ബണ്ട്വാൾ (കര്‍ണാടക): ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന കര്‍ണാടകയിലെ ബിസിനസുകാരന്‍റെ വീട്ടിൽ റെയ്‌ഡ് നടത്തി 30 ലക്ഷം രൂപയോളം കവർന്ന കേസില്‍ മലയാളി പൊലീസുകാരനടക്കം നാല് പേര്‍ പിടിയില്‍. കൊടങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷഫീർ ബാബു (48), ബിസിനസുകാന്‍റെ വീടിനെക്കുറിച്ച് വിവരം നൽകിയ കോൾനാട് സ്വദേശി സിറാജുദ്ദീൻ (37), ബണ്ട്വാൾ സ്വദേശി മുഹമ്മദ് ഇഖ്ബാൽ (38), മംഗലാപുരം സ്വദേശി മുഹമ്മദ് അൻസാർ (27) എന്നിവരെയാണ് വിറ്റ്‌ല പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.
കേസില്‍ കൊല്ലം സ്വദേശികളായ അനിൽ ഫെർണാണ്ടസ് (49), സച്ചിൻ ടി.എസ് (29), ഷാബിൻ എസ് (27) എന്നിവരെ അന്വേഷണ സംഘം നേരത്തേ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കവർച്ചയുടെ മുഖ്യസൂത്രധാരൻ എഎസ്ഐ ഷഫീർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തൃശൂർ ജില്ലാ എസ്‌പിയുടെ അനുമതിയോടെ ശനിയാഴ്‌ച പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്നാണ് ഷഫീർ ബാബുവിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായവരെ വിട്ട്ല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. വീടിനെക്കുറിച്ച് വിവരം നൽകിയ കോൾനാട് സ്വദേശിയായ സിറാജുദ്ദീനെ ചോദ്യം ചെയ്‌തപ്പോഴാണ് ഷഫീര്‍ അടക്കമുള്ളവരുടെ വിവരം ലഭിച്ചത്.
കഴിഞ്ഞ ജനുവരി മൂന്നിന് രാത്രിയാണ് ബണ്ട്വാൾ താലൂക്കിലെ വിട്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോൾനാടിനടുത്തുള്ള ബൊലന്തൂർ നർഷയിലെ സിംഗാരി ബീഡി കമ്പനി ഉടമ എം. സുലൈമാന്റെ വീട്ടിൽ ആറു പേരടങ്ങുന്ന സംഘം എത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിൽ എത്തിയ സംഘം ഇ.ഡി. ഉദ്യോഗസ്ഥരാണ് എന്നാണ് സുലൈമാനോട് പറഞ്ഞത്. ഏകദേശം രണ്ടര മണിക്കൂറോളം സംഘം വീട്ടില്‍ പരിശോധന നടത്തി. വീട്ടിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപ കൊള്ളയടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
Also Read : ചാലക്കുടി ബാങ്ക് കൊള്ള; പ്രതി പിടിയിലെന്ന് പൊലീസ് - CHALAKUDY BANK ROBBERY ARREST