ഗിരീഷ് പുത്തഞ്ചേരി... നല്ല വരികളുടെ വസന്തകാലം സമ്മാനിച്ച എഴുത്തുകാരന്‍ - ഗിരീഷ് പുത്തഞ്ചേരി സിനിമകള്‍
മുന്നൂറിലേറെ ചിത്രങ്ങളിലായി 1599ലേറെ ഗാനങ്ങൾ രചിച്ചു. എഴ് തവണ സംസ്ഥാന സർക്കാരിന്‍റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് ഗിരീഷ് പുത്തഞ്ചേരി കരസ്ഥമാക്കി

'ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഞാൻ പ്രണയ ലേഖനം എഴുതിയിട്ടുണ്ട്... ആദ്യത്തെയും അവസാനത്തെയും...അവളെ എനിക്ക് ഇഷ്ടമായിരുന്നു... അവൾക്ക് വേണ്ടിയാണ് ഞാനിപ്പോഴും പാട്ടുകളെഴുതുന്നത്....'- ഗിരീഷ് പുത്തഞ്ചേരി
അയാള്‍ കുറിച്ചിട്ട വരികളിൽ പ്രണയമുണ്ടെന്ന് മാത്രമല്ല ആ വരികൾ മറ്റൊരാളെ പ്രണയത്തിലേക്ക് കൈപിടിച്ച് നടത്തുകയും ചെയ്യുന്നു.... ഒരാളോടുള്ള ഇഷ്ടം അത്രയും ആഴത്തിൽ ഒരു നന്മയായി ഉള്ളില്‍ നിറഞ്ഞിരിക്കുമ്പോൾ അയാളെഴുതിയ വരികള്‍ക്ക് എങ്ങന ഇത്ര മനോഹാരിത വരാതിരിക്കും... അയാൾ പ്രണയത്തെ വർണിച്ചതും കാത്തിരിപ്പിനെ കുറിച്ചെഴുതിയതും വിരഹത്തെ അടയാളപ്പെടുത്തിയതും നഷ്ടങ്ങളെ ഓർത്തതുമെല്ലാം അയാളുടെ അനുഭവങ്ങൾ കൊണ്ടുതന്നെയാകാം.... പ്രണയത്തിന്‍റെ എല്ലാ ഭാവങ്ങളും അതിന്‍റെ സൗന്ദര്യമൊട്ടും നഷ്ടപ്പെടാതെ വരികളാക്കി കുറിച്ചുവെയ്ക്കാൻ ഗിരീഷ് പുത്തഞ്ചേരിയോളം മറ്റൊരാള്‍ക്കും മലയാള സിനിമ ഗാനശാഖയില്‍ സാധിച്ചിട്ടില്ലെന്നും നിസംശയം പറയാം... വരികൾക്കെന്നപോലെ അയാളുടെ പ്രണയത്തിനും അത്രയും ആഴവും മനോഹാരിതയും ഉണ്ടായിരുന്നിരിക്കണം... അതാകണം കാലമെത്ര ഓടിമറഞ്ഞിട്ടും അയാളുടെ വരികളിലെ പ്രണയഭാവത്തിന് ഒരു മാറ്റവും സംഭവിക്കാത്തത്. ഉള്ളിൽ കവിതയുള്ളൊരാൾക്ക് മാത്രമേ ഇത്ര മനോഹരമായി വരികൾ എഴുതാൻ കഴുയുകയുള്ളുവെന്നാണ് ഒരിക്കൽ ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് എം.ടി പറഞ്ഞത്....

'ഒരു രാത്രികൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്‍റെ തൂവലാണു നീ....'
മലയാള സിനിമയിൽ ഇതുവരെ കേട്ടതിൽ ഇത്രയും ആസ്വാദകനെ പിടിച്ചിരുത്തുന്ന വരികള്‍ വേറെയുണ്ടാവില്ല.... 11 വര്‍ഷമായിരിക്കുന്നു ഗിരീഷ് പുത്തഞ്ചേരിയെന്ന വിസ്മയം ഈ ലോകത്ത് നിന്ന് മറഞ്ഞിട്ട്.... മലയാള സംഗീത ലോകത്തിന് എന്നും കാതിന് വിരുന്നായി ഓടിയെത്തുന്ന ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചവരില്‍ പ്രധാനിയാണ് ഗിരീഷ് പുത്തഞ്ചേരി. പരേതരായ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 മെയ് 1ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള പുത്തഞ്ചേരിയിൽ ജനനം. പുത്തഞ്ചേരി സർക്കാർ എൽ.പി സ്കൂൾ, മൊടക്കല്ലൂർ എ.യു.പി സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ, ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ടാണ് അദ്ദേഹത്തിന്‍റെ തുടക്കം. കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 1989ൽ യു.വി രവീന്ദ്രനാഥ് സംവിധാനം ചെയ്‌ത 'എന്‍ക്വയറി' എന്ന ചിത്രത്തിലേക്ക് ഗാനങ്ങൾ എഴുതിയാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് വരുന്നത്. മുന്നൂറിലേറെ ചിത്രങ്ങളിലായി 1599ലേറെ ഗാനങ്ങൾ രചിച്ചു. ഏഴ് തവണ സംസ്ഥാന സർക്കാരിന്‍റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് അദ്ദേഹം കരസ്ഥമാക്കി. മേലേ പറമ്പിൽ ആൺവീട്, ഇക്കരെയാണെന്‍റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോ വിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രങ്ങള്‍ക്ക് കഥയും വടക്കുനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം, ബ്രഹ്മരക്ഷസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. അവസാന കാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പൊലീസ് എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.

മാന്ത്രികത ഒളിപ്പിച്ച വിരല്‍ത്തുമ്പുകളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടേത്. സന്ദര്‍ഭത്തിനനുസരിച്ച്... ഈണങ്ങള്‍ക്കനുസരിച്ച് വാക്കുകള്‍ കൂട്ടി ചേര്‍ക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു ഈ എഴുത്തുകാരന്... 'ഹാപ്പി ഹസ്ബന്‍റ്സ്' വരെയുള്ള പുത്തഞ്ചേരി യുഗം ഇമ്പമാര്‍ന്ന ഗാനങ്ങളാല്‍ സമ്പന്നമായിരുന്നു. അക്ഷരങ്ങള്‍ ഒരിക്കലും ആ തൂലികയ്ക്ക് ഒരു പ്രതിബന്ധമായില്ല. ഗിരീഷിന്‍റെ വരികള്‍ രവീന്ദ്ര സംഗീതത്താല്‍ ഉണര്‍ന്ന് ഗാനഗന്ധര്‍വന്‍റെ നാദത്തിലൂടെ പുറത്തേക്ക് വന്നപ്പോള്‍ അവയ്ക്ക് അനിര്‍വചനീയമായ ചാരുത കൈവന്നിരുന്നു. ഹരി മുരളീരവം, ഗംഗേ, മൂവന്തിത്താഴ്‌വരയില്‍, മനസിന്‍ മണിച്ചിമിഴില്‍, ശോകമൂകമായ് തുടങ്ങിയ ഗാനങ്ങള്‍ സംഗീത പ്രേമികളുടെ ആസ്വാദനത്തെ സവിശേഷമായ ഉന്നതിയിലേക്ക് നയിച്ചവയാണ്... മഴയും പ്രാവും നിലാവും തെന്നലും രാത്രിയും ഗിരീഷിന്‍റെ ഗാനങ്ങളിലെ നിത്യ സന്ദര്‍ശകരായിരുന്നു. പ്രണയവും വിരഹവും കൊഞ്ചലും അതിന്‍റെ തീവ്രതയില്‍ തന്നെ ആ വരികളിലൂടെ ഗാനാസ്വാദകരെ അനുഭവിപ്പിച്ചു. ഈ വികാരങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ അനുഭവിക്കുന്ന ഓരോ നിമിഷവും മലയാളികള്‍ അവരറിയാതെ ചുണ്ടില്‍ വിരിഞ്ഞത് ഈ വരികളായിരുന്നു. അങ്ങനെ മൂളാന്‍ പ്രേരിപ്പിക്കുന്ന ഏതോ മാസ്മരികത വരികളിലെവിടെയൊക്കെയോ ഒളിപ്പിക്കാന്‍ പുത്തഞ്ചേരിക്ക് കഴിഞ്ഞിരുന്നു. 'ചൈതന്യ സ്വരൂപങ്ങളായ ജീവിതങ്ങൾ എളുപ്പം സമയതീരങ്ങൾ കടന്നുപോകും...' അക്ഷരങ്ങളുടെ നിത്യകാമുകന്.... പ്രണാമം....