ജയ്‌പൂർ: രാജസ്ഥാനിലെ എംഎൽഎമാരുടെ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൂന്ന് പേരിൽ നിന്ന് 1.25 കോടി രൂപ പൊലീസ് പിടികൂടി. എസ്‌ഒജിക്ക് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് രണ്ട് കാറുകളിൽ നിന്ന് പണം പിടികൂടിയത്. എസ്‌പി സിഐഡി (ക്രൈംബ്രാഞ്ച്) വികാസ് ശർമയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള കുതിരക്കച്ചവട ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഉദയ്‌പൂരിൽ നിന്നാണ് അനധികൃതമായി പണം കടത്താൻ ശ്രമിച്ചതെന്നും മൂന്ന് പേരെയും ചോദ്യം ചെയ്‌തുവരികയാണെന്നും വികാസ് ശർമ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എടുത്ത പണമാണിതെന്ന് കണ്ടെത്തി. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ആദായനികുതി വകുപ്പിന് കൈമാറി.
എംഎൽഎമാരുടെ കുതിരക്കച്ചവടത്തെക്കുറിച്ച് ചോർന്ന ഫോൺ സംഭാഷണത്തിൽ പരാമർശിക്കപ്പെട്ട സഞ്ജയ് ശർമയെ കഴിഞ്ഞയാഴ്‌ച എസ്‌ഒജി അറസ്റ്റ് ചെയ്‌തിരുന്നു. സഞ്ജയ് ശർമ, ഗജേന്ദ്ര സിംഗ് എന്നിവരുമായി സംസാരിക്കുന്ന വിമത കോൺഗ്രസ് എംഎൽഎ ഭൻവർലാർ ശർമയെ കണ്ടെത്താനായിട്ടില്ലെന്ന് എസ്‌ഒജി പറഞ്ഞു. ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ചർച്ച ചെയ്‌തതായി ആരോപിക്കപ്പെടുന്ന ഭൻവർലാൽ ശർമ, ഗജേന്ദ്ര സിംഗ്, സഞ്ജയ് ജെയിൻ എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി പരാതി നൽകിയിരുന്നു. രാജസ്ഥാനിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസ് രണ്ട് സ്ഥാനാർഥികളെ നിർത്തി. രണ്ട് ബിജെപി സ്ഥാനാർഥികൾ നാമനിർദേശം നൽകി.