കണ്ണൂര്‍: ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിന് പിന്നാലെ ആറളത്ത് ജനരോഷം ആളിക്കത്തുന്നു. മരിച്ച ദമ്പതികളുടെ മൃതദേഹം പ്രദേശവാസികള്‍ തടഞ്ഞുവെച്ചു. മൃതദേഹം നീക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാര്‍ തടഞ്ഞു.
'ആനയെ പേടിച്ച് ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല; ആദിവാസികൾക്ക് ഒരു സംരക്ഷണവുമില്ല. എങ്ങനെയാണ് ഞങ്ങൾ ജീവിക്കേണ്ടത്? ആനയ്ക്ക് മതിലായിട്ടാണോ ഞങ്ങളെ നിർത്തിയിരിക്കുന്നത്?' പ്രതിഷേധക്കാര്‍ ചോദിക്കുന്നു. ജില്ലാ ഭരണാധികാരികൾ പ്രദേശത്ത് എത്തിയാൽ മാത്രമേ ആംബുലൻസ് വിട്ടുനൽകൂ എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ 24 ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ച സംഭവം സങ്കടകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല എന്നും ആന മതിൽ നിർമ്മാണം നീണ്ടു പോയതടക്കമുള്ള കാര്യങ്ങൾ വന്യമൃഗ ശല്യത്തിന് കാരണമായി എന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇക്കാര്യങ്ങൾ പരിശോധിച്ച് ജില്ലാ കലക്‌ടർ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി അറിയിച്ചു.വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ നാളെ കണ്ണൂരിൽ സർവ്വകക്ഷി യോഗം ചേരും.
വയനാട്ടിലേതു പോലെ ഒരു ആക്ഷൻ പ്ലാൻ ആറളത്ത് നടപ്പാക്കും. വേണ്ടപ്പെട്ടവർ നഷ്‌ടപ്പെടുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. ആറളം ഫാമിന്‍റെ സവിശേഷത മനസിലാക്കി ജനം ജാഗ്രത പുലർത്തണമെന്നും നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ആറളം പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇന്ന് (23-02-2024) വൈകുന്നേരത്തോടെയാണ് സംഭവം. കശുവണ്ടി ശേഖരിക്കുന്നതിനായി പോയതായിരുന്നു ഇരുവരും. ദമ്പതികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.