ല. അതേസമയം പൊട്ടിച്ചെടുത്ത മാലയുമായി ഉഷ ഉടനെ തന്നെ രക്ഷപ്പെട്ടുകയും ചെയ്‌തു. മറിയാമ്മയുടെ കരച്ചിലും ബഹളവും കേട്ടാണ് ആളുകൾ വിവരം അറിയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോഷ്‌ടാവ് മറിയാമ്മയുടെ വീട്ടിലേക്ക് കയറി പോകുന്നത് സമീപവാസിയായ ബന്ധു കണ്ടിരുന്നു. ഇതാണ് ഉഷയെ സംശയിക്കാൻ കാരണമായത്. ഉഷ നേരത്തെ മറിയാമ്മയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. ഇത് കാരണം വീടിനെപ്പറ്റി വ്യക്തമായ ധാരണയുള്ള വ്യക്തികൂടിയാണ് ഉഷ.
ഉടനെ കൊടുമൺ പൊലിസിൽ വിവരം അറിയിച്ചതിനെതുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ പൊലീസ് സംഘം ഉഷയുടെ വീട്ടിലെത്തി മാല കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്‌തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, തുടർനടപടികൾ പൊലീസ് കൈക്കൊള്ളുകയും ചെയ്‌തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.